Quantcast

ഒരു ചെറുനാരങ്ങയുടെ വില 35,000 രൂപ! അമ്പരപ്പിച്ച് തമിഴ്നാട് ക്ഷേത്രത്തിലെ ശിവരാത്രി ലേലം

2019ൽ തമിഴ്‌നാട്ടിലെ വില്ലുപുരത്തിനു സമീപത്തുള്ള ക്ഷേത്രത്തിൽ ഒൻപത് ചെറുനാരങ്ങകൾ വിറ്റുപോയത് 1.03 ലക്ഷം രൂപയ്ക്കായിരുന്നു

MediaOne Logo

Web Desk

  • Published:

    10 March 2024 12:17 PM GMT

Single lemon sold for Rs 35 000 at auction in Tamil Nadu temple, Pazhapoosaian temple near Sivagiri village, lemon auction in TN temple
X

ചെന്നൈ: ഒരു ചെറുനാരങ്ങയ്ക്ക് മാർക്കറ്റിൽ എത്ര വില വരും? ഒരു രൂപ മുതൽ നാലും അഞ്ചും വരെയൊക്കെ വരാം. എത്ര തീവിലയുടെ സമയത്തും പത്തുരൂപയ്ക്കപ്പുറം പോകില്ല. എന്നാൽ, തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ നടന്ന ലേലത്തിൽ ഒരൊറ്റ ചെറുനാരങ്ങ വിറ്റുപോയത് 35,000 രൂപയ്ക്കാണ്!

വിശ്വാസികൾ കാണിക്കയായി നൽകിയ വസ്തുക്കളുടെ ലേലത്തിലായിരുന്നു വൻ തുക നൽകി ഒരു ഒരാൾ നാരങ്ങ സ്വന്തമാക്കിയത്. ഈറോഡിൽനിന്ന് 35 കി.മീറ്റർ ദൂരത്തുള്ള ശിവഗിരിയിലെ പഴപൂസയ്യൻ ക്ഷേത്രത്തിലാണു സംഭവം. ശിവരാത്രി ദിനത്തിൽ കാണിക്കയും സംഭാവനയുമായി ലഭിച്ച സാധനങ്ങൾ കഴിഞ്ഞ ദിവസമാണ് ക്ഷേത്രം ഭാരവാഹികൾ ലേലത്തിൽ വച്ചത്. ഇതിലാണ് ഒരൊറ്റ ചെറുനാരങ്ങ വാങ്ങാൻ വിശ്വാസികളുടെ 'മത്സരം'.

15 പേരാണ് നാരങ്ങ സ്വന്തമാക്കാനായി ലേലത്തിൽ പങ്കെടുത്തത്. ഒടുവിൽ 35,000 രൂപ വിലപറഞ്ഞ് ഈറോഡ് സ്വദേശി ഇതു സ്വന്തമാക്കുകയായിരുന്നു. ക്ഷേത്രത്തിലെ ദേവതയ്ക്കു മുന്നിൽ പ്രത്യേക പൂജയും പ്രാർഥനയും നടത്തിയ ശേഷമാണ് നാരങ്ങ ലേലം വിളിച്ചയാൾക്കു കൈമാറിയത്. നൂറുകണക്കിനുപേർ ലേലത്തിൽ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നു.

ഇതിനുമുൻപും സമാനമായ ലേലം കൗതുകവാർത്ത തമിഴ്‌നാട്ടിൽ തന്നെയുണ്ടായിട്ടുണ്ട്. 2019ൽ തമിഴ്‌നാട്ടിലെ വില്ലുപുരത്തിനു സമീപത്തുള്ള രാത്തിനവേൽ മുരുഗൻ ക്ഷേത്രത്തിൽ ഒൻപത് ചെറുനാരങ്ങകൾ വിറ്റുപോയത് 1.03 ലക്ഷം രൂപയ്ക്കായിരുന്നു. 30,500 രൂപയായിരുന്നു കൂട്ടത്തിൽ ഒരു നാരങ്ങ മാത്രം സ്വന്തമാക്കിയിരുന്നത്.

Summary: Single lemon sold for Rs 35 000 at auction in Tamil Nadu temple

TAGS :

Next Story