Quantcast

പൊതു ഇടങ്ങളിലെ ജാതിപ്പേരുകൾ നീക്കംചെയ്യാൻ തമിഴ്നാട്; മാ‍ർ​ഗനിർദ്ദേശം പുറത്തിറക്കി സർക്കാർ

കുളങ്ങൾക്ക് പൂക്കളുടെ പേരുകളും തെരുവുകൾക്കും റോഡുകൾക്കും സന്യാസി, കവികൾ, പണ്ഡിതന്മാർ, നേതാക്കൾ എന്നിവരുടെ പേരുകൾ ഉപയോഗിക്കാനും സർക്കാർ നിർദ്ദേശത്തിലുണ്ട്

MediaOne Logo

Web Desk

  • Published:

    10 Oct 2025 5:53 PM IST

പൊതു ഇടങ്ങളിലെ ജാതിപ്പേരുകൾ നീക്കംചെയ്യാൻ തമിഴ്നാട്; മാ‍ർ​ഗനിർദ്ദേശം പുറത്തിറക്കി സർക്കാർ
X

Photo Credit | B. Jothi Ramalingam

ചെന്നൈ: പൊതു ഇടങ്ങളിലെ ജാതി അടിസ്ഥാനപ്പെടുത്തിയുള്ളതും വിവേചന പരവുമായ ബോർഡുകൾ, സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ്റ്റാൻ്റുകൾ, ​ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവയുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ തമിഴ്നാട് സ‍‍‍‍ർക്കാർ ഉത്തരവ്. കോളനി എന്ന പദം ഔദ്യോഗിക രേഖകളിൽ നിന്നും പൊതു ഉപയോഗത്തിൽ നിന്നും നീക്കം ചെയ്യുമെന്ന് ഏപ്രിൽ 29 ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ മാർഗ്ഗനിർദ്ദേശം.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള പേരുകൾ പ്രത്യേക സമൂഹത്തെ അപമാനിക്കുന്നതാണോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തണം. ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസർമാർ, പഞ്ചായത്തുകളിലെ എക്സിക്യൂട്ടീവ് ഓഫീസർമാർ, മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും കമ്മീഷണർമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കണം ഇത്.

പേരുകളുടെ പട്ടിക തയ്യാറാക്കിയ ശേഷം, പ്രാദേശിക സാഹചര്യം വിലയിരുത്തുകയും പ്രദേശവാസികളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുകയും ചെയ്യണം. നിലവിലുള്ള പേരിൽ എതിർപ്പില്ലെങ്കിൽ, അതേ പേര് നിലനിർത്തണം. പേര് അപമാനകരമോ കുറ്റകരമോ ആണെന്ന് കണ്ടെത്തുകയും താമസക്കാർ മാറ്റം ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, അതിൽ പുനർനാമകരണം ചെയ്യണം.

ആദിദ്രാവിഡാർ കോളനി, ഹരിജൻ കോളനി, വണ്ണംകുളം, പറയർ സ്ട്രീറ്റ്, ചക്കിലിയാർ ശാലൈ തുടങ്ങിയ പേരുകൾ പുനർനാമകരണം ചെയ്യണം. അത്തരം സ്ഥലങ്ങിൽ പ്രദേശവാസികളുമായി കൂടിയാലോജിച്ച് ജാതി-നിഷ്പക്ഷവും സാമൂഹികമായി ഉൾക്കൊള്ളുന്നതുമായ പേരുകൾ ഉപയോഗിക്കണം. കുളങ്ങൾക്ക് പൂക്കളുടെ പേരുകളും തെരുവുകൾക്കും റോഡുകൾക്കും സന്യാസി, കവികൾ, പണ്ഡിതന്മാർ, നേതാക്കൾ എന്നിവരുടെ പേരുകൾ ഉപയോഗിക്കാനും സർക്കാർ നിർദ്ദേശത്തിലുണ്ട്. ഗ്രാമപഞ്ചായത്തുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പേരുകൾ മാറ്റുമ്പോൾ ഗ്രാമസഭയുടെയും മറ്റും അംഗീകാരം ആവശ്യമാണ്. നിലവിലുള്ള പേര് നിലനിർത്തണമെങ്കിൽ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കണം. പരിശോധനകൾക്ക് ശേഷം, കളക്ടർ ജില്ലാ ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും, പൊതുജനങ്ങൾക്ക് ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ രേഖാമൂലം സമർപ്പിക്കുന്നതിന് 21 ദിവസത്തെ സമയം അനുവദിക്കുയും ചെയ്യണമെന്നും സർക്കാർ പുറത്തിറക്കിയ മാർ​ഗനിർദ്ദേശത്തിൽ പറയുന്നു.

TAGS :

Next Story