Quantcast

ശിവസേന പാർട്ടി ചിഹ്ന തർക്കം; ഉദ്ദവ് പക്ഷത്തിന് ഇന്ന് നിര്‍ണായകം- ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശിവസേനയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ദവ് പക്ഷം നീക്കം ചെയ്തിട്ടുണ്ട്. ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉദ്ദവ് പക്ഷത്തിന്‍റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    21 Feb 2023 1:43 AM GMT

ShivSenapartysymboldispute, ShivSenadisputeinSupremeCourt, ShivSenaUddavfaction, ShivSenaEknathShindefaction
X

ന്യൂഡല്‍ഹി: ശിവസേന പാർട്ടി ചിഹ്ന തർക്കത്തിൽ എക്‌നാഥ്‌ ഷിൻഡെ പക്ഷത്തിന് അനുകൂലമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെതിരെ ഉദ്ദവ് താക്കറെ പക്ഷം സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഉദ്ദവ് പക്ഷത്തിന്‍റെ നീക്കത്തിനെതിരെ ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേന സമർപ്പിച്ച തടസഹരജിയും ഇന്ന് കോടതി പരിഗണിക്കും.

ഏക്നാഥ് ഷിൻഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയിൽ ഉദ്ദവ് താക്കറെ പക്ഷം ഹരജിയുമായി എത്തിയത്. തിങ്കളാഴ്ച അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്ന് ഉദ്ദവ് പക്ഷം അഭ്യർത്ഥിച്ചെങ്കിലും കോടതി കേസ് വാദം കേൾക്കാനായി ഇന്നത്തേക്ക് മാറ്റി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് തിരിച്ചടി നേരിട്ടതോടെ ശിവസേനയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ദവ് പക്ഷം നീക്കം ചെയ്തു. ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉദ്ദവ് പക്ഷത്തിന്‍റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. അമ്പും വില്ലും നഷ്ടപ്പെട്ടതോടെ പാർട്ടിയുടെ മുൻപത്തെ ചിഹ്നമായ ടോർച്ച് അനുവദിച്ചുകിട്ടുന്നതിനാണ് ഇപ്പോൾ ഉദ്ദവ് പക്ഷത്തിന്‍റെ മറ്റൊരു നീക്കം.

എന്നാൽ, നിലവിൽ ഈ ചിഹ്നം അനുവദിച്ചുകിട്ടിയ സമത പാർട്ടി ഉദ്ദവ് പക്ഷത്തിന്‍റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മഹാ വികാസ് അഘാഡി സഖ്യം തകര്‍ന്നെങ്കിലും ഉദ്ദവ് പക്ഷ ശിവസേന നടത്തുന്ന നീക്കങ്ങളെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികളും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ദേശീയതലത്തിൽ തുടർഭരണം ലക്ഷ്യംവയ്ക്കുന്ന എൻ.ഡി.എക്കും 48 ലോക്‍സഭാ സീറ്റുള്ള മഹാരാഷ്ട്രയിലെ മേൽക്കോയ്മ വളരെ പ്രധാനമാണ്.

Summary: The Supreme Court today will hear a plea filed by Uddhav Thackeray faction against the Election Commission of India's stand in favour of Eknath Shinde faction in the Shiv Sena party symbol dispute.

TAGS :

Next Story