Quantcast

'വിദ്വേഷ പ്രസംഗം നടത്തിയ വ്യക്തി': വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരായ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും

വിക്ടോറിയ ഗൗരിക്കെതിരായ പരാതി കൊളീജിയം ശിപാര്‍ശയ്ക്ക് ശേഷമാണ് ശ്രദ്ധയിൽ പെട്ടതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

MediaOne Logo

Web Desk

  • Updated:

    2023-02-06 14:37:14.0

Published:

6 Feb 2023 2:19 PM GMT

petition against appointment of victoria gowri as additional judge
X

വിക്ടോറിയ ഗൗരി

ഡല്‍ഹി: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായുള്ള വിക്ടോറിയ ഗൗരിയുടെ നിയമനം വിവാദത്തിൽ. വിദ്വേഷ പ്രസംഗം നടത്തിയതിന് വിമർശനം നേരിടുന്ന വിക്ടോറിയ ഗൗരിയുടെ പേര് കൊളീജിയം നിർദേശിച്ചതിന് എതിരായുള്ള ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും. ശിപാർശക്ക് ശേഷമാണ് പരാതികൾ ശ്രദ്ധയിൽപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.

വിവിധ ഹൈക്കോടതികളിലേക്ക് 13 ജഡ്ജിമാരെ നിയമിച്ച പട്ടികയിലാണ് മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജ് ആയി ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ പേരും ഇടംപിടിച്ചത്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ വിക്ടോറിയയെ കൊളീജിയം ശിപാർശ ചെയ്തത് ചോദ്യംചെയ്ത ഹരജി സുപ്രിംകോടതിയിലെത്തി. പിന്നാലെയാണ് നിയമന വിവരം നിയമമന്ത്രി പങ്കുവച്ചത്.

ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കാത്ത ഇത്തരം ആളുകളെ ശിപാർശ ചെയ്ത നടപടി പിന്‍വലിക്കണമെന്നായിരുന്നു ഹരജിയുടെ ഉള്ളടക്കം. വിക്ടോറിയയുമായി ബന്ധപ്പെട്ട പരാതി കൊളീജിയം ശിപാര്‍ശയ്ക്ക് ശേഷമാണ് ശ്രദ്ധയിൽ പെട്ടതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു. ഹരജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് മുതിർന്ന അഭിഭാഷൻ രാജു രാമചന്ദ്രനെ സുപ്രിംകോടതി അറിയിച്ചതിന് പിന്നാലെയാണ് നിയമനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്നത്.

ഉച്ചയ്ക്ക് കോടതി ചേർന്ന ഉടൻ നിയമനത്തെപ്പറ്റി രാജു രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ബോധ്യപ്പെടുത്തി. രാഷ്ട്രപതി നിയമന ഉത്തരവിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് കോടതി ഇടപെടണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. അടിയന്തര പ്രാധാന്യത്തോടെ ഹരജി കണക്കിലെടുത്ത കോടതി നാളെ പരിഗണിക്കാമെന്ന് അറിയിച്ചു. ജനുവരി 17ന് ചേർന്ന കൊളീജിയം യോഗമാണ് വിക്ടോറിയ ഗൗരിയെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ശിപാര്‍ശ ചെയ്തത്.

ആര്‍.എസ്.എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ വിരുദ്ധ ലേഖനമെഴുതിയെന്ന് വിക്ടോറിയ ഗൗരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരി ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ നേതാവാണ്. 'ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദോ ക്രിസ്ത്യൻ മിഷണറിയോ?', 'ക്രിസ്ത്യൻ മിഷണറിമാരുടെ സാംസ്കാരിക വംശഹത്യ' എന്നീ തലക്കെട്ടുകളിലാണ് വിക്ടോറിയ ഗൗരിയുടെ രണ്ട് അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

ഇത്തരം നിയമനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം അഭിഭാഷകര്‍ സുപ്രിംകോടതി കൊളീജിയത്തിനും രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളെ ജഡ്ജിയാക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് വിഘാതമാവുമെന്നും ജഡ്ജിയാക്കാനുള്ള നീക്കം പുനപ്പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകര്‍ തന്നെയാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഈ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്.

Summary- Centre clears Victoria Gowri as Additional Judge at Madras high court. Supreme Court to hear plea against collegium recommendation Tomorrow

TAGS :

Next Story