Quantcast

''അവർക്ക് മാലയല്ല, തൂക്കുകയറാണ് നൽകേണ്ടത്''; ബിൽകീസ് ബാനു കേസിൽ വിമർശനം കടുപ്പിച്ച് മുതിർന്ന ഐ.എ.എസ് ഓഫീസർ; വിവാദം

ബിൽകീസ് ബാനു കേസിലെ വാർത്തകൾ വായിച്ച് വിശ്വസിക്കാനാകാതെ ഇരിക്കുകയാണെന്നാണ് സ്മിത സബർവാൾ ആദ്യം ട്വീറ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    25 Aug 2022 11:00 AM GMT

അവർക്ക് മാലയല്ല, തൂക്കുകയറാണ് നൽകേണ്ടത്; ബിൽകീസ് ബാനു കേസിൽ വിമർശനം കടുപ്പിച്ച് മുതിർന്ന ഐ.എ.എസ് ഓഫീസർ; വിവാദം
X

ഹൈദരാബാദ്: ബിൽകീസ് ബാനു ബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ച നടപടിയിൽ കടുത്ത വിമർശനം തുടർന്ന് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥയും തെലങ്കാന മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ സ്മിത സബർവാൾ. ഗുജറാത്ത് സർക്കാർ നടപടിയെ വിമർശിച്ച് എഴുതിയ ട്വീറ്റ് വിവാദമായതിനു പിന്നാലെയും സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി ഉറച്ചുനിൽക്കുകയാണ് സ്മിത. ബിൽകീസ് ബാനു കേസിലെ 11 പ്രതികളെയും വിട്ടയച്ചതിൽ തെലങ്കാന സർക്കാരും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

ബിൽകീസ് ബാനു കേസിലെ വാർത്തകൾ വായിച്ച് വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് താനെന്നാണ് സ്മിത സബർവാൾ ആദ്യം ട്വീറ്റ് ചെയ്തത്. ''ഭയമില്ലാതെ സ്വതന്ത്രമായി ശ്വസിക്കാനുള്ള അവരുടെ അവകാശം നമുക്ക് ഇല്ലാതാക്കാനാകില്ല. നമ്മളൊരു സ്വതന്ത്ര രാഷ്ട്രമാണെന്ന് നമുക്കിനി സ്വയം പറയാനുമാകില്ല.''-ബിൽകീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനു പിന്നാലെ സ്മിത കുറിച്ചു.

ട്വീറ്റിനെതിരെ വൻവിമർശനമാണ് ഉയർന്നത്. സർവീസിലിരിക്കെ ഇത്തരത്തിൽ രാഷ്ട്രീയപരമായ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നായിരുന്നു പ്രതികരണം. നിയമലംഘനമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ, ബി.ജെ.പി സർക്കാരിനെ വിമർശിക്കാൻ കാണിച്ച ധൈര്യത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.

ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികളെ മാലയിട്ടു സ്വീകരിച്ച വാർത്തയോടും സ്മിത പ്രതികരിച്ചു. അവർക്ക് തൂക്കുകയറാണ്, മാലയല്ല നൽകേണ്ടതെന്ന് സ്മിത സബർവാൾ ട്വീറ്റ് ചെയ്തു. പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കി തങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കണമെന്ന് സുപ്രിംകോടതിയോടും ഭരണഘടനാ സ്ഥാപന തലവന്മാരോടും ആവശ്യപ്പെടുകയാണെന്നും അവർ കുറിച്ചു.

സർവീസ് ചട്ടലംഘനമെന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഇന്ന് വീണ്ടും സ്മിത ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉയർന്ന ധാർമിക നിലവാരം പുലർത്തണമെന്ന സിവിൽ സർവീസ് ചട്ടങ്ങളിലെ ഒന്നാമത്തെ നിർദേശം അവർ പങ്കുവച്ചു. ബിൽകീസ് ബാനു കേസിൽ ഈ അടിസ്ഥാന പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടെന്ന കാര്യം വ്യക്തമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ബിൽകീസ് ബാനു കേസ്

2002ലെ ഗുജറാത്ത് വംശഹത്യയിൽ ഏറെ ശ്രദ്ധ നേടിയ സംഭവമാണ് ബിൽകീസ് ബാനു കേസ്. അന്നു ഗർഭിണിയായ 21കാരി ബിൽകീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ നിഷ്‌കരുണം കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബിൽകീസ് ബാനുവിന്റെ പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു മരിച്ചുവെന്നു കരുതിയാണ് അക്രമിസംഘം സ്ഥലംവിട്ടത്.

കേസിൽ കോടതി ജീവപര്യന്തം തടവിനുശിക്ഷിച്ച 11 പേരെയാണ് ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ വെറുതെവിട്ടത്. ബിൽക്കീസ് ബാനു നടത്തിയ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതി 11 പേരെ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബിൽക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാൽ, 15 വർഷത്തെ ജയിൽവാസത്തിനുശേഷം പ്രതികളിലൊരാൾ ജയിൽമോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. തുടർന്ന് ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചു. സർക്കാർ ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഈ കമ്മിറ്റി ഏകകണ്ഠമായി ശിപാർശ ചെയ്യുകയുമുണ്ടായി. ഈ ശിപാർശ അംഗീകരിച്ചാണ് ഗുജറാത്ത് സർക്കാർ മുഴുവൻ പ്രതികളെയും വിട്ടയയ്ക്കാൻ ഉത്തരവിറക്കിയത്.

Summary: Senior IAS officer and secretary to Telangana Chief Minister K Chandrashekar Rao, Smita Sabharwal demanded justice for Bilkis Bano after the Gujarat government released 11 convicts in the 2002 gang rape and murder case

TAGS :

Next Story