Quantcast

മാധ്യമഭീമൻ സുഭാഷ് ചന്ദ്ര രാജ്യസഭയിലേക്ക്; രാജസ്ഥാനിൽ അവസാന മണിക്കൂറിൽ കോൺഗ്രസിനെ ഞെട്ടിച്ച് ബി.ജെ.പി

രാജ്യസഭാ സ്ഥാനാർത്ഥിപ്പട്ടികയെച്ചൊല്ലി കോൺഗ്രസിനകത്ത് തലപൊക്കിയ മുറുമുറുപ്പ് തങ്ങൾക്ക് അനുകൂലമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സീ മീഡിയ തലവൻ സുഭാഷ് ചന്ദ്രയെ ബി.ജെ.പി ഇറക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-05-31 11:21:55.0

Published:

31 May 2022 11:17 AM GMT

മാധ്യമഭീമൻ സുഭാഷ് ചന്ദ്ര രാജ്യസഭയിലേക്ക്; രാജസ്ഥാനിൽ അവസാന മണിക്കൂറിൽ കോൺഗ്രസിനെ ഞെട്ടിച്ച് ബി.ജെ.പി
X

ജയ്പ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം രാജസ്ഥാനിൽ കോൺഗ്രസിനെ ഞെട്ടിച്ച് ബി.ജെ.പി. കോൺഗ്രസിന് ഉറപ്പുള്ള സീറ്റിൽ മാധ്യമഭീമൻ സുഭാഷ് ചന്ദ്ര ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ പുകയുന്ന അതൃപ്തി മുതലെടുക്കാനാണ് ബി.ജെ.പി നീക്കം.

നാല് രാജ്യസഭാ സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. നിയമസഭയിലെ സീറ്റുനില പ്രകാരം ഇതിൽ മൂന്ന് സീറ്റും കോൺഗ്രസ് ഉറപ്പിച്ചതാണ്. ബി.ജെ.പി ഒരു സീറ്റിലും ജയം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് പ്രഖ്യാപിച്ച പട്ടികയിൽ ഉൾപ്പെട്ട മൂന്നാമത്തെയാൾ ഉത്തർപ്രദേശുകാരനായ പ്രമോദ് തിവാരിയാണ്. അർഹരായ ആളുകൾ സംസ്ഥാനത്തുതന്നെ ഉണ്ടായിരിക്കെ അത്ര പ്രമുഖനൊന്നുമല്ലാത്ത പുറത്തുനിന്നുള്ളയാൾക്ക് സീറ്റ് നൽകിയതിൽ കോൺഗ്രസിനകത്ത് അമർഷം പുകയുകയാണ്. ഈ സമയത്താണ് അവസാന മണിക്കൂറിൽ ബി.ജെ.പിയുടെ അപ്രതീക്ഷിതനീക്കം.

സീ മീഡിയ കോർപറേഷൻ ഉടമസ്ഥരായ എസ്സൽ ഗ്രൂപ്പിന്റെ ചെയർമാനാണ് സുഭാഷ് ചന്ദ്ര. പ്രമോദ് തിവാരിക്കെതിരെയാണ് സുഭാഷ് ചന്ദ്ര മത്സരിക്കുന്നത്. സുഭാഷിനെ സ്വതന്ത്രസ്ഥാനാർത്ഥിയാക്കി കോൺഗ്രസിനകത്ത് നിലനിൽക്കുന്ന അതൃപ്തി മുതലെടുക്കാനാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ഇതോടൊപ്പം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത ഏതു നിമിഷവും പൊട്ടിത്തെറിക്കാനിടയുണ്ടെന്നും അവർ സ്വപ്‌നം കാണുന്നുണ്ട്.

കോൺഗ്രസിന്റെ ദേശീയവക്താവ് കൂടിയായ രൺദീപ് സിങ് സുർജേവാല, മുതിർന്ന നേതാവ് മുകുൾ വാസ്‌നിക് എന്നിവരാണ് രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ബി.ജെ.പിയുടെ ഉറച്ച സീറ്റിലേക്ക് ഘനശ്യാം തിവാരിയും മത്സരിക്കുന്നു. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്നു ഘനശ്യാം.

200 അംഗ രാജസ്ഥാൻ നിയമസഭയിൽ ഓരോ സ്ഥാനാർത്ഥികൾക്കും ജയിക്കാൻ 41 വോട്ടാണ് വേണ്ടത്. കോൺഗ്രസിന് 108 അംഗങ്ങളും ബി.ജെ.പിക്ക് 71 അംഗങ്ങളുമാണ് സഭയിലുള്ളത്.

അതേസമയം, പാർട്ടിക്കകത്തെ മുറുമുറുപ്പുകളെക്കുറിച്ചുള്ള വാർത്തകൾ അശോക് ഗെഹ്ലോട്ട് തള്ളി. കോൺഗ്രസിന്റെ മൂന്ന് സ്ഥാനാർത്ഥികളും ജയിക്കുമെന്നും സ്വന്തമായി ജയിക്കാൻ ശേഷിയില്ലെന്ന് അറിയുന്നതുകൊണ്ടാണ് സുഭാഷ് ചന്ദ്രയെ ബി.ജെ.പി ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കുതിരക്കച്ചവടം നടത്തി സംസ്ഥാനത്തെ അന്തരീക്ഷം മലിനമാക്കുമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

Summary: Subhash Chandra files nomination for Rajya Sabha from Rajasthan as BJP supported candidate as a surprise for Congress

TAGS :

Next Story