Quantcast

വിമാനത്താവളങ്ങളിൽ സിഖ് ജീവനക്കാർക്കും കൃപാൺ ധരിക്കാം; വിലക്ക് നീക്കി കേന്ദ്രം

മതാചാരത്തിന്റെ ഭാഗമായി സിഖുകാർ കൊണ്ടുനടക്കുന്ന വാളാണ് കൃപാൺ

MediaOne Logo

Web Desk

  • Published:

    14 March 2022 12:18 PM GMT

വിമാനത്താവളങ്ങളിൽ സിഖ് ജീവനക്കാർക്കും കൃപാൺ ധരിക്കാം; വിലക്ക് നീക്കി കേന്ദ്രം
X

വിമാനത്താവളങ്ങളിൽ സിഖ് ജീവനക്കാർക്ക് കൃപാൺ ധരിക്കാൻ അനുമതി നൽകി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബി.സി.എ.എസ്) ആണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

മതാചാരത്തിന്റെ ഭാഗമായി സിഖുകാർ കൊണ്ടുനടക്കുന്ന വാളാണ് കൃപാൺ. നേരത്തെ വിമാനത്താവളങ്ങളിൽ കൃപാൺ വിലക്കി ബി.സി.എ.എസ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി(എസ്.ജി.പി.സി) അടക്കമുള്ള സിഖ് സംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ബി.സി.എ.എസ് ഉത്തരവ് പിൻവലിച്ചത്.

ഈ മാസം നാലിനാണ് വിമാനത്താവള ജീവനക്കാർക്ക് കൃപാൺ വിലക്കി ബി.സി.എ.എസ് ഉത്തരവിറക്കിയത്. അതേസമയം, യാത്രക്കാർക്ക് വാൾ ധരിക്കാൻ അനുമതിയും നൽകിയിരുന്നു. ഇതോടൊപ്പം വാളിന്റെ നീളം ആറ് ഇഞ്ചിലധികം കൂടരുതെന്ന നിബന്ധനയും വച്ചിട്ടുണ്ട്. എന്നാൽ, ഇത് യാത്രക്കാർക്ക് മാത്രമുള്ള ഇളവാണെന്നും വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഇതിൽ പ്രതിഷേധിച്ച് എസ്.ജി.പി.സി പ്രസിഡന്റ് ഹർജിന്ദർ സിങ് ധാമി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതി. സിഖ് മതാവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണിതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് മാർച്ച് നാലിലെ ഉത്തരവിന് തിരുത്തുമായി ബി.സി.എ.സി രംഗത്തെത്തിയത്.

Summary: Sikh Passengers, Employees Now Allowed To Carry Kirpan At Domestic Airports & On Flights

TAGS :

Next Story