Quantcast

ഉപജാതി വ്യത്യാസം; ഭർത്താവിനെ ഉപേക്ഷിച്ചുപോയ ഭാര്യ 10,000 രൂപ നൽകണം-ഉത്തരവുമായി ഗുജറാത്ത് കോടതി

ഭാര്യയെ കുടുംബം നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2022-05-11 11:40:05.0

Published:

11 May 2022 11:38 AM GMT

ഉപജാതി വ്യത്യാസം; ഭർത്താവിനെ ഉപേക്ഷിച്ചുപോയ ഭാര്യ 10,000 രൂപ നൽകണം-ഉത്തരവുമായി ഗുജറാത്ത് കോടതി
X

അഹ്‌മദാബാദ്: കുടുംബത്തിന്റെ സമ്മർദത്തെ തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച യുവതിക്ക് 10,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി. ഇരുവരുടെയും ഉപജാതിയിലെ വ്യത്യാസം കാരണമാണ് കുടുംബം ഭർത്താവിനെ ഉപേക്ഷിക്കാൻ യുവതിയെ നിർബന്ധിച്ചത്.

ഭാര്യയെ കുടുംബം നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് സമ്മർദമുണ്ടെന്ന പേരിൽ വിദ്യാസമ്പന്നരായ ദമ്പതികൾ തന്നെ ഇത്തരത്തിൽ വിവാഹബന്ധങ്ങൾ അവസാനിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ സോണിയ ഗോകണി, മൗന ഭട്ട് എന്നിവർ നിരീക്ഷിച്ചു.

ജാതി, ഉപജാതി പിടിവാശിയും സങ്കുചിത കാഴ്ചപ്പാടും മൂലം യുവാക്കളുടെ ജീവിതം ഇങ്ങനെ നശിപ്പിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് വിവാഹബന്ധം തുടരാതിരിക്കാനായി യുവതി പറഞ്ഞ കാരണങ്ങളൊന്നും തങ്ങൾക്ക് ബോധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമായാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഭാര്യയുടെ യുക്തിരഹിതവും അടിസ്ഥാനരഹിതവുമായ കാരണങ്ങളും ന്യായങ്ങളും കണക്കിലെടുത്ത് ഹരജിക്കാരന് 10,000 രൂപ നൽകാൻ ഉത്തരവിടുകയാണെന്നും കോടതി അറിയിച്ചു. നാല് ആഴ്ചയ്ക്കകം ഈ തുക നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

പട്ടേൽ സമുദായക്കാരാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞിച്ച് നാലു വർഷത്തിലേറെയായി. വർഷങ്ങളോളം ഒന്നിച്ചുജീവിച്ച ശേഷമാണ് ഇപ്പോൾ യുവതി വേർപിരിഞ്ഞ് കഴിയുന്നത്. ഉപജാതിയിൽ തങ്ങളുടെ സമുദായത്തിനു താഴെയുള്ളവരായാണ് ഭർത്താവിന്റെ കുടുംബത്തെ യുവതിയുടെ ബന്ധുക്കൾ ഗണിക്കുന്നത്. ഉപജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനത്തെ തുടർന്നാണ് യുവതിയെ കുടുംബം വീട്ടിൽ തടഞ്ഞുവച്ചതെന്നാണ് ആരോപണം. യുവാവിന്റെ പരാതിയെ തുടർന്ന് നേരത്തെ യുവതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പരാതിക്കാരനുമായുള്ള വിവാഹം അംഗീകരിച്ച യുവതി തങ്ങളുടെ ഉപജാതികൾ വ്യത്യസ്തമായതിനാൽ ഇതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.

Summary: Gujarat High Court directs wife to pay ₹10,000 to husband as she deserted him over difference in their sub-castes

TAGS :

Next Story