രക്തസാക്ഷിത്വത്തിന് 15 ആണ്ട്; മരണമില്ലാതെ ഷാഹിദ് ആസ്മിയുടെ പോരാട്ടങ്ങൾ
ആസ്മിയുടെ പാത പിന്തുടർന്ന് നൂറുകണക്കിന് ചെറുപ്പക്കാരാണ് ഇന്ന് അഭിഭാഷകരായി നീതിക്ക് വേണ്ടി പോരാടുന്നത്

‘ഞാൻ 100 തവണ മരിച്ചു, മരണം വന്നാൽ ഞാൻ അത് കണ്ണിൽ നോക്കും’ -ജയിലിലടക്കപ്പെട്ട നിരപരാധികൾക്ക് വേണ്ടി പോരാടിയ അഭിഭാഷകൻ ഷാഹിദ് ആസ്മിക്ക് അറിയാമായിരുന്നു മരണം തന്‍റെ പിറകെ തന്നെയുണ്ടെന്ന്. 2010 ഫെബ്രുവരി 11ന് മുംബൈ കുർളയിലെ സ്വന്തം ഓഫിസിൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റായിരുന്നു ഷാഹിദ് ആസ്മിയെന്ന 32കാരന്‍റെ അന്ത്യം. അതുവരെ അയാൾ നടത്തിയ പോരാട്ടങ്ങൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ആ പോരാട്ടങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിരവധി പേരാണ് ഇന്ന് ആസ്മിയുടെ പാത പിന്തുടരുന്നത്.
ഏഴ് വർഷമാണ് ആസ്മി അഭിഭാഷക വേഷമണിഞ്ഞത്. അതിനിടയിൽ നിരവധി സുപ്രധാന കേസുകളിൽ അദ്ദേഹം ഹാജരാകുകയും നിരപരാധികൾക്ക് നീതി ഉറപ്പാക്കുകയും ചെയ്തു. 2002ലെ ഘാട്കോപർ ബസ് ബോംബാക്രമണ കേസ്, 7/ 11ലെ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനം, 2006ലെ ഔറംഗാബാദ് ആയുധ കേസ്, 2006ലെ മാലേഗാവ് സ്ഫോടന കേസ് എന്നിവയെല്ലാം അദ്ദേഹം ഏറ്റെടുത്തവയിൽ ചിലത് മാത്രം. ഏഴു വർഷത്തിനിടെ ഭീകരതാ കുറ്റം ചുമത്തി തടവിലാക്കപ്പെട്ട 17 പേരെ കുറ്റമുക്തരാക്കാൻ ആസ്മിക്ക് സാധിച്ചു.
നൂറുകണക്കിന് യുവാക്കൾ അഭിഭാഷകവൃത്തി ജീവിതമാർഗമായി തെരഞ്ഞെടുക്കാനും നീതിക്കായി പോരാടാനും കാരണക്കാരനായി എന്നതാണ് ആസ്മി രാജ്യത്തിന് നൽകിയ സുപ്രധാന സംഭാവന. ഇളയ സഹോദരനും അഭിഭാഷകനുമായ ഖാലിദ് ആസ്മിയും ജ്യേഷ്ഠന്റെ പാത പിന്തുടരുകയാണ്. ശാഹിദിന്റെ ചില കേസുകൾ ഏറ്റെടുത്തതും ഖാലിദാണ്. ഇതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ ജീവന് നേരെയും പലതവണ ഭീഷണികൾ ഉയർന്നു.
26/11 മുംബൈ ഭീകരാക്രമണക്കേസിൽ തടവിലായിരുന്ന ഫഹീം അൻസാരിക്കുവേണ്ടി ഷാഹിദ് ആസ്മി വാദിച്ചത് ദേശീയ ശ്രദ്ധയാകർഷിച്ച സംഭവമാണ്. പിന്നീട് തെളിവുകളുടെ അഭാവത്താൽ കോടതി അൻസാരിയെ വെറുതെവിട്ടു. പക്ഷെ, അൻസാരി മോചിതനാകുന്നത് കാണാനുള്ള ഭാഗ്യം ആസ്മിക്ക് ഉണ്ടായിരുന്നില്ല. അപ്പോഴേക്കും അദ്ദേഹത്തെ ശത്രുക്കൾ ഇല്ലാതാക്കിയിരുന്നു.
വർഷങ്ങളോളം ജയിലിൽ കഴിച്ചുകൂട്ടിയ വ്യക്തിയാണ് ആസ്മി. 15 വയസ്സുള്ളപ്പോഴാണ് ബാബരി തകർക്കപ്പെട്ട ശേഷമുള്ള കലാപത്തിൽ പങ്കെടുത്തെന്ന് ആരോപിച്ച് ഷാഹിദ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നീട് ടാഡ നിയമം വഴി അറസ്റ്റിലായി. രാജ്യദ്രോഹക്കുറ്റത്തിന് തിഹാർ ജയിലിൽ ഏഴ് വർഷമാണ് കഴിഞ്ഞത്. ഈ ജയിൽവാസമാണ് അദ്ദേഹത്തെ നിരപരാധികൾക്ക് വേണ്ടി പോരാടാൻ സജ്ജനാക്കിയത്. ജയിലിൽ വെച്ച് പഠനം ആരംഭിച്ച ആസ്മി 2003ൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
ആസ്മി മരിച്ച് 15 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്‍റെ പോരാട്ടങ്ങൾ ഇന്നും പ്രസക്തമാണ്. ഭരണകൂടങ്ങൾ വേട്ട തുടരുമ്പോഴും സത്യം തുറന്നുപറയാനും നീതിക്കായി പോരാടാനുമുള്ള ഊർജം പകർന്നേകിക്കൊണ്ടാണ് ആസ്മി വിടവാങ്ങിയത്.
Adjust Story Font
16

