സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വരും വരായ്കകളെ കുറിച്ച് ചിന്ത വേണം: സുപ്രിംകോടതി
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ച് ജാഗ്രത വേണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂഷ്മത പുലർത്തണമെന്ന് സുപ്രിംകോടതി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ച് ജാഗ്രത വേണമെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കണം എന്ന് നിർബന്ധമുള്ളവർ അനന്തരഫലങ്ങൾ നേരിടണമെന്നും സമൂഹമാധ്യമങ്ങളിലൂടെ വനിതാ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച കേസിൽ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ട് സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബിആർ ഗവായ്, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
നടനും മുൻ തമിഴ്‌നാട് എം.എൽ.എയുമായ എസ്.വി ശേഖറായിരുന്നു ഹരജിക്കാരൻ. തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ശേഖറിന്റെ ഹരജി തള്ളിയ മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതി നിരീക്ഷണം നടത്തിയത്. സംഭവം നടക്കുന്ന സമയം ശേഖർ കണ്ണിൽ മരുന്നൊഴിച്ചിരിക്കുകയായിരുന്നെന്നും അതിനാൽ പോസ്റ്റ് ചെയ്തതെന്താണെന്ന് കണ്ടില്ലെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ അതിന്റെ ഗൗരവം മനസ്സിലാക്കണമെന്നും പ്രത്യാഖ്യാതങ്ങൾ നേരിടാൻ തയ്യാറാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
2018 ഏപ്രിൽ 9നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വനിതാ മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച ശേഖറിനെതിരെ ചെന്നൈ സിറ്റി കമ്മിഷണർക്ക് പരാതിയെത്തുകയും ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തമിഴ്‌നാട്ടിൽ മറ്റു പല സ്ഥലങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ ശേഖർ പോസ്റ്റ് പിൻവലിക്കുകയും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെ മാപ്പ് പറയുകയും ചെയ്തു. എന്നാൽ ശേഖറിന്റെ പോസ്റ്റ് മാധ്യമപ്രവർത്തകരെ അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നെന്നും അതിലെ ഭാഗങ്ങൾ തർജിമ ചെയ്യാനുള്ള നിലവാരം പോലും ഇല്ലാത്തതായിരുന്നുവെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയ്ക്ക് വലിയ പ്രാതിനിധ്യമുള്ള ഈ കാലട്ടത്തിൽ അതിലൂടെയുള്ള ഓരോ ചെയ്തികൾക്കും വലിയ പ്രത്യാഘ്യാതങ്ങളുണ്ടാവുമെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു. ഈ വിധി ശരിവെച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
Adjust Story Font
16



