Quantcast

'ലൈംഗികാതിക്രമത്തിനെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമർത്താനും വീഴ്ച മറയ്ക്കാനുമാണ് കേസ്'; ഇഫ്‌ലു അധികൃതർക്കെതിരെ വിദ്യാർഥികൾ

ഇഫ്‌ലു പ്രോക്ടർ ടി. സാംസൺ നൽകിയ പരാതിപ്രകാരം അന്യായമായി കുറ്റം ചുമത്തപ്പെട്ടവരാണ് പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-10-24 11:20:06.0

Published:

24 Oct 2023 11:18 AM GMT

Students against English and Foreign Language University (EFLU) authorities for filing false case against Malayali students
X

ഹൈദരാബാദ്: മലയാളി വിദ്യാർഥികൾക്കെതിരെ കള്ളക്കേസ് നൽകിയ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി(ഇഫ്‌ലു) അധികൃതർക്കെതിരെ വിദ്യാർഥികൾ. ഇഫ്‌ലു പ്രോക്ടർ ടി. സാംസൺ നൽകിയ പരാതിപ്രകാരം അന്യായമായി കുറ്റം ചുമത്തപ്പെട്ടവരാണ് വാർത്താകുറിപ്പിലൂടെ പ്രതികരിച്ചത്.കുറ്റപത്രത്തിലെ വാദങ്ങളെ തള്ളിക്കളയുന്നുവെന്നും അവ തികച്ചും വസ്തുതാവിരുദ്ധവും വക്രീകരീച്ചതുമാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഒക്ടോബർ 18 ന് കാമ്പസിൽ നടന്ന ലൈംഗികാതിക്രമത്തിനെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ അടിച്ചമർത്തുക, അധികൃതരുടെ ഭാഗത്ത് വന്ന വീഴ്ച മറച്ച് വക്കുക എന്നീ ഉദ്ദേശ്യങ്ങൾ പരാതിയിൽ വ്യക്തമാണ്. ചില വിദ്യാർത്ഥികളെ മാത്രം ഒറ്റപ്പെടുത്തുകയും കുറ്റാരോപണം നടത്തുകയുമാണ് നിലവിൽ ഇഫ്‌ലു അധികൃതർ ചെയ്യുന്നത്.പ്രതിഷേധിച്ച 11 വിദ്യാർത്ഥികൾക്ക് മേലെ ഐപിസി 153, 143,153എ,ആർ/ഡബ്ല്യൂ 149 എന്നീ വകുപ്പുകൾ ചുമത്തിയാണ് തെലങ്കാന പൊലീസ് കുറ്റപത്രം രേഖപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടാമതായി 'മറ്റുള്ളവർ' എന്ന പേരിലും കുറ്റം ചുമത്തിയിട്ടുള്ളതായി കാണാം - വിദ്യാർഥികൾ വാർത്താകുറിപ്പിൽ പറഞ്ഞു.

കുറ്റപത്രത്തെ തള്ളിപ്പറയാനുള്ള കാരണങ്ങളും അവർ വ്യക്തമാക്കി. 'കാമ്പസിൽ പ്രതിഷേധം ലൈംഗികാതിക്രമ കേസിൽ അധികൃതർ വരുത്തിയ വീഴ്ചക്കെതിരെയായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത ആരും ആരോപിക്കപ്പെട്ട ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല. ഒക്ടോബർ 19ന് അഞ്ച് മണിക്കാണ് വിദ്യാർത്ഥികൾ പ്രോക്ട്ടറുടെ വസതിയുടെ മുൻവശത്ത് പ്രതിഷേധം തുടങ്ങിയത്. സംഭവം നടന്ന രാത്രി (ഒക്ടോബർ 18) 10.30ന് തന്നെ വിവരം എംബിസി ഹോസ്റ്റൽ വാർഡൻ അന്ന മേരി ബെസാവട് വഴി പ്രോക്ടർ അറിഞ്ഞിരുന്നുവെങ്കിലും ആ രാത്രി യാതൊരു നടപടിയും അദ്ദേഹം എടുക്കാത്തതിലാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്' - വാർത്താകുറിപ്പിൽ വിദ്യാർഥികൾ വ്യക്തമാക്കി.

നിലവിൽ രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ വിദ്യാർത്ഥികളിൽ ഒരാൾ അന്ന് കാമ്പസിൽ തന്നെ ഉണ്ടായിരുന്നില്ല. സംഭവം നടക്കുന്നതിന് മുന്നേ വിദ്യാർത്ഥി കേരളത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ടായിരുന്നു. വിദ്യാർത്ഥിയുടെ കയ്യിൽ തെളിവായി യാത്രയുടെ ഫ്‌ളൈറ്റ് ടിക്കറ്റുമുണ്ട്. കൂടാതെ, പ്രതിഷേധത്തിൽ ഈ വിദ്യാർത്ഥിയുടെ അഭാവം തെളിയിക്കുന്നതിന് ആവശ്യമായ വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. എന്നാൽ ഈ സംഭവത്തിന് തൊട്ട് മുൻപ് നടന്ന സ്പാർഷ് (SPARSH ) കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഈ വിദ്യാർത്ഥി ഉണ്ടായിരുന്നു. തിരഞ്ഞെടുത്ത വിദ്യാർഥി പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രസ്തുത സമരം. സാംസണിന്റെ വസതിക്ക് മുന്നിൽ മുന്നൂറിൽപരം വരുന്ന വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടും എങ്ങനെയാണ് ചില വിദ്യാർത്ഥികളെ മാത്രം വേട്ടയാടപ്പെടുന്നത് എന്ന് ഈ കുററ്റപത്രം വ്യക്തമാക്കുന്നുവെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

ഈ സമരത്തെ നടക്കാത്ത ഒരു ഫലസ്തീൻ സാഹിത്യ ചർച്ചയുമായി ബന്ധപ്പെടുത്തി ഇങ്ങനെ ഒരു പരാതി സമർപ്പിക്കുന്നതിലൂടെ ലൈംഗിക അതിക്രമത്തിന് എതിരെ നടത്തിയ പ്രതിഷേധത്തെ പൂർണ്ണമായി വഴിമാറ്റാനാണ് അഡ്മിനിസ്‌ട്രേഷൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു. വിദ്യാർത്ഥികൾ പ്രോക്ടറുടെ വസതിക്ക് മുന്നിൽ കൂടിയതിന് കാരണം സാഹിത്യ ചർച്ചയേ ആയിരുന്നില്ലെന്നും അതൊരു പച്ചക്കള്ളമാണെന്നും വിമർശിച്ചു. ലൈംഗിക അതിക്രമ കേസിൽ അഡ്മിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥക്ക് എതിരെയുള്ളതായിരുന്നു ഈ പ്രതിഷേധമെന്നും ചൂണ്ടിക്കാട്ടി.

ഫലസ്തീൻ സാഹിത്യ ചർച്ച സംഘാടകർ തന്നെ റദ്ദാക്കിയിരുന്നു. ഇക്കാര്യം പൊലീസിനെയും അധികൃതരേയും അറിയിക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ ഒരു വാട്‌സാപ്പ് പോസ്റ്റർ അല്ലാതെ ഒരു തരത്തിലുള്ള ലഘുലേഖകളോ മറ്റോ വിതരണം ചെയ്യപ്പെട്ടിരുന്നില്ല. മാത്രവുമല്ല ഈ ചർച്ച യാതൊരു തരത്തിലുളള സാമുദായിക വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തിട്ടില്ലെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട പ്രൊഫസർമാർ അതിജീവതയ്ക്ക് വേണ്ട പിന്തുണ അറിയിക്കുകയാണ് ചെയ്തതെന്നും എന്നാൽ, അവരെ കുറ്റക്കാരായാണ് ചിത്രീകരിച്ചിട്ടുള്ളത്. പ്രോക്ടർ സാംസൺ അവരെ കാമ്പസിലേക്ക് വിളിപ്പിക്കുകയും പിന്നീട് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയുമാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി.

സംഭവത്തിലെ കുറ്റപത്രം കള്ളങ്ങൾ നിറഞ്ഞതാണെന്നും വിദ്യാർത്ഥികൾ ആക്രമണത്തിലേക്ക് കടന്നു, പ്രോക്ടറെ ആക്രമിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്തു, സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്തു എന്നിവയെല്ലാം വ്യാജമാണെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

ലൈംഗികാതിക്രമ കേസിൽ ഇഫ്‌ലു അധികൃതർ അശ്രദ്ധ കാണിച്ചുവെന്നും ഹെൽത്ത് സെന്റർ അധികൃതർ വിഷയത്തെ നിർവികാരതയോടെ കാണ്ടുവെന്നും വിമർശിച്ചു. വിദ്യാർഥികളെ അഭിസംബോധന ചെയ്ത പ്രോക്ടർ ടി സാംസൺ ഈ 'ചെറിയ വിഷയത്തെ' വലുതാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിഷയത്തിന്റെ ഗൗരവം കുറച്ചുകാണിച്ചുവെന്നും കുറ്റപ്പെടുത്തി. രജിസ്ട്രാർ നരസിംഹ റാവു അതിവിതയുടെ ഐഡന്റിറ്റി വിവരങ്ങൾ പരസ്യമായി ചോദിച്ചുവെന്നും വിദ്യാർഥികൾ ആരോപിച്ചു. നിരീക്ഷണ കാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിട്ടും സർവകലാശാല ചിലർക്ക് മാത്രമാണ് സുരക്ഷിതത്വം നൽകുന്നതെന്നും പറഞ്ഞു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങളോട് ജനാധിപത്യ രീതിയിൽ അഭിമുഖീകരിക്കുന്നതിന് പകരം ഇഫ്‌ലു അധികൃതർ പൊലീസ് ഉദ്യോഗസ്ഥർക്ക് കാമ്പസിൽ പ്രവേശിക്കാൻ അനുമതി നൽകിയെന്നും ഇത് കാമ്പസ് അന്തരീക്ഷത്തെ തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി. ഒക്ടോബർ 19 ന് രാത്രി പൊലീസ് വിദ്യാർത്ഥികളെ തടങ്കലിലാക്കാനും ശ്രമിച്ചുവെന്നും പറഞ്ഞു.

അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ ഗുരുതര വീഴ്ചകൾ മറച്ചുവെക്കാനാണ് തങ്ങളെ വേട്ടയാടുന്നതെന്നും ലൈംഗിക പീഡനക്കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥികൾക്കെതിരായ കുറ്റപത്രം പിൻവലിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇഫ്‌ലു അധികൃതരുടെ അധികാര ദുർവിനിയോഗത്തിനെതിരെ നിലകൊള്ളാൻ രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തോട് വാർത്താകുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Students against English and Foreign Language University (EFLU) authorities for filing false case against Malayali students

TAGS :

Next Story