Quantcast

'നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയ്ക്കു ഭീഷണി'; കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി

ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഇടപെടല്‍

MediaOne Logo

Web Desk

  • Updated:

    2022-11-14 16:38:55.0

Published:

14 Nov 2022 12:58 PM GMT

നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയ്ക്കു ഭീഷണി; കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി
X

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന ആരോപണങ്ങളിൽ കടുത്ത നിരീക്ഷണങ്ങളുമായി സുപ്രിംകോടതി. നിർബന്ധിത മതപരിവർത്തനം ഗുരുതര പ്രശ്‌നമാണ്. അത്തരം നടപടികൾ അവസാനിപ്പിച്ചിട്ടില്ലെങ്കിൽ രാജ്യസുരക്ഷയ്ക്കു ഭീഷണിയായി മാറുമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ദുർമന്ത്രവാദവും അന്ധവിശ്വാസവും നിർബന്ധിത മതപരിവർത്തനവും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ജസ്റ്റിസുമാരായ എം.ആർ ഷാ, ഹിമ കോശി അംഗങ്ങളായ ബെഞ്ചാണ് ഹരജിയിൽ വാദംകേട്ടത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന വിഷയങ്ങൾ ശരിയാണെങ്കിൽ അതു രാജ്യസുരക്ഷയെ ബാന്ധിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി ഈ മാസം 22നുമുൻപ് വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നവംബർ 28ന് ഹരജിയിൽ വീണ്ടും വാദം കേൾക്കും.

മതപരിവർത്തനം ഭരണഘടനാപരമായി നിയമപരം തന്നെയാണ്. എന്നാൽ, നിർബന്ധിത മതപരിവർത്തനം അങ്ങനെയല്ല. പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ ബാധിക്കുന്നതുകൂടിയാണത്. അതിനാൽ വശീകരിച്ചും തട്ടിപ്പുകളിലൂടെയും നിർബന്ധിതമായും നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണം-കോടതി ആവശ്യപ്പെട്ടു.

''വളരെ ഗുരുതരമായ വിഷയമാണിത്. നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കിൽ അപകടകരമായ സ്ഥിതിവിശേഷമായിരിക്കും വരിക.''-കോടതി ചൂണ്ടിക്കാട്ടി.

ആദിവാസി മേഖലകളിൽ അത്തരം മതപരിവർത്തനങ്ങൾ ശക്തമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. പലപ്പോഴും തങ്ങളൊരു ക്രിമിനൽ കുറ്റത്തിന് ഇരയാകുകയാണെന്ന് അവർക്ക് തിരിച്ചറിയുന്നില്ല. തങ്ങളെ സഹായിക്കുകയാണെന്നാണ് അവർ കരുതുന്നതെന്നും തുഷാർ മേത്ത പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം രാജ്യവ്യാപകമായ പ്രശ്‌നമാണെന്നാണ് അശ്വിനി കുമാറിന്റെ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പിടിയിൽനിന്ന് ഒഴിവായ ഒരു ജില്ല പോലും രാജ്യത്തില്ല. ഭീഷണിപ്പെടുത്തിയും പണവും സഹായങ്ങളും നൽകി കബളിപ്പിച്ചും ദുർമന്ത്രവാദവും അന്ധവിശ്വാസവും അത്ഭുതങ്ങൾ വരെ കാണിച്ചും ഇത്തരത്തിൽ മതപരിവർത്തനം നടത്തുന്ന വാർത്തകൾ ഓരോ ആഴ്ചയും പുറത്തുവരുന്നുണ്ട്. ഇതു പൗരന്മാർക്ക് ഏൽപിക്കുന്ന പരിക്ക് വളരെ വലുതാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

Summary: ''Religious conversion by force and intimidation is a very serious issue which may affect the security of the nation as well as the freedom of religion and conscience of the citizens'', says Supreme Court

TAGS :

Next Story