Quantcast

'പേരറിവാളന്റെ മോചനം രാഷ്ട്രപതിക്ക് വിട്ട നടപടി ഭരണഘടനാ ലംഘനം'; ഗവർണർക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

'മന്ത്രിസഭയുടെ ശിപാർശക്കനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്'

MediaOne Logo

Web Desk

  • Updated:

    2022-05-18 15:16:10.0

Published:

18 May 2022 1:44 PM GMT

പേരറിവാളന്റെ മോചനം രാഷ്ട്രപതിക്ക് വിട്ട നടപടി ഭരണഘടനാ ലംഘനം; ഗവർണർക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
X

ന്യൂഡൽഹി: പേരറിവാളന്റെ മോചനം രാഷ്ട്രപതിക്ക് വിട്ട തമിഴ്‌നാട് ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ശിപാർശക്കനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി ചോദിച്ചു. ഗവർണർ സ്വന്തം താൽപര്യമല്ല നടപ്പാക്കേണ്ടത്. സംസ്ഥാന സർക്കാറിന്റെ ചെറുരൂപം മാത്രമാണ് ഗവർണർ എന്നും മോചന ശിപാർശയിൽ കാലതാമസം ഉചിതമല്ലെന്നും കോടതി വിമർശിച്ചു. പേരറിവാളന്റെ മോചനം നൽകിയ ഉത്തരവിലാണ് കോടതിയുടെ വിമർശനം.

മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് പേരറിവാളന് നീതി ലഭിക്കുന്നത്. 1991 ജൂണിൽ പേരറിവാളൻ അറസ്റ്റിലാകുമ്പോൾ 19 വയസ്സാണ് പ്രായം. രാജീവ് ഗാന്ധിയുടെ കൊലയാളികൾക്ക് ബോംബ് ഉണ്ടാക്കാൻ ബാറ്ററി നൽകി എന്നതാണ് കുറ്റം. 1998 ൽ ടാഡാ കോടതി പേരറിവാളൻ ഉൾപ്പെടെ 25 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. 2014ൽ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

സെക്ഷൻ 432 പ്രകാരം നല്ല നടപ്പ് പരിഗണിച്ച് പ്രതികളെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്നും ഉത്തരവിൽ സുപ്രീംകോടതി എടുത്തുപറഞ്ഞു. 2015ൽ പേരറിവാളന്റെ അമ്മ നൽകിയ ദയാഹരജി യിൽ തമിഴ്‌നാട് സർക്കാർ പ്രതികളുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ചു. എന്നാൽ കേന്ദ്രസർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടില്ല. പേരറിവാളൻ നിരപരാധിയാണെന്ന് 2017 ൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

കൊലയാളികൾക്ക് ബാറ്ററി നൽകുമ്പോൾ അത് എന്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന പേരറിവാളന്റെ മൊഴി കേസ് ഡയറിയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ നിരവധി പ്രതിഷേധങ്ങൾ നടന്നു.

പേരറിവാളനെ വിട്ടയക്കണമെന്ന തമിഴ്‌നാട് സർക്കാറിന്റെ ശിപാർശ മൂന്ന് വർഷം പിടിച്ചുവെച്ച ശേഷമാണ് ഗവർണർ രാഷ്ട്രപതിക്ക് കൈമാറിയത്. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് പേരറിവാളനെ മോചിപ്പിച്ച് പരമോന്നത കോടതി അനുകൂല ഉത്തരവിട്ടത്. അർപുതമ്മാളിന്റെ നിയമപോരാട്ടത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാണ് പരമോന്നത കോടതിയുടെ വിധി. ഒപ്പം കേന്ദ്ര സർക്കാരിന്റെയും തമിഴ്‌നാട് ഗവർണറുടെയും നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്.

TAGS :

Next Story