Quantcast

തെലങ്കാന കുതിരക്കച്ചവടം: തുഷാർ വെള്ളാപ്പള്ളിക്കും ബി.എല്‍ സന്തോഷിനും ലുക്കൗട്ട് നോട്ടീസ്; കുരുക്ക് വീഴുമോ?

ബി.ജെ.പിയിലേക്ക് കൂറുമാറാൻ ടി.ആർ.എസ് എം.എൽ.എമാർക്ക് തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്നാണ് കെ.സി.ആർ ആരോപിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-22 08:10:57.0

Published:

22 Nov 2022 8:08 AM GMT

തെലങ്കാന കുതിരക്കച്ചവടം: തുഷാർ വെള്ളാപ്പള്ളിക്കും ബി.എല്‍ സന്തോഷിനും ലുക്കൗട്ട് നോട്ടീസ്; കുരുക്ക് വീഴുമോ?
X

ഹൈദരാബാദ്: തെലങ്കാന കുതിരക്കച്ചവടക്കേസിൽ എൻ.ഡി.എ കേരള കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്. ടി.ആർ.എസ് എം.എൽ.എമാരെ പണംനൽകി ബി.ജെ.പിയിലെത്തിക്കാൻ ശ്രമിച്ചെന്ന കേസിലാണ് തെലങ്കാന പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്.ഐ.ടി) നടപടി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

എസ്.ഐ.ടി സമൻസിൽ ചോദ്യംചെയ്യാൻ മൂന്നുപേരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം. സമൻസ് അയച്ചവരിൽ ബി. ശ്രീനിവാസ് മാത്രമാണ് ചോദ്യംചെയ്യലിനെത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടി തെലങ്കാന ഹൈക്കോടതിയുടെ നിയമോപദേശം തേടിയിരുന്നു.

ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാനുള്ള ഗൂഢനീക്കത്തിൽ പ്രധാന പങ്കുവഹിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി തലവനുമായ കെ. ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്‌തെന്നാണ് കെ.സി.ആർ ആരോപിച്ചത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാൻ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തെലങ്കാന മുഖ്യമന്ത്രി ഹാജരാക്കിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബി.ജെ.പിയുടെ വാദം.

മുഖ്യമന്ത്രി തന്നെ ഉന്നയിച്ച ആരോപണമായതിനാൽ വിഷയത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷസംഘം കാണുന്നത്. തിങ്കളാഴ്ച ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തുഷാറിന് എസ്.ഐ.ടി സമൻസ് അയച്ചിരുന്നു. ദിവസങ്ങൾക്കുമുൻപ് കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിൽ തെലങ്കാന പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സമൻസ്.

Summary: The Telangana Special Investigation Team (SIT) probing the alleged attempt to poach TRS MLAs has issued a lookout notice against NDA Kerala convenor Thushar Vellappally, BJP national general secretary BL Santhosh and Jaggu Swamy

TAGS :

Next Story