Quantcast

'കോടതിയെ വിഡ്ഢിയാക്കാം എന്ന് കരുതിയോ'?; ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ കേസിൽ കേന്ദ്രസർക്കാരിന് പിഴയിട്ട് സുപ്രിംകോടതി

കേരളം സമർപ്പിച്ച ഉദ്യോഗസ്ഥരുടെ പട്ടിക ലഭിച്ചിട്ടില്ലെന്ന് പറഞ്ഞതിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പിഴയിട്ടത്

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-01-20 12:49:26.0

Published:

20 Jan 2026 6:13 PM IST

കോടതിയെ വിഡ്ഢിയാക്കാം എന്ന് കരുതിയോ?; ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ കേസിൽ കേന്ദ്രസർക്കാരിന് പിഴയിട്ട് സുപ്രിംകോടതി
X

ന്യുഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ കേസിൽ കേന്ദ്രസർക്കാരിന് പിഴയിട്ട് സുപ്രീംകോടതി. തെറ്റായ വിവരം കോടതിയെ അറിയിച്ചതിനാണ് സുപ്രിംകോടതി കേന്ദ്രസർക്കാരിന് 25,000 രൂപ പിഴയിട്ടത്. കോടതിയെ വിഡ്ഢിയാക്കാം എന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കോടതിയിൽ തെറ്റായ വിവരം അറിയിച്ചത്.

മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ കേസ് പരിഗണിച്ച സമയത്ത് നെതർലാൻഡിലേക്ക് പോവേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക സമർപ്പിക്കാൻ കേരളത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ അത്തരമൊരു പട്ടിക തന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രിംകോടതിയെ അറിയിച്ചത്. കേന്ദ്രസർക്കാർ മറുപടിയിൽ സംശയം പ്രകടിപ്പിച്ച കോടതി, ഉച്ചക്ക് ശേഷം വ്യക്തത വരുത്താൻ ആവശ്യപ്പെട്ടു. ഉച്ചക്ക് ശേഷം കോടതി കൂടിയപ്പോൾ കേരളം പട്ടിക സമർപ്പിച്ചിട്ടുണ്ടെന്ന് അഡീഷണൽ സോളിസ്റ്റർ ജനറൽ കോടതി അറിയിച്ചു.

അപ്പോഴാണ് രൂക്ഷപ്രതികരണം നടത്തി കോടതി പിഴ ചുമത്തിയത്. 'കോടതിയെ വിഡ്ഢിയാക്കാമെന്നാണോ നിങ്ങൾ കരുതുന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന്, പിഴ ചുമത്തുകയായിരുന്നു. ആഭ്യന്തരമന്ത്രാലയം പിഴ അടക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. ആദ്യം 50,000 രൂപ പിഴയാണ് സുപ്രിംകോടതി ചുമത്തിയത്. അഡീഷണൽ സോളിസ്റ്റർ ജനറലിൻ്റെ അഭ്യർത്ഥന മാനിച്ച് പിഴ 25,000 രൂപയാക്കുകയായിരുന്നു. പിഴ ഉദ്യോഗസ്ഥരിൽ നിന്നാണോ ഈടാക്കേണ്ടത് എന്ന സംശയം ഉയർന്നപ്പോഴാണ് ആഭ്യന്തര മന്ത്രാലയമാണ് പിഴയൊടുക്കേണ്ടത് എന്ന് കോടതി വ്യക്തമാക്കിയത്. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ ഇത്തരത്തിൽ വ്യക്തതയില്ലാത്ത കാര്യങ്ങളുമായി കോടതിയിൽ എത്തരുത് എന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.

TAGS :

Next Story