Quantcast

'അപകടം നടന്ന ട്രാക്കിന് സമീപം മുസ്‍ലിം പള്ളിയും കോളനിയും'; ഫോട്ടോ മോർഫ് ചെയ്ത് വിദ്വേഷ പ്രചാരണം

വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഒഡീഷ പൊലീസ്

MediaOne Logo

Web Desk

  • Updated:

    2023-06-04 11:23:30.0

Published:

4 Jun 2023 10:57 AM GMT

അപകടം നടന്ന ട്രാക്കിന് സമീപം മുസ്‍ലിം പള്ളിയും കോളനിയും; ഫോട്ടോ മോർഫ് ചെയ്ത് വിദ്വേഷ പ്രചാരണം
X

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ അപകടത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചാരണങ്ങളും വ്യാപകം. അപകടസ്ഥലത്തിന് സമീപം ഒരു പള്ളി സ്ഥിതിചെയ്യുന്നുണ്ടെന്നും അപകടത്തിന് പിന്നില്‍ മുസ്‍ലിംകളാണെന്നുമാണ് ചില സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്നത്. അപകടത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണം. അപകടം നടന്നത് വെള്ളിയാഴ്ചയാണെന്നും ചിലര്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തു. ട്രെയിൻ അപകടം മുസ്ലീങ്ങളുടെ ആസൂത്രിത ആക്രമണമാണെന്ന് സ്ഥാപിക്കാനായിരുന്നു ചിലരുടെ ശ്രമം.

എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ അള്‍ട്ട് ന്യൂസ് കണ്ടെത്തി. ആരോ പകര്‍ത്തിയ ഡ്രോണ്‍ ചിത്രത്തില്‍ പള്ളിയുടെ ചിത്രം മോര്‍ഫ് ചെയ്തായിരുന്നു പ്രചാരണം നടക്കുന്നത്. അത് മുസ്‍ലിം പള്ളിയല്ലെന്നും ക്ഷേത്രമാണെന്നും അള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

'ബഹാനാഗയിലെ ഇസ്‌കോൺ ക്ഷേത്രത്തിന്റെ അധികാരികളുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. ക്ഷേത്രത്തിന് സമീപമുള്ള ട്രാക്കിലാണ് ട്രെയിൻ അപകടം സംഭവിച്ചതെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടസ്ഥലത്തിനടുത്തായി കണ്ടത് ഇസ്‌കോൺ ക്ഷേത്രമാണെന്നും അധികൃതർ സ്ഥിരീകരിച്ചെന്നും അള്‍ട്ട് ന്യൂസ് ട്വീറ്റ് ചെയ്തു. മറ്റൊരു ഫാക്ടചെക്ക് വെബ് സൈറ്റായ ബൂം ഫാക്ടചെക്കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങളിലുള്ളത് പള്ളിയല്ലെന്നും ക്ഷേത്രമാണെന്നും ബൂം ഫാക്ടചെക്ക് തെളിവുകള്‍ സഹിതം പുറത്ത് വിട്ടു.


അതേസമയം, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രചാരണം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

'ബാലസോറിലെ ദാരുണമായ ട്രെയിൻ അപകടത്തിന് ചില സോഷ്യൽ മീഡിയ പേജുകൾ വർഗീയ നിറം നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ചും മറ്റ് എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം തെറ്റായതും ദുരുദ്ദേശ്യപരവുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും..'ഒഡീഷ പൊലീസ് ട്വീറ്റ് ചെയ്തു.

മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഒഡീഷയിലെ ബാലസോറിലുണ്ടായത്. അപകടത്തിൽ ഏകദേശം 288 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വിശദീകരിച്ചത്. സംഭവത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തി. റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story