Quantcast

ദുർമന്ത്രവാദം നടത്തിയെന്ന്; ദമ്പതികളെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ

വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

MediaOne Logo

Web Desk

  • Published:

    19 Jun 2023 6:24 PM IST

Telangana Couple Tortured, Tied To Tree alleged Black Magic
X

ഹൈദരാബാദ്: ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ദമ്പതികളെ മരത്തിൽ‌ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ. തെലങ്കാനയിലെ സങ്കറെഡ്ഡിയിലെ സദാശിവപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോൽകുരു ഗ്രാമത്തിൽ രണ്ട് ദിവസം മുമ്പാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ദമ്പതികളെ മരത്തിൽ കെട്ടിയിരിക്കുന്നതും നിരവധി ഗ്രാമീണർ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യാദയ്യ, ഭാര്യ ശ്യാമമ്മ എന്നിവരാണ് മർദനത്തിന് ഇരയായത്. ഇരുവരും മന്ത്രവാദം നടത്തുന്നവരാണെന്ന് നാട്ടുകാർ ആരോപിച്ചതായി പൊലീസ് പറയുന്നു.

ആരോപണത്തിന് പിന്നാലെ, നാട്ടുകാർ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരേയും വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മർദിച്ച ശേഷം ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പെലീസ് സംഘം സ്ഥലത്തെത്തി ദമ്പതികളെ രക്ഷപ്പെടുത്തി.

"മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ചില ഗ്രാമവാസികൾ ദമ്പതികളെ മരത്തിൽ കെട്ടിയിരുന്നു. ഇരകൾക്ക് സാരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്"- സർക്കിൾ ഇൻസ്പെക്ടർ നവീൻ പറഞ്ഞു.


TAGS :

Next Story