ഒരേ തസ്തികയും ഒരേ ജോലിയും; തുല്യവേതനം അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി
തുല്യവേതനത്തിന് വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി

ന്യൂഡല്‍ഹി: ഒരേ തസ്തികയിലിരുന്ന് സമാനമായ ജോലി ചെയ്യുന്നുവെന്ന കാരണത്താല്‍ തുല്യവേതനം അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി. തുല്യവേതനത്തിന് വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം വഴി അധ്യാപകരായവരും നേരിട്ട് നിയമനം ലഭിച്ച ജൂനിയര്‍ അധ്യാപകരും തമ്മിലുള്ള ശമ്പള തര്‍ക്കത്തിലാണ് കോടതിയുടെ ഇടപെടല്‍. സ്ഥാനക്കയറ്റം വഴി എത്തിയ അധ്യാപകരുടേതിന് തുല്യമായ വേതനം ആവശ്യപ്പെട്ടായിരുന്നു ജൂനിയര്‍ അധ്യാപകരുടെ ഹരജി.
ഒരേ തസ്തികയില്‍ ഒരേ ജോലിയും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനാല്‍ തുല്യവേതനം വേണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അവരുടെ പ്രവൃത്തിപരിചയവും സ്ഥാനവും സംരക്ഷിക്കാനാണ് ഉയര്‍ന്ന ശമ്പളം അനുവദിച്ചതെന്ന് സര്‍ക്കാര്‍ വാദിച്ചു.
ജൂനിയര്‍ അധ്യാപകരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചുവെങ്കിലും, ഡിവിഷന്‍ ബെഞ്ച് തള്ളി. ഹരജിക്കാര്‍ ഗുരുതരമായ വിവേചനം നേരിട്ടുവെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇതിനെ ചോദ്യം ചെയ്താണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
നിയമനരീതി, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല പരിചയം തുടങ്ങിയ കാര്യങ്ങള്‍ തുല്യവേതനത്തിനുള്ള മാനദണ്ഡങ്ങളാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഈ ഘടകങ്ങളിലെല്ലാം തുല്യതയുണ്ടെങ്കില്‍ മാത്രമേ തുല്യവേതനം പരിഗണിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.
'തുല്യജോലിക്ക് തുല്യവേതനം' എന്ന സിദ്ധാന്തം യാന്ത്രികമായി നടപ്പാക്കാന്‍ കഴിയില്ല. നിലവിലെ ശമ്പള സ്‌കെയിലുകള്‍ക്ക് സാധുവായ മാനദണ്ഡങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. മുതിര്‍ന്ന അഭിഭാഷകരായ വി. ഗിരിയും ഡോ. മേനക ഗുരുസ്വാമിയുമാണ് ഹരജിക്കാര്‍ക്ക് വേണ്ടി വാദിച്ചത്.
Adjust Story Font
16

