Quantcast

'ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകം'; ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് അകാലിദൾ

എൻഡിഎക്ക് പുറമെ വൈഎസ്ആർ കോൺഗ്രസ്, ബിഎസ്പി, ജെഡി (യു), ബിജെഡി എന്നീ പാർട്ടികൾ ഇതിനകം ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    1 July 2022 4:18 PM GMT

ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകം; ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് അകാലിദൾ
X

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് ശിരോമണി അകാലിദളിന്റെ പിന്തുണ. ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെ അന്തസ്സിന്റെയും പ്രതീകമായാണ് ദ്രൗപദി മുർമുവിനെ കാണുന്നതെന്ന് അകാലിദൾ പറഞ്ഞു. ഛണ്ഡീഗഡിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം ദ്രൗപദിയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചു പ്രമേയം പാസാക്കി.

'ന്യൂനപക്ഷങ്ങളുടെ മനസ്സിൽനിന്ന് അരക്ഷിതാവസ്ഥ ഇല്ലാതാക്കുക, പഞ്ചാബിന് പ്രത്യേകിച്ച് സിഖുകാരുടെ നീതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീകമായാണ് ദ്രൗപദി മുർമുവിനെ കാണുന്നത്. ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ പിന്തുണക്കുന്ന നിലപാടായിരുന്നു മഹാനായ ഗുരു സാഹിബിന്റേത്' - ശിരോമണി അകാലിദൾ പ്രസ്താവനയിൽ വ്യക്തമാക്കി.

പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളായ ബൽവീന്ദർ സിങ് ഭുന്ദർ, ചരൺജിത് സിങ് അത്വാൾ, പ്രേം സിങ് ചന്ദുമജ്ര, ഹർചരൺ ബെയിൻസ് എന്നിവർ ദ്രൗപദി മുർമുവിനെ കണ്ട് പിന്തുണ അറിയിച്ചു.

ദ്രൗപദി മുർമുവിന് പിന്തുണ തേടി ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ വ്യാഴാഴ്ച അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലിനെ കണ്ടിരുന്നു. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളോടുള്ള എതിർപ്പിനെ തുടർന്നാണ് പതിറ്റാണ്ടുകൾ നീണ്ട ബിജെപി ബന്ധം അകാലിദൾ അവസാനിപ്പിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ബാദലിന്റെ ഭാര്യയായ ഹർസിമ്രദ് കൗർ കേന്ദ്രമന്ത്രി പദം രാജിവെച്ചിരുന്നു.

എൻഡിഎക്ക് പുറമെ വൈഎസ്ആർ കോൺഗ്രസ്, ബിഎസ്പി, ജെഡി (യു), ബിജെഡി എന്നീ പാർട്ടികൾ ഇതിനകം ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി നേതാവെന്ന നിലയിൽ ജാർഖണ്ഡ് മുക്തിമോർച്ചയും ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.

TAGS :

Next Story