Quantcast

പൊളിച്ചുനീക്കൽ: ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം; സി.പി.എം ഹരജി പിൻവലിച്ചു

പൊളിച്ചുനീക്കലിൽ എന്തുകൊണ്ടാണ് നടപടിക്രമങ്ങൾ പാലിക്കാത്തതെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. നോട്ടീസ് നൽകിയിട്ട് ചെയ്തുകൂടെ എന്നും കോടതി.

MediaOne Logo

Web Desk

  • Updated:

    2022-05-09 10:45:04.0

Published:

9 May 2022 9:27 AM GMT

പൊളിച്ചുനീക്കൽ: ഹൈക്കോടതിയെ  സമീപിക്കാൻ നിർദേശം; സി.പി.എം ഹരജി പിൻവലിച്ചു
X

ന്യൂഡൽഹി: ഷഹീൻബാഗിലെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ സിപിഎം നൽകിയ ഹരജിയിൽ ഇടപെടാനാവില്ലെന്ന് സുപ്രികോടതി. ഇരയാക്കപ്പെടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്ന് ബെഞ്ച് ചോദിച്ചു. പൊതുതാൽപര്യ വിഷയമായതിനാലാണ് ഹരജി നൽകിയതെന്ന് സിപിഎമ്മിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇരയാക്കപ്പെടുന്നവരോട് ഹരജി നൽകാൻ പറയൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ജനവാസകേന്ദ്രങ്ങളായതുകൊണ്ടാണ് ജഹാംഗീർപുരിയിൽ ഇടപെട്ടത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൊളിക്കലിൽ ഇടപെടാനാകില്ല. ജഹാംഗീർപുരിയിലെ പൊളിക്കലിന് മാത്രമാണ് സ്റ്റേ ഉള്ളതെന്നും കോടതി വ്യക്തമാക്കി. അനധികൃതമായി താമസിക്കുന്ന എല്ലാവർക്കും സംരക്ഷണം നൽകണോ എന്നും കോടതി ചോദിച്ചു.

ഹൈക്കോടതിയാണ് ഇത് പരിഗണിക്കേണ്ടതെന്നും അല്ലെങ്കിൽ ഹരജി തള്ളുമെന്നും കോടതി പറഞ്ഞു. തുടർന്ന് സിപിഎം ഹരജി പിൻവലിച്ചു. ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ ഇടപെടാമെന്ന് കോടതി പറഞ്ഞു. നാളെത്തന്നെ മെൻഷൻ ചെയ്യാൻ കോടതി അനുവാദം നൽകി.

പൊളിച്ചുനീക്കലിൽ എന്തുകൊണ്ടാണ് നടപടിക്രമങ്ങൾ പാലിക്കാത്തതെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. നോട്ടീസ് നൽകിയിട്ട് ചെയ്തുകൂടെ എന്നും കോടതി ആരാഞ്ഞു. റോഡിലെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഹരജിക്കാർ വിഷയത്തെ രാഷ്ട്രീയവതികരിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു.

TAGS :

Next Story