'ജോലിഭാരം ആരോഗ്യത്തെ കാർന്നുതിന്നുകയാണ്, സമ്മര്‍ദം പുകവലിയേക്കാള്‍ ഭീകരമെന്ന് ഡോക്ടര്‍'; നൊമ്പരക്കുറിപ്പുമായി യുവാവ്
തൊഴിലിടങ്ങളില്‍ സമാനമായ അനുഭവം നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിപേരാണ് പോസ്റ്റിന് കീഴില്‍ ഒരുമിച്ചുകൂടിയിരിക്കുന്നത്

ന്യൂഡല്‍ഹി: ജോലിസമ്മര്‍ദം ആരോഗ്യത്തെ അനുനിമിഷം വഷളാക്കിക്കൊണ്ടിരിക്കുന്നതായും പുകവലിയേക്കാള്‍ ഭീകരമായി ശരീരത്തിന് ദോഷം ചെയ്യുന്നതായും ഡോക്ടര്‍ പറഞ്ഞതായുള്ള നൊമ്പരക്കുറിപ്പുമായി യുവാവ്. ദീര്‍ഘനേരമായുള്ള ജോലി ആരോഗ്യത്തെ ക്ഷീണിപ്പിക്കുന്നുണ്ടെന്നും എത്രയും വേഗം ഇടവേളയെടുക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചതായും കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍, താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡോക്ടറെ കണ്ടുവരികയാണെന്നും യുവാവ് പറയുന്നുണ്ട്. ഇത്തവണ താന്‍ ഡോക്ടറെ കണ്ടപ്പോള്‍ തനിക്ക് ഉത്കണ്ഠ അമിതമായെന്നും ജോലിസമ്മര്‍ദം തന്നെ ഭാരക്കുറവിലേക്ക് കൊണ്ടെത്തിച്ചെന്നും അദ്ദേഹം പറഞ്ഞതായി ചെറുപ്പക്കാരന്‍ ചൂണ്ടിക്കാട്ടി.
'അവസാനം ഞാന്‍ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം എന്റെ ചാര്‍ട്ടുകളെല്ലാം പരിശോധിച്ചു. ശേഷം, ഈ ജോലി തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും എത്രയും വേഗം ഇടവേളയെടുക്കണമെന്നും പറഞ്ഞു. തന്റെ ഹൃദയമിടിപ്പ് പരിശോധിച്ച ശേഷം എന്തോ ഗുരുതരമായ പ്രശ്‌നം സംഭവിക്കാനിരിക്കുന്നുവെന്ന് പറയുകയും ചെയ്തു.' അയാള്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ അമിതമായ ജോലിഭാരം കാരണം ധാരാളമാളുകള്‍ സമീപകാലത്ത് തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇടവേളയെടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധി കാരണം സാധ്യമല്ലെന്ന് പറയുകയും ചെയ്തതായും ഡോക്ടര്‍ പറഞ്ഞതായി ചെറുപ്പക്കാരന്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലിടങ്ങളില്‍ സമാനമായ അനുഭവം നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിപേരാണ് പോസ്റ്റിന് കീഴില്‍ ഒരുമിച്ചുകൂടിയിരിക്കുന്നത്.
'സമാനരീതിയിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ് ഞാന്‍. പ്രശ്‌നക്കാരായ സഹപ്രവര്‍ത്തകരാണ് ചുറ്റിലും. രാഷ്ട്രീയം നിയന്ത്രിക്കുന്ന ഓഫീസ്. മേല്‍ത്തട്ടിലുള്ളവരുടെ ചവിട്ടിത്താഴ്ത്തലുകള്‍. ആരോഗ്യം ശ്രദ്ധിക്കാനേ കഴിയുന്നില്ല. സാധാരണഗതിയില്‍ നിന്ന് ഞാന്‍ ഗതിമാറിയിട്ട് ഏതാണ്ട് നാല് മാസമായി. വൈകിയാണ് ആ സത്യം ഞാന്‍ മനസിലാക്കുന്നത്. നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു ജോലിയിലും അധികനാള്‍ തുടരരുത്'. ഒരാള്‍ കമന്റ് ചെയ്തു.
നിങ്ങള്‍ എത്രയും വേഗം ഡോക്ടറുടെ അഭിപ്രായപ്രകാരം ഇടവേളയെടുത്ത് വിശ്രമിക്കണമെന്ന് മറ്റൊരാള്‍ കുറിച്ചു. ചെറുപ്പക്കാരന്റെ പോസ്റ്റിന് പിന്നാലെ ഇന്ത്യന്‍ തൊഴില്‍ സംസ്‌കാരങ്ങളെ കുറിച്ചും മര്യാദകളെ കുറിച്ചും വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Adjust Story Font
16

