Quantcast

തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചു; കാണാതായ ഷിന്‍ഡെ സേന എംഎഎല്‍എ രണ്ട് ദിവസത്തിന് ശേഷം വീട്ടില്‍

എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല

MediaOne Logo

Web Desk

  • Published:

    31 Oct 2024 12:14 PM IST

Shrinivas Vanga
X

പാല്‍ഘര്‍: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കാണാതായ ഷിന്‍ഡെ ശിവസേന എംഎല്‍എ ശ്രീനിവാസ് വംഗ രണ്ടു ദിവസത്തിന് ശേഷം വീട്ടില്‍. പാർട്ടി ടിക്കറ്റ് നിഷേധിച്ചതിൽ വംഗ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.

"എനിക്ക് വിശ്രമം ആവശ്യമാണ്, അതിനാൽ വീട്ടിൽ നിന്നും മറ്റുള്ളവരിൽ നിന്നും കുറച്ച് ദിവസത്തേക്ക് മാറിനിൽക്കാൻ തീരുമാനിച്ചു." വംഗ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസമായി താന്‍ എവിടെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അന്തരിച്ച ബിജെപി എം.പി ചിന്താമൻ വംഗയുടെ മകനാണ് ശ്രീനിവാസ് വംഗ. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാൽഘറിൽ (പട്ടികവർഗം) നിന്ന് അവിഭക്ത ശിവസേനയുടെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. പിളര്‍പ്പിന് പിന്നാലെ ഏക്നാഥ് ഷിന്‍ഡെ പക്ഷത്തോടൊപ്പം ചേര്‍ന്നു. പാൽഘർ സീറ്റിലേക്ക് തന്നെ വീണ്ടും പരിഗണിക്കുമെന്ന് വംഗ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുൻ എംപി രാജേന്ദ്ര ഗാവിത്തിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. ഉദ്ധവ് താക്കറെയ്‌ക്കെതിരായ 'കലാപത്തിൽ' ഏതാനും എംഎൽഎമാരെ ഷിൻഡെ പക്ഷത്താക്കാന്‍ പ്രയത്നിച്ച നേതാവാണ് രാജേന്ദ്ര ഗാവിത്ത്.

തിങ്കളാഴ്ച, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, വംഗ തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. കൂറു പുലർത്തിയിട്ടും ഷിൻഡെ വഞ്ചിച്ചതായി വംഗ പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കൂട്ടുപിടിച്ച് അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നത് വലിയ തെറ്റായിപ്പോയെന്നും ഉദ്ധവ് താക്കറെയോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത് തന്നെ. അതേസമയം ആഭ്യന്തര സര്‍വേഫലം പ്രതികൂലമായതിനാലാണ് സീറ്റ് നിഷേധിച്ചത് എന്നാണ് വംഗയോട് നേതാക്കള്‍ വ്യക്തമാക്കിയത്.

TAGS :

Next Story