Quantcast

'മാപ്പപേക്ഷയിൽ പുരോഗതിയുണ്ട്; പക്ഷേ പത്രങ്ങളുടെ യഥാർഥ പേജ് ഹാജരാക്കണം': ബാബാ രാംദേവിനോട് സുപ്രിംകോടതി

പത്ര പേജുകളുടെ ഒറിജിനൽ ഹാജരാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇ-പേപ്പർ മാത്രമാണ് പതഞ്ജലി ഹാജരാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2024-04-30 15:21:41.0

Published:

30 April 2024 3:19 PM GMT

Supreme Court says Baba Ramdevs apology shows marked improvement
X

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി ആയുർവേദ് സ്ഥാപകരായ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച നിരുപാധിക മാപ്പപേക്ഷയിൽ പുരോഗതിയുണ്ടെന്ന് സുപ്രിംകോടതി. എന്നാൽ പരസ്യമായി മാപ്പ് പറഞ്ഞുള്ള പരസ്യം നൽകിയ പത്രങ്ങളുടെ യഥാർഥ പേജ് ഹാജരാക്കണമെന്ന് അഭിഭാഷകരോട് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

'നേരത്തെ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചപ്പോൾ കമ്പനിയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ക്ഷമാപണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്തായാലും ഒടുവിൽ അവർ കാര്യം മനസിലാക്കി'- ജസ്റ്റിസ് അമാനുല്ല പറഞ്ഞു. പത്ര പേജുകളുടെ ഒറിജിനൽ ഹാജരാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇ-പേപ്പർ മാത്രമാണ് ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് യഥാര്‍ഥ പേജ് തന്നെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. കേസ് വീണ്ടും വാദം കേള്‍ക്കാന്‍ മെയ് ഏഴിലേക്ക് മാറ്റി.

കേസിൽ അടുത്ത വാദം കേൾക്കുന്ന തീയതിയിൽ രാംദേവിനും ബാലകൃഷ്ണക്കും നേരിട്ട് ഹാജരാവുന്നതിൽ നിന്ന് ഒഴിവ് നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. അടുത്ത വാദം കേൾക്കുന്ന ദിവസത്തേക്ക് മാത്രം ഇളവ് അനുവദിച്ചതായി ബെഞ്ച് അറിയിച്ചു. കോവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2022ൽ സമർപ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ ഏപ്രിൽ 24നാണ് പതഞ്ജലി രണ്ടാമതും പത്രങ്ങളിൽ പരസ്യം നൽകിയത്. ആദ്യം നൽകിയ പരസ്യത്തിന് വലിപ്പം കുറവാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. അത്രയും വലിപ്പമുള്ള പരസ്യങ്ങൾക്ക് 10 ലക്ഷത്തിൽ കൂടുതൽ രൂപ ചെലവ് വരുമെന്ന് പതഞ്ജലി അഭിഭാഷകൻ മുകൾ റോഹ്ത്ത​ഗി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തെറ്റായ പരസ്യം നൽകുന്നതിന് ഭീമമായ തുക ചെലവാക്കാമെങ്കിൽ ഇതിലും അത് പാലിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു പുതിയ പരസ്യം നൽകിയത്. ഈ പരസ്യം സംബന്ധിച്ചാണ് കോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണം.

ഇതിനിടെ, പതഞ്ജലി ഫുഡ്സിന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 27.46 കോടി രൂപയുടെ ജി.എസ്.ടി അടയ്ക്കാത്തതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ്, ചണ്ഡീഗഡ് സോണൽ യൂണിറ്റിന്റെ നോട്ടീസ് ലഭിച്ചതായി പതഞ്ജലി ഫുഡ്സ് വ്യക്തമാക്കിയിട്ടുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് പിന്നാലെ പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമിക്കുന്ന 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ലൈസൻസിങ് അതോറിറ്റി സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

നിയമവിരുദ്ധമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികളും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അറിയിച്ച് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി ഒരു പൊതു അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു.





TAGS :

Next Story