ഖാംനഈയുടെ കൊലപാതകം; കശ്മീരിലും ലഖ്‌നൗവിലും വന്‍ പ്രതിഷേധം, തെരുവിലിറങ്ങി ജനങ്ങൾ
ട്രംപും നെതന്യാഹുവും സ്വന്തം മരണവാറന്‍റുകളിൽ ഒപ്പുവെച്ചിരിക്കുകയാണെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും ഷിയാ നേതാവ് മൗലാനാ സയ്യിദ് കല്‍ബെ ജവാദ് പറഞ്ഞു

- Published:
1 March 2026 1:23 PM IST

ലഖ്‌നൗ: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തില്‍ കശ്മീരിലും ലഖ്‌നൗവിലും ഷിയാ മുസ്‌ലിംകളുടെ പ്രതിഷേധം നടന്നു. ട്രംപും നെതന്യാഹുവും സ്വന്തം മരണവാറണ്ടുകളില്‍ ഒപ്പുവെച്ചിരിക്കുകയാണെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും ഷിയാ നേതാവ് മൗലാനാ സയ്യിദ് കല്‍ബെ ജവാദ് വ്യക്തമാക്കി.
ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെയും കശ്മീരിലും ലഖ്‌നൗവിലും ഷിയാ മുസ്‌ലിംകള്‍ പ്രകടനം നടത്തിയിരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലില്‍ പരമോന്നത നേതാവ് അലി ഖാംനഈ കൊല്ലപ്പെട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പ്രതിഷേധപ്രകടനം നടത്തിയത്. ഖാംനഈയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നൂറുകണക്കിനാളുകളാണ് പ്രകടനത്തില്‍ അണിചേര്‍ന്നത്.
ഒരു രാഷ്ട്രീയനേതാവ് എന്നതിനേക്കാളുപരി അനുകരണീയനായ വ്യക്തിയായിരുന്നു ഖാംനഈയെന്ന് പ്രതിഷേധക്കാരിലൊരാള്‍ പ്രതികരിച്ചു. 'ഇറാന്‍ പരമോന്നത ആത്മീയനേതാവ് രക്തസാക്ഷിത്വം വരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുഎസിന്റെയും ഇസ്രായേലിന്റേയും സംയുക്തമായ ഭീകരാക്രമണത്തിലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. ഞങ്ങളെല്ലാം ദുഖിതരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, കേവലമൊരു രാഷ്ട്രീയനേതാവ് എന്നതിനേക്കാളുപരി അനുകരണീയനായ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.' അയാള്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപും നെതന്യാഹുവും സ്വന്തം മരണവാറന്റുകളില്‍ ഒപ്പുവെച്ചിരിക്കുകയാണെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും ഷിയാ നേതാവ് മൗലാനാ സയ്യിദ് കല്‍ബെ ജവാദ് പ്രതികരിച്ചു. പരമോന്നത നേതാവിന്റെ വിയോഗത്തോടനുബന്ധിച്ച് പ്രദേശത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നും ജവാദ് അറിയിച്ചു.
ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടെന്ന് ഇന്ന് രാവിലെയാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചത്. ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങളില്‍ 86 കാരനായ ഖാംനഈ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Adjust Story Font
16
