Quantcast

ഷെയർ ട്രേഡിങ് സൈബർ തട്ടിപ്പ്; ആർമി ഡോക്ടർക്ക് നഷ്ടം 1.2 കോടി

40 ദിവസത്തോളം 35 തവണകളിലായി 1.22 കോടി രൂപയാണ് പരാതിക്കാരൻ ബാങ്കിൽ നിക്ഷേപിച്ചത്

MediaOne Logo

Web Desk

  • Published:

    10 Sept 2024 7:23 PM IST

Share trading cyber fraud; 1.2 crore loss to army doctor
X

മും​ബൈ: പൂനെയിൽ സേവനമനുഷ്ഠിക്കുന്ന സൈനിക ഡോക്ടർക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 1.2 കോടി രൂപ നഷ്ടപ്പെട്ടു. 10 കോടിയോളം രൂപ തിരിച്ചുലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഡോക്‌ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂനെ സിറ്റി പൊലീസിൻ്റെ സൈബർ പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

തനിക്ക് ലഭിച്ച ഒരു ലിങ്ക് വഴി പരാതിക്കാരൻ ജൂലൈ പകുതിയോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നതായി എഫ്ഐആറിൽ പറയുന്നു. ഈ ഗ്രൂപ്പിൽ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം നേടുന്നതിനുള്ള വിവിധ മാർ​ഗങ്ങൾ അഡ്മിനുകൾ ചർച്ച ചെയ്തു. പിന്നീട് ഷെയർ ട്രേഡിംഗിനായി ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നാൽ ഇത് ഒരു തട്ടിപ്പ് പ്ലാറ്റ്‌ഫോമാണെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു.

ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത ശേഷം, ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ ഒന്നിലധികം ട്രാൻസ്ഫറുകൾ നടത്തി. 40 ദിവസത്തോളം 35 തവണകളിലായി 1.22 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ചു. ഈ സമയം അദ്ദേഹം 10.26 കോടി രൂപ നേടിയെന്ന് വ്യാജആപ്പ് വെളിപ്പെടുത്തി. ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, ലാഭത്തിൻ്റെ അഞ്ച് ശതമാനം (45 ലക്ഷം രൂപ) നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വരുമാനം മരവിപ്പിക്കുമെന്നും സന്ദേശം ലഭിച്ചു.

ഇത് നൽകാൻ വിസമ്മതിച്ച ഡോക്ടർ പ്ലാറ്റ്ഫോമിൻ്റെ വിലാസം ​ഗ്രൂപ്പ് അഡ്മിൻമാരോട് ആവശ്യപ്പെട്ടു. അവർ ന്യൂഡൽഹിയിലെ ഒരു അഡ്രസ് അദ്ദേ​​ഹത്തിന് നൽകി. ഇത് പരിശോധിച്ചപ്പോഴാണ് ആ വിലാസത്തിൽ നിന്ന് അത്തരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നില്ലെന്നും താൻ കബളിപ്പിക്കപ്പെട്ടതായും മനസ്സിലായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story