Quantcast

റോ ഏജന്‍റായി സീമ ഹൈദര്‍ സിനിമയിലേക്ക്; ഓഡിഷന്‍ കഴിഞ്ഞു

സുഹൃത്ത് സച്ചിന്‍ മീണയെ വിവാഹം കഴിച്ച് നോയിഡയിലാണ് സീമയും മക്കളും താമസിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 Aug 2023 11:39 AM IST

Seema Haider
X

സീമ ഹൈദറും സച്ചിന്‍ മീണയും

നോയിഡ: പബ്ജി കളിക്കിടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ സീമ ഹൈദറിന്‍റെ കഥ ഒരു സിനിമയെ വെല്ലുന്നതാണ്. സുഹൃത്ത് സച്ചിന്‍ മീണയെ വിവാഹം കഴിച്ച് നോയിഡയിലാണ് സീമയും മക്കളും താമസിക്കുന്നത്. ഇപ്പോഴിതാ സീമ സിനിമയിലേക്ക് ചുവടു വയ്ക്കുകയാണ്. സീമയുടെ ജീവിത കഥ സിനിമയാവുകയല്ല, ഉദയ്‌പൂരിലെ തുന്നല്‍ക്കാരന്‍ കനയ്യ ലാലിന്‍റെ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കുന്ന 'എ ടെയിലര്‍ മർഡർ സ്‌റ്റോറി' എന്ന ചിത്രത്തിലാണ് സീമ അഭിനയിക്കുന്നത്.

ചിത്രത്തില്‍ ഒരു റോ ഏജന്‍റിന്‍റെ വേഷത്തിലാണ് സീമയെത്തുക. ജാനി ഫയർഫോക്‌സിന്‍റെ സംഘം ബുധനാഴ്ച ഗ്രേറ്റർ നോയിഡയിൽ വെച്ച് സീമയുമായി കൂടിക്കാഴ്ച നടത്തി. സംവിധായകരായ ജയന്ത് സിൻഹയും ഭരത് സിംഗും സിനിമക്കു വേണ്ടി ഓഡിഷന്‍ നടത്തി. സീമയെ നിര്‍മാതാവ് അമി ജാനി കാവി ഷാള്‍ അണിയിച്ചു. സീമ ഹൈദറും പ്രൊഡക്ഷൻ ഹൗസും നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.ഐഎസ്‌ഐ ഏജന്‍റാണെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് സീമയെയും ഭർത്താവ് സച്ചിനെയും യുപി എടിഎസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. റബുപുരയില്‍ നിന്നും നോയിഡയിലെ പുതിയ വീട്ടിലേക്ക് ഈയിടെയാണ് സീമയും സച്ചിനും മാറിയത്. കുടുംബം പുലര്‍ത്താന്‍ ഇരുവരും ബുദ്ധിമുട്ടുകയാണെന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും ക്ഷാമം നേരിടുന്നതിനാൽ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണെന്ന് ദമ്പതികൾ പറഞ്ഞിരുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സീമ പറഞ്ഞിരുന്നു. സീമയെ തന്നോടൊപ്പം താമസിക്കാൻ അനുവദിക്കണമെന്ന് സച്ചിൻ മീണയും സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ചാണ് സീമയും സച്ചിനും ആദ്യമായി കണ്ടുമുട്ടുന്നത്.അവിടെ വച്ച രഹസ്യമായി വിവാഹം ചെയ്യുകയും ചെയ്തു. പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയ സീമ അവിടെയുണ്ടായിരുന്ന സ്ഥലം വിറ്റ് 12 ലക്ഷം രൂപ സ്വരൂപിക്കുകയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. മേയ് മാസത്തിലാണ് നാലു മക്കളുമായി സീമ ഡല്‍ഹിയിലെത്തിയത്. പലചരക്കുകടക്കാരനാണ് 23 കാരനായ സച്ചിന്‍. നോയിഡ രാബുപുരയില്‍ ദമ്പതിമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്താണ് ഇരുവരും കഴിയുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയമപരമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച് അഭിഭാഷകനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ജൂലൈ 4നാണ് സീമയെ അറസ്റ്റ് ചെയ്തത്. യുവതിക്ക് അഭയം നല്‍കിയതിന് സച്ചിനും പിടിയിലായി. പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

TAGS :

Next Story