മകൾക്ക് പേരിടാൻ ദമ്പതികൾ കാത്തിരുന്നത് ഒമ്പതുവർഷം; ഒടുവിൽ പേരിട്ട് മുഖ്യമന്ത്രി
2013-ലാണ് അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴവള്‍ അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്
ഹൈദരാബാദ്: തെലങ്കാനയിലെ ദമ്പതികളായ സുരേഷിന്റെയും അനിതയുടെയും ഒമ്പതുവർഷത്തെ കാത്തിരിപ്പാണ് കഴിഞ്ഞദിവസം അവസാനിച്ചത്. തങ്ങൾക്ക് പിറന്ന മകൾക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പേരിടണമെന്നായിരുന്നു അവരുടെ ആഗ്രഹം. മുലുഗു ജില്ലയിലെ ഭൂപാലപള്ളി മണ്ഡലത്തിലെ നന്ദിഗമ സ്വദേശികളായ ഇരുവരും തെലങ്കാന പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തവരായിരുന്നു.
2013-ലാണ് അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. തെലങ്കാന പ്രസ്ഥാനത്തെ നയിക്കുന്ന കെ.സി.ആർ തന്നെ മകൾക്ക് പേരിടണം എന്നവർ ആഗ്രഹിച്ചു. പക്ഷേ പലകാരണങ്ങൾകൊണ്ട് അവർക്ക് കെ.സി.ആറിനെ കാണാൻ സാധിച്ചില്ല. ഔദ്യോഗികമായി പേര് നൽകാതെ അവർ മകളെ വളർത്തി. പക്ഷേ അവളുടെ പേര് താൽക്കാലികമായി ആധാറിൽ 'ചിട്ടി' എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ അഞ്ചാം ക്ലാസിലാണ് അവൾ പഠിക്കുന്നത്. മാതാപിതാക്കളുടെ അസാധാരണമായ കാത്തിരിപ്പ് തെലങ്കാന രാഷ്ട്ര സമിതിയിൽ നിന്നുള്ള നിയമസഭാ കൗൺസിൽ അംഗവും മുൻ നിയമസഭാ സ്പീക്കറുമായ എസ് മധുസൂദന ചാരി അറിയാനിടയായി. ഉടനെ തന്ന അദ്ദേഹം ദമ്പതികളെയും മകളെയും ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് കൊണ്ടുവന്നു.
റാവു ദമ്പതികളെ അനുഗ്രഹിക്കുകയും ഒമ്പത് വയസ്സുള്ള മകൾക്ക് 'മഹതി' എന്ന് പേരിടുകയും ചെയ്തു. മുഖ്യമന്ത്രിയും ഭാര്യയും ദമ്പതികൾക്ക് സമ്മാനങ്ങൾ നൽകുകയും പരമ്പരാഗത രീതിയിൽ സ്വീകരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു. ഏറെക്കാലത്തെ കാത്തിരിപ്പ് അവസാനിച്ചതിലും മകൾക്ക് പേരിട്ടതിലും സുരേഷും അനിതയും മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു.
Adjust Story Font
16