ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ കണ്ട മരുന്നു വാങ്ങി കഴിച്ചു; 19 കാരിക്ക് ദാരുണാന്ത്യം
ഒന്നാം വർഷ കോളജ് വിദ്യാർഥിനിയാണ്

ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ കണ്ട മരുന്നു വാങ്ങി കഴിച്ച വിദ്യാർഥി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. സെല്ലൂർ മീനാമ്പൽപുരം കാമരാജ് ക്രോസ് സ്ട്രീറ്റിലെ വേൽ മുരുകൻ്റെയും വിജയലക്ഷ്മിയുടെയും മകൾ കലൈയരശി (19)യാണ് മരിച്ചത്. ഒന്നാം വർഷ കോളജ് വിദ്യാർഥിനിയാണ്.
അമിതഭാരമാണെന്ന തോന്നലിൽ, തടി കുറയ്ക്കാനുള്ള മരുന്നുകൾ പറയുന്ന വീഡിയോകൾക്കായി യുവതി നിരന്തരം യൂട്യൂബിൽ തിരയാറുണ്ടായിരുന്നു. അതിനിടെയാണ് ഒരു ചാനലിൽ 'വെങ്കാരം' (ബോറാക്സ്) കഴിച്ചാൽ ഭാരം കുറയുമെന്ന് കാണുന്നത്. ജനുവരി 16 ന് കീഴമസി സ്ട്രീറ്റിലെ തെർമുട്ടിക്ക് സമീപമുള്ള നാടൻ മരുന്ന് കടയിൽ എത്തിയ യുവതി ബോറസ് വാങ്ങിയതായി പൊലീസ് പറഞ്ഞു.
ജനുവരി 17ന്, വീഡിയോയിൽ പറഞ്ഞതുപോലെ ബോറസ് കഴിച്ചു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിന് പിന്നാലെ മുനിസലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അന്ന് വൈകുന്നേരം രോഗ ലക്ഷണങ്ങൾ വീണ്ടും അനുഭവപ്പെടുകയും കഠിനമായ വയറുവേദനയും രക്തശ്രാവം ഉണ്ടാവുകയും ചെയ്തു.
അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. സെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Adjust Story Font
16

