Quantcast

ഐഎസ് 227 ഗ്യാങ്, മോസ്റ്റ് വാണ്ടഡ്; ഷായിസ്ത പർവീണിന്റെ കഥ

മുപ്പത്തിനാലാം വയസ്സിൽ അലഹബാദ് വെസ്റ്റ് എംഎൽഎ ആയിരുന്ന വേളയിലാണ് അതീഖ് അഹ്‌മദ് ഷയിസ്തയെ വിവാഹം കഴിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-19 12:41:09.0

Published:

19 April 2023 12:33 PM GMT

ഐഎസ് 227 ഗ്യാങ്, മോസ്റ്റ് വാണ്ടഡ്; ഷായിസ്ത പർവീണിന്റെ കഥ
X

ഐഎസ് 227 ഗ്യാങ്. അതീഖ് അഹ്‌മദ് എന്ന രാഷ്ട്രീയ-മാഫിയാ നേതാവിന്റെ നെറ്റ്‌വർക്കിനെ കുറിച്ച് അലഹബാദ് പൊലീസ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയ പേരാണിത്. ഐഎസ് എന്നത് ഇന്റര്‍‌സ്റ്റേറ്റ് എന്നതിന്റെ ചുരുക്കരൂപം. ആ സിൻഡിക്കേറ്റില്‍ രേഖപ്പെടുത്തിയ ഒടുവിലത്തെ പേരാണ്, ഇന്ന് യുപി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഷായിസ്ത പർവീണിന്റെത്. ഒരു സാധാരണ പൊലീസ് കോൺസ്റ്റബ്‌ളിന്റെ മകളിൽനിന്ന് അതീഖിന്റെ പങ്കാളിയായി എത്തിയ ശേഷം മാറിമറിഞ്ഞ ജീവിതകഥയാണ് ഷായിസ്തയുടേത്. ഇന്നവർ അതീഖിന്റെ ഭാര്യ മാത്രമല്ല, യുപി പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇടംപിടിച്ച 'ക്രിമിനലു'മാണ്.

മുപ്പത്തിനാലാം വയസ്സിൽ അലഹബാദ് വെസ്റ്റ് എംഎൽഎ ആയിരുന്ന വേളയിലാണ് അതീഖ് അഹ്‌മദ് ഷയിസ്തയെ വിവാഹം കഴിക്കുന്നത്. അതിനു മുമ്പെ, അലഹബാദിലെ (ഇന്നത്തെ പ്രയാഗ് രാജ്) സ്വന്തം ഗല്ലിയിൽ 'ബാഹുബലി' ആയിക്കഴിഞ്ഞിരുന്നു അതീഖ്. 1989 മുതൽ 2002 വരെ തുടർച്ചയായി അഞ്ചു തവണയാണ് ഇദ്ദേഹം അലഹബാദ് വെസ്റ്റിൽനിന്ന് നിയമസഭയിലെത്തിയത്. ആദ്യത്തെ മൂന്ന് തവണ സ്വതന്ത്രനായും ഒരു തവണ എസ്പി ടിക്കറ്റിലും മറ്റൊരു തവണ അപ്‌നാ ദൾ ടിക്കറ്റിലും. 2004ൽ എസ്പി ടിക്കറ്റിൽ ഫുൽപൂർ മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലെത്തി. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മൂന്നു തവണ വിജയിച്ച മണ്ഡലമാണ് ഫുൽപൂർ.


അതീഖ് അഹ്മദ്


ലോക്‌സഭയിലേക്ക് വിജയിച്ചതോടെ ഒഴിവു വന്ന അലഹബാദ് വെസ്റ്റിൽ അതീഖിന്റെ സഹോദരൻ ഖാലിദ് അസീം ആണ് മത്സരിച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ബിഎസ്പിയിലെ രാജു പാലിനോട് അസീം തോറ്റു. 2005ൽ രാജു പാൽ കൊല്ലപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ അസീം വിജയിക്കുകയും ചെയ്തു. കേസിൽ അതീഖ് അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടി.

2019ൽ രാജു പാൽ കൊലപാതക്കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടു പോയ കേസിൽ അതീഖ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2023 ഫെബ്രുവരി 24ന് ഉമേഷ് ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. അതീഖ് ആയിരുന്നു കേസിലെ പ്രധാന പ്രതി. അതീഖിന്റെ സഹോദരൻ അഷ്‌റഫ്, മകൻ അസദ്, സഹായി ഗുഡ്ഡു മുസ്‌ലിം, ഒരു ബോംബ് നിർമാതാവ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

ഈ കേസിൽ ഷായിസ്തയ്ക്കും പങ്കുണ്ട് എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് ഷായിസ്തയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. വിവരം നൽകുന്നവർക്ക് അമ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

അതീഖിനെ പോലെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം ഷായിസ്തയ്ക്കുണ്ട്. മുൻ മുഖ്യമന്ത്രി മായാവതിയുടെ അനന്തരവൻ ആകാശ് ആനന്ദിന്റെ ഈയിടെ നടന്ന വിവാഹത്തിന് ഷായിസ്തയ്ക്കും ക്ഷണമുണ്ടായിരുന്നു. ഗുഡ്ഗാവിൽ നടന്ന ചടങ്ങിൽ ബിഎസ്പിയുടെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. 2021ൽ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിൽ ഇവർ ചേർന്നത് വാർത്തയായിരുന്നു. ഉവൈസി നേരിട്ടാണ് ഇവർക്ക് അംഗത്വം നൽകിയത്.


അതീഖ് അഹ്മദും ഷായിസ്തയും


പ്രയാഗ് രാജിലെ ദമുപൂര്‍ ഗ്രാമത്തിലാണ് ഷായിസ്തയുടെ വീട്. 2022 ജനുവരിയിൽ അർധരാത്രി ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പുരുഷന്മാർ വീട്ടിലില്ലാത്ത നേരത്തായിരുന്നു പൊലീസിന്റെ പരിശോധന എന്ന് ഇവർ ആരോപിച്ചിരുന്നു. പ്രായപൂർത്തിയെത്താത്ത മക്കൾ അഷാനെയും അബാനെയും പൊലീസ് വീട്ടിൽനിന്ന് പിടിച്ചു കൊണ്ടുപോയതായി കഴിഞ്ഞ മാർച്ചിൽ ഇവർ വാർത്താ സമ്മേളനം നടത്തി ആരോപിച്ചിരുന്നു. കസാരി മസാരിയിൽ ചുറ്റിക്കറങ്ങിയ കുട്ടികളെ ഖുൽദാബാദിലെ ജുവൈനൽ ഡിറ്റൻഷൻ കേന്ദ്രത്തിൽ എത്തിച്ചു എന്നാണ് പൊലീസ് അതിന് മറുപടി നൽകിയിരുന്നത്.

അതീഖ് അഹ്‌മദ് ജയിലിലായ ശേഷം, മക്കളുടെയും അടുപ്പക്കാരുടെയും സഹായത്തോടെ ഷായിസ്തയാണ് ഐഎസ് 227 ഗ്യാങ്ങിനെ നിയന്ത്രിച്ചിരുന്നത് എന്ന് പൊലീസ് പറയുന്നു. അതീഖിന്റെ കുടുംബത്തിൽ ഷായിസ്ത മാത്രമാണ് ഇപ്പോൾ പുറത്തുള്ളത്. അതീഖിന്റെ നാലു മക്കളും നിലവിൽ തടവറക്കുള്ളിലാണ്. ഒരു മകൻ അസദ് മുഹമ്മദിനെ പൊലീസ് ഈയിടെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. അസദിന്റെ അന്ത്യചടങ്ങുകളിൽ ഇവർ പങ്കെടുത്തിരുന്നില്ല. അതീഖ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭാര്യയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയത്.

അസദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണ് അതീഖും സഹോദരൻ അഷ്‌റഫും പൊലീസ് കസ്റ്റഡിയിൽ വച്ചു വെടിയേറ്റു മരിച്ചത്. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ ചിലർ ഇവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു.

ഷായിസ്ത പൊലീസിന് മുമ്പാകെ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വര്‍ധിച്ചു വരുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍‌ ഇവരുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നവരും ഏറെ.




TAGS :

Next Story