Quantcast

ഭീമ കൊറെഗാവ് കേസ്: വരവരറാവുവിന് ജാമ്യം

ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം

MediaOne Logo

Web Desk

  • Published:

    10 Aug 2022 7:15 AM GMT

ഭീമ കൊറെഗാവ് കേസ്: വരവരറാവുവിന് ജാമ്യം
X

ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ കവിയും ആക്റ്റിവിസ്റ്റുമായ വരവരറാവുവിന് ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം. 84 വയസ്സുണ്ട് അദ്ദേഹത്തിന്.

ജാമ്യം നല്‍കരുതെന്ന എൻഐഎയുടെ വാദം കോടതി തളളി. അതേസമയം ഗ്രേറ്റർ മുംബൈ വിട്ട് പോകരുത് എന്നാണ് ജാമ്യവ്യവസ്ഥ. സാക്ഷികളുമായി ബന്ധപ്പെടുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു.

നിരോധിത മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് വരവരറാവുവിനെ അറസ്റ്റ് ചെയ്തത്. ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വരവരറാവു സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ യു യു ലളിത്, അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

രണ്ടര വർഷമാണ് വരവരറാവു ജയിലില്‍ കഴിഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളാൽ മാത്രമാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും കേസിന്റെ മെറിറ്റിന്റെ പ്രതിഫലനമായി ഇത് പരിഗണിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.

2018 ഓഗസ്റ്റ് 28നാണ് വരവരറാവുവിനെ അറസ്റ്റ് ചെയ്തത്. 2018 നവംബറിൽ അദ്ദേഹത്തെ മുംബൈയിലെ തലോജ ജയിലിലേക്ക് കൊണ്ടുപോയി. 2020ൽ ആരോഗ്യനില വഷളായപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. 2021 ഫെബ്രുവരിയിൽ ഹൈക്കോടതി 6 മാസത്തെ മെഡിക്കൽ ജാമ്യം അനുവദിച്ചു. മെഡിക്കൽ ജാമ്യം പിന്നീട് നീട്ടിക്കൊണ്ടിരുന്നു. പക്ഷേ ഹൈക്കോടതി അദ്ദേഹത്തിന് സ്ഥിരം ജാമ്യം അനുവദിക്കാൻ വിസമ്മതിക്കുകയും മെഡിക്കൽ ജാമ്യം താൽക്കാലികമായി മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. അതിനിടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

TAGS :

Next Story