ഐഎസ് ബന്ധമാരോപിച്ച് യുഎപിഎ കേസ്: യുവാവിന്റെ ജാമ്യാപേക്ഷയിൽ എൻഐഎക്ക് സുപ്രിംകോടതി നോട്ടീസ്
ജാമ്യം നിഷേധിച്ച പ്രത്യേക കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളിയ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് യുവാവ് സുപ്രിംകോടതിയെ സമീപിച്ചത്.

Photo| Special Arrangement
ന്യൂഡൽഹി: നിരോധിത സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെതിരെ ചുമത്തിയ യുഎപിഎ കേസിലെ ജാമ്യാപേക്ഷയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക് സുപ്രിംകോടതി നോട്ടീസ്. കർണാടക സ്വദേശിയായ മസിൻ അബ്ദുൽ റഹ്മാൻ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതി ഇടപെടൽ.
ജാമ്യം നിഷേധിച്ച പ്രത്യേക കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളിയ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് മസിൻ അബ്ദുൽ റഹ്മാൻ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് മസിന്റെ ഹരജി പരിഗണിക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഭീഷണി ഉയർത്തുന്ന വ്യക്തികൾക്ക് സംരക്ഷണം നൽകാനായി ആർട്ടിക്കിൾ 21 ഉപയോഗിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി അപ്പീൽ തള്ളിയത്. ഐപിസി 120 ബി, 121, 121 എ, യുഎപിഎ 18, 20, 38 എന്നീ വകുപ്പുകളാണ് എൻഐഎ മസിൻ അബ്ദുൽ റഹ്മാനെതിരെ ചുമത്തിയിട്ടുള്ളത്.
നിരോധിത സംഘടനയായ ഐഎസിന്റെ ഭാഗമായിരുന്നുവെന്നും മറ്റ് കൂട്ടുപ്രതികളുമായി അടുത്ത ബന്ധം പുലർത്തി മംഗലാപുരത്ത് തീവയ്പ്പ് നടത്താൻ പദ്ധതിയിട്ടെന്നുമാണ് മസിനെതിരായ ആരോപണം. ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
എന്നാൽ താൻ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്ന ആരോപണങ്ങളൊന്നുമില്ലെന്ന് റഹ്മാൻ ഹൈക്കോടതിയിൽ വാദിച്ചു. റഹ്മാന്റെ കേസിൽ മുഴുവൻ കുറ്റപത്രവും പരിശോധിച്ചാൽ, ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് പറയാനാവില്ലെന്നും അതിനാൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
Adjust Story Font
16

