എസ്‌ഐആർ: തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നു- തോൽ തിരുമാവളവൻ
'തമിഴ്‌നാട്ടിൽ ഒരു കോടിയോളം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായേക്കും'

കോയമ്പത്തൂർ: തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് പരോക്ഷമായി പൗരത്വഭേദഗതി നിയമം നടപ്പാക്കുകയാണ് കേന്ദ്ര സർക്കാറെന്ന് വിസികെ നേതാവും ചിദംബരം എംപിയുമായ തോൽ തിരുമാവളവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എസ്‌ഐആർ നടപ്പാക്കുന്നതിലൂടെ തമിഴ്‌നാട്ടിൽ ഒരു കോടിയിലേറെ ആളുകൾ പട്ടികയിൽ നിന്ന് പുറത്തായേക്കും. പൗരത്വം തെളിയിക്കുന്നതിന് 13 രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹാജരാക്കാൻ പറയുന്നത്. അതിന് കഴിയാത്തവർ പട്ടികയിൽ നിന്ന് പുറത്താവും.
ബിഹാറിൽ 43 ലക്ഷം ആളുകളുടെ പേരുകളാണ് വോട്ടർപട്ടികയയിൽ നിന്ന് ഒഴിക്കിയതെന്നും കോയമ്പത്തൂരിൽ വെച്ച് തിരുമാവളവൻ പറഞ്ഞു. എസ്‌ഐആറിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ആവശ്യപ്പെടും. എസ്‌ഐആർ പ്രവർത്തനങ്ങളുടെ ഭാഗമായി 25 ലേറെ ബിഎൽഒമാരാണ് രാജ്യത്തൊടുനീളം ആത്മഹത്യ ചെയ്തത്. ജോലി സമ്മർദത്തെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തത്. ധൃതി പിടിച്ചുള്ള എസ്‌ഐആർ എതിർക്കപ്പെടേണ്ടതാണെന്നും അദ്ദഹം പറഞ്ഞു.
എഐഡിഎംകെയിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും തിരുമാവളവൻ പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ആഭ്യന്തര കലഹം കാരണം ദുർബലമാകുമ്പോഴും ബിജെപി നിശബ്ദമാണ്. പുറത്താക്കിയ നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് എടപ്പാടി കെ. പളനിസ്വാമി എഐഡിഎംകെയിൽ നിന്ന് പുറത്താക്കിയ സെൻഗോട്ടയ്യൻ ഡൽഹിയിലെത്തി അമിത് ഷായെ കണ്ടിരുന്നു. ഇത് അദ്ദേഹം തന്നെ അംഗീകരിച്ചതാണെന്നും തിരുമാവളവൻ പറഞ്ഞു. എഐഡിഎംകെയിൽ നിന്ന് പുറത്തായ സെങ്കോട്ടയ്യൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയിൽ ചേർന്നിരുന്നു.
Adjust Story Font
16

