Quantcast

ചർച്ചകൾക്ക് ആളില്ല, പ്രേക്ഷകർക്ക് ഇഷ്ടം ബുള്ളറ്റിനുകൾ- സർവേ

ഇന്ത്യയില്‍ ഫേസ്ബുക്കിന്‍റെ ഉപയോഗം താഴോട്ടെന്നും സര്‍വേ

MediaOne Logo

abs

  • Updated:

    2022-10-22 12:28:26.0

Published:

22 Oct 2022 12:25 PM GMT

ചർച്ചകൾക്ക് ആളില്ല, പ്രേക്ഷകർക്ക് ഇഷ്ടം ബുള്ളറ്റിനുകൾ- സർവേ
X

ന്യൂഡൽഹി: പ്രേക്ഷകർക്ക് ചർച്ചകളേക്കാൾ പ്രിയം വാർത്താ ബുള്ളറ്റിനോടെന്ന് ലോക്‌നിതി-സിഎസ്ഡിഎസ് സർവേ ഫലം. വാർത്ത കാണുന്ന പകുതി പേർ ന്യൂസ് ബുള്ളറ്റിനുകൾ ഇഷ്ടപ്പെടുമ്പോൾ 12 ശതമാനം ആളുകൾ മാത്രമാണ് ചർച്ച കാണാൻ ആഗ്രഹിക്കുന്നതെന്ന് സർവേ പറയുന്നു.

'വാർത്താ വിതരണത്തിന്റെ പഴയരീതിയിലേക്ക് മടങ്ങാൻ ഉപഭോക്താക്കൾക്കിടയിൽ താത്പര്യമുണ്ടെന്നു തോന്നുന്നു. പരമ്പരാഗത വാർത്താ ബുള്ളറ്റിനുകളേക്കാൾ സംവാദാധിഷ്ഠിത ഷോകളെ വാർത്താ ചാനലുകൾ തെരഞ്ഞെടുക്കുന്നുണ്ടെങ്കിലും, രണ്ടിനുമിടയിൽ ഒരു ചോയ്സ് നൽകുമ്പോൾ ബുള്ളറ്റിനുകളാണ് ആളുകൾ തെരഞ്ഞെടുക്കുന്നത്' - എന്നാണ് റിപ്പോർട്ട് പറയുന്നത്.

സ്വകാര്യ ചാനലുകളും ഓൺലൈൻ പോർട്ടലുകളുമാണ് ഏറ്റവും കുറവ് വിശ്വാസ്യതയുള്ള വാർത്താ മാധ്യമങ്ങളായി സർവേ പറയുന്നത്. സര്‍വേ പ്രകാരം, വിശ്വാസയോഗ്യമായ വാർത്തകൾക്കായി ജനം ആശ്രയിക്കുന്നത് വർത്തമാന പത്രങ്ങളും ദൂരദർശനുമാണ്.

സർവേയിലെ മറ്റു കണ്ടെത്തലുകൾ

  • ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വാട്‌സാപ്പും യൂട്യൂബും. ഫേസ്ബുക്ക് മൂന്നാം സ്ഥാനത്തേക്ക് വീണു.
  • വാട്‌സാപ്പിലെ വിവരങ്ങൾക്ക് നേരിയ വിശ്വാസ്യതയേ ഉള്ളൂവെന്ന് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേര്‍. ഒരു വിശ്വാസ്യതയുമില്ലെന്ന് 13 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
  • ട്വിറ്ററിലെ വിവരങ്ങൾക്കും വിശ്വാസ്യതയില്ല. നേരിയ വിശ്വാസമേ ഉള്ളൂവെന്ന് 54 ശതമാനം പേർ പറയുന്നു. ഒരു വിശ്വാസ്യതയുമില്ലെന്ന് 12 ശതമാനം പേർ.

19 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ലോക്‌നിതി-സിഎസ്ഡിഎസ് സർവേ. ജർമൻ പൊളിറ്റിക്കൽ ഫൗണ്ടേഷനായ ദ കോൺറാഡ് അദെനോർ സ്റ്റിഫ്ടങ്ങുമായി സഹകരിച്ചാണ് സർവേ നടത്തിയത്. പരമ്പരാഗത വാര്‍ത്താ അവതരണ ശൈലികളെ നവീകരിക്കാന്‍ ആവശ്യപ്പെടുന്നതു കൂടിയാണ് സര്‍വേയുടെ കണ്ടെത്തലുകള്‍.

TAGS :

Next Story