Quantcast

പാവപ്പെട്ടവന് റേഷൻ കിട്ടണമെങ്കിൽ ദേശീയ പതാക വാങ്ങണമെന്ന അവസ്ഥ ലജ്ജാകരം: വരുൺ ഗാന്ധി

ഹരിയാനയിലെ ഒരു വാർത്താ പോർട്ടൽ റെക്കോർഡ് ചെയ്ത വീഡിയോയിലാണ് റേഷൻകടയിൽ റേഷൻ വാങ്ങാനായി എത്തിയപ്പോൾ 20 രൂപ നൽകി ദേശീയ പതാക വാങ്ങാൻ നിർബന്ധിച്ചുവെന്ന് ആരോപിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    10 Aug 2022 1:13 PM GMT

പാവപ്പെട്ടവന് റേഷൻ കിട്ടണമെങ്കിൽ ദേശീയ പതാക വാങ്ങണമെന്ന അവസ്ഥ ലജ്ജാകരം: വരുൺ ഗാന്ധി
X

ഛത്തീസ്ഗഡ്: പാവപ്പെട്ടവന് റേഷൻ കിട്ടണമെങ്കിൽ 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന അവസ്ഥ ലജ്ജാകരമെന്ന് വരുൺ ഗാന്ധി എംപി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം പാവപ്പെട്ടവർക്ക് ഒരു ഭാരമായി മാറുകയാണെന്നും വരുൺ ഗാന്ധി ആരോപിച്ചു. റേഷൻ കടയിൽനിന്ന് ദേശീയ പതാക വാങ്ങാൻ നിർബന്ധിക്കുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് ബിജെപി എംപിയുടെ വിമർശനം.

റേഷൻ കാർഡ് ഉടമകൾ റേഷൻ കടകളിൽനിന്ന് ത്രിവർണ പതാക വാങ്ങാൻ നിർബന്ധിതരാകുകയാണ്. അല്ലെങ്കിൽ അവരുടെ റേഷൻ വിഹിതം കുറയ്ക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ കുടികൊള്ളുന്ന ത്രിവർണ പതാകയുടെ വില പാവപ്പെട്ടവരിൽനിന്ന് ഈടാക്കുന്നത് ലജ്ജാകരമാണെന്നും വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.

ഹരിയാനയിലെ ഒരു വാർത്താ പോർട്ടൽ റെക്കോർഡ് ചെയ്ത വീഡിയോയിലാണ് റേഷൻകടയിൽ റേഷൻ വാങ്ങാനായി എത്തിയപ്പോൾ 20 രൂപ നൽകി ദേശീയ പതാക വാങ്ങാൻ നിർബന്ധിച്ചുവെന്ന് ആരോപിക്കുന്നത്.

റേഷൻ വാങ്ങുന്ന ഓരോ വ്യക്തിയും 20 രൂപക്ക് ഒരു ദേശീയ പതാകയും വാങ്ങി വീട്ടിൽ കൊണ്ടുപോകണമെന്നാണ് തങ്ങൾക്ക് കിട്ടിയ നിർദേശമെന്നാണ് റേഷൻ കടയിലെ സ്റ്റാഫ് എന്ന് അവകാശപ്പെടുന്ന ആൾ വീഡിയോയിൽ പറയുന്നത്. ദേശീയ പതാക വാങ്ങാൻ തയ്യാറില്ലാത്തവർക്ക് റേഷൻ നൽകേണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. തങ്ങൾക്ക് ലഭിച്ച ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ വൈറലായതോടെ റേഷൻ കട ഉടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് റേഷൻ കട ഉടമക്കെതിരെ നടപടിയെടുത്തെന്ന് ഡെപ്യൂട്ടി കമ്മീഷണർ അനീഷ് യാദവ് പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടായാൽ തങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സൗകര്യാർഥമാണ് റേഷൻ കടകൾ വഴി ദേശീയ പതാക നൽകുന്നത്. അത് വാങ്ങാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും ആവശ്യക്കാർ മാത്രം വാങ്ങിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story