Quantcast

അന്ന് ബാബരി കേസിൽ നേര്‍ക്കുനേര്‍; ഇപ്പോൾ ഗ്യാൻവാപിയിൽ ഒന്നിച്ച്- സുപ്രിംകോടതി ബെഞ്ചിലെ 'കൗതുകക്കാഴ്ച'

ബാബരി കേസില്‍ ഹിന്ദു ഹരജിക്കാർക്കു വേണ്ടി സുപ്രിംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനായിരുന്നു ഗ്യാൻവാപി കേസ് പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചിലെ ജസ്റ്റിസ് പി.എസ് നരസിംഹ

MediaOne Logo

Web Desk

  • Updated:

    2022-05-17 13:48:00.0

Published:

17 May 2022 12:57 PM GMT

അന്ന് ബാബരി കേസിൽ നേര്‍ക്കുനേര്‍; ഇപ്പോൾ ഗ്യാൻവാപിയിൽ ഒന്നിച്ച്- സുപ്രിംകോടതി ബെഞ്ചിലെ കൗതുകക്കാഴ്ച
X

ന്യൂഡൽഹി: വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സമീപത്തു സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചിലുള്ളത് ബാബരി കേസുമായി നേരിട്ട് ബന്ധമുള്ള ജഡ്ജിമാർ. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഗ്യാൻവാപി കേസ് പരിഗണിക്കുന്നത്.

ബാബരി കേസിനുശേഷം സുപ്രീംകോടതി പരിഗണിക്കുന്ന ആദ്യത്തെ പള്ളി-ക്ഷേത്ര തർക്ക കേസ് കൂടിയാണിത്. 2019ൽ ബാബരി കേസിൽ അന്തിമവിധി പറഞ്ഞ അഞ്ചംഗ സുപ്രിംകോടതി ബെഞ്ചിലുണ്ടായിരുന്നയാളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്. ചരിത്രവിധിയിൽ ബാബരി ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാനായിരുന്നു കോടതി ഉത്തരവ്. പകരമായി പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി അനുവദിക്കാനും ഉത്തരവുണ്ടായി.

അതേസമയം, ജസ്റ്റിസ് പി.എസ് നരസിംഹ മറ്റൊരു വേഷത്തിലായിരുന്നു ബാബരി കേസിന്റെ ഭാഗമായത്. കേസിലെ ഹിന്ദു ഹരജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനായിരുന്നു നരസിംഹ. ബാബരി കേസിലെ ആദ്യ പരാതിക്കാരനായ ഗോപാൽ സിങ് വിശാരദിന്റെ മകൻ രാജേന്ദ്ര സിങ്ങിനു വേണ്ടിയായിരുന്നു അദ്ദേഹം കോടതിയിലെത്തിയത്.

1950ലാണ് ഗോപാൽ സിങ് വിശാരദ് ശ്രീരാമന്റെ ജന്മഭൂമിയിൽ ഒരു തടസവുമില്ലാതെ ആരാധന നിർവഹിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പള്ളിയുടെ കോംപൗണ്ടിൽ സ്ഥാപിച്ചിരുന്ന വിഗ്രഹങ്ങൾ നീക്കാനുള്ള കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യമുണ്ടായിരുന്നു.

കേസിൽ ഏറെക്കാലം പരാതിക്കാർക്കായി കോടതിയിൽ ഹാജരായിരുന്ന പി.എസ് നരസിംഹ 2021 ആഗസ്റ്റ് 31നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിതനാകുന്നത്. ജസ്റ്റിസുമാരായ ചന്ദ്രചൂഢിനൊപ്പം നരസിംഹയും അടുത്ത വർഷങ്ങളിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരാകാനിരിക്കുകയാണ്. ചന്ദ്രചൂഢ് ഈ വർഷം അവസാനത്തിൽ ചീഫ് ജസ്റ്റിസായേക്കും. രണ്ടു വർഷക്കാലയളവിലായിരിക്കും അദ്ദേഹം പരമോന്നത കോടതിയുടെ തലപ്പത്തിരിക്കുക. അതേസമയം, നരസിംഹ 2027ലായിരിക്കും ഈ പദവിയിലെത്തുക.

ഗ്യാൻവാപിയിൽ ആരാധനാ നിയന്ത്രണത്തിനു സ്റ്റേ

ഗ്യാൻവാപി മസ്ജിദിലെ വിഡിയോ സർവേ തടയണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ ഹരജിയാണ് സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്. കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയ കോടതി പള്ളിയിൽ ആരാധനാ നിയന്ത്രണം ഏർപ്പെടുത്തിയ വരാണസി കോടതി വിധി സ്‌റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസിൽ ഹിന്ദുസേനയ്ക്ക് നോട്ടീസ് അയയ്ക്കുകയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ശിവലിംഗം കണ്ടെത്തിയത് എവിടെയാണെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വാരാണസി കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 1991ലെ ആരാധനാലയ നിയമങ്ങൾക്ക് എതിരാണ് സർവേ എന്നാണ് കമ്മിറ്റി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡണ്ടും ഹരജി സമർപ്പിച്ചിരുന്നു.

പള്ളിയുടെ ഭാഗം സീൽ ചെയ്യാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുഫേസ അഹ്‌മദി പറഞ്ഞു. 'പരിശോധനയ്ക്ക് ശേഷം കെട്ടിടത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹരജി ഫയൽ ചെയ്യപ്പെട്ടു. ദൗർഭാഗ്യവശാൽ അപേക്ഷ കോടതി അംഗീകരിച്ചു. പ്രദേശം സീൽ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ആരാധനാലയങ്ങളുടെ തനതുസ്വഭാവം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന നിയമം പാലിക്കപ്പെട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണം. ഉത്തരവുകളെല്ലാം പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരാണ്'- അദ്ദേഹം ചൂണ്ടിക്കാട്ടി.

'കോടതി നിയോഗിച്ച കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കമ്മിഷണർ വുസുഖാനയ്ക്ക് അടുത്ത് ശിവലിംഗം കണ്ടുവെന്ന് പറഞ്ഞ് ഹരജി സമർപ്പിക്കപ്പെടുയായിരുന്നു. കോടതി ഈ വാദം കേട്ട് ഈ ഭാഗം സീൽ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. മസ്ജിദിലേക്കുള്ള പ്രവേശനം ഇപ്പോൾ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. എങ്ങനെയാണ് ആ സ്ഥലം സീൽ ചെയ്യാനാകുക. നിയമപരമല്ലാത്ത നിരവധി ഉത്തരവുകളാണ് ഉണ്ടായത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതിക്കാർക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ ഹരി ശങ്കർ ജയിൻ കോടതിയിലെത്തിയില്ല. എതിർ അഭിഭാഷകൻ എവിടെയെന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ചോദ്യത്തിന്, ഹരി ശങ്കർ ജയിന് ഹൃദയാഘാതമുണ്ടായി എന്നും ഇപ്പോൾ ആശുപത്രിയിലാണ് എന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകിയത്. ശിവലിംഗം കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ ഭാഗം സംരക്ഷിക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുമെന്ന് കോടതി പറഞ്ഞു. എന്നാൽ മുസ്ലിംകളുടെ ആരാധനാകർമങ്ങൾക്ക് ഒരു നിയന്ത്രണവുമുണ്ടാകാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

എന്താണ് ഗ്യാൻവാപി കേസ്?

വരാണസി കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുചേർന്നുള്ള ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ വിഡിയോഗ്രഫി സർവേ ആരംഭിച്ചത്. പള്ളിയുടെ പുറത്തെ മതിലിനോട് ചേർന്നുള്ള ചില വിഗ്രഹങ്ങളിൽ എല്ലാ ദിവസവും ആരാധനാകർമങ്ങൾ നടത്താൻ അനുമതി തേടി ഡൽഹി സ്വദേശിനികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ ഏപ്രിൽ 18ന് ജഡ്ജി ദിവാകർ വിഡിയോഗ്രഫി സർവേക്ക് ഉത്തരവിട്ടത്.

ശ്രീനഗർ ഗൗരി, ഗണേശ, ഹനുമാൻ, നന്തി വിഗ്രഹങ്ങളിൽ ആരാധന നടത്താൻ സൗകര്യം വേണമെന്നും വിഗ്രഹങ്ങൾ കേടുവരുത്തുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. മേയ് ആറ്, ഏഴ് തിയതികളിൽ പള്ളിയുടെ കോംപൗണ്ടിൽ സർവേ നടത്തുകയും വിഡിയോ പകർത്തുകയും ചെയ്യാനായിരുന്നു കോടതിയുടെ നിർദേശം. ഇതിന്റെ മേൽനോട്ടം വഹിക്കാനായി അജയ് കുമാർ മിശ്രയെ അഡ്വക്കറ്റ് കമ്മിഷണറായും നിയമിച്ചിരുന്നു.

മുഗൾ ഭരണാധികാരി ഔറംഗസീബ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ചുള്ള ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 1991ലാണ് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി ഹരജി കോടതിയിലെത്തിയത്. പള്ളിയുടെ കോംപൗണ്ടിൽ പ്രാർത്ഥനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി സ്വദേശിയായ രാഖി സിങ് എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ കോടതിയുടെ നടപടി.

Summary: Supreme Court judges, Justices DY Chandrachud and PS Narasimha, hearing Gyanvapi case were associated with Babri Masjid title dispute

TAGS :

Next Story