Quantcast

'എന്റെ മുത്തച്ഛനെ കൊന്നവരുടെ വലംകൈയാണ് ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ്'; കോൺ​ഗ്രസ് എം.പി

ഈ ഗുണ്ടാസംഘങ്ങളും ഭീകരരും ഉയർത്തുന്ന ഭീഷണികൾ കൈകാര്യം ചെയ്യുന്നതിൽ കനേഡിയൻ സർക്കാർ ആത്മാർഥത കാണിച്ചില്ലെന്നും ബിട്ടു ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    21 Sep 2023 4:29 PM GMT

Terrorist Nijjar was right hand of killers of my grandfather Say Congress MP
X

ന്യൂഡൽഹി: കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിനെതിരെ കോൺ​ഗ്രസ് എം.പി. തന്റെ മുത്തച്ഛനെ കൊന്ന കൊലയാളികളുടെ വലംകൈയാണ് ഖലിസ്ഥാനി ഭീകരൻ നിജ്ജറെന്ന് കോൺഗ്രസ് എം.പി രവ്‌നീത് സിങ് ബിട്ടു പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിക്ക് ഹർദീപ് സിങ്ങിനെ പോലുള്ള തീവ്രവാദികളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

1995ൽ ഖലിസ്ഥാനികളാൽ വധിക്കപ്പെട്ട മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് രവ്‌നീത് സിങ് ബിട്ടു. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെയാണ് ബിട്ടുവിന്റെ ആരോപണം. 1993ൽ കാനഡയിൽ പോയ നിജ്ജറിന് അവിടെ പൗരത്വം ലഭിച്ചു. നിജ്ജറും കൂട്ടരും മോസ്റ്റ് വാണ്ടഡ് ​ഗുണ്ടാസംഘങ്ങളിലും മയക്കുമരുന്ന് കച്ചവടക്കാരിലും ഉൾപ്പെട്ടവരാണെന്നും കോൺഗ്രസ് എം.പി പറഞ്ഞു.

ഈ ഗുണ്ടാസംഘങ്ങളും ഭീകരരും ഉയർത്തുന്ന ഭീഷണികൾ കൈകാര്യം ചെയ്യുന്നതിൽ കനേഡിയൻ സർക്കാർ ആത്മാർഥത കാണിച്ചില്ലെന്നും രവ്‌നീത് സിങ് ബിട്ടു ആരോപിച്ചു. 'ട്രൂഡോയുടെ പിതാവും അദ്ദേഹത്തിന്റെ പാർട്ടിയും തീവ്രവാദ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിൽ ആത്മാർഥത പുലർത്തിയിരുന്നെങ്കിൽ, അവർ 1985ലെ എയർ ഇന്ത്യ-182 ബോംബാക്രമണത്തെക്കുറിച്ച് ശരിയായി അന്വേഷിക്കുമായിരുന്നു. നേരത്തെ പാകിസ്താൻ എന്തായിരുന്നോ അതേ റോൾ തന്നെയാണ് ഇപ്പോൾ കാനഡയും വഹിക്കുന്നത്'- ബിട്ടു ആരോപിച്ചു.

'ഈ ഗുണ്ടാസംഘങ്ങൾ കാനഡയിൽ നിന്ന് പഞ്ചാബിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുകയും പഞ്ചാബി യുവാക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. നിജ്ജറും സംഘവും കാനഡയിലെ ഞങ്ങളുടെ ഗുരുദ്വാരകൾ പിടിച്ചെടുത്തു. ഞങ്ങൾ അവിടെ നടത്തുന്ന വഴിപാടുകളുടെ പണം മുഴുവനും എടുത്ത് ട്രൂഡോയുടെ പാർട്ടിക്ക് നൽകുന്നു'- കോൺഗ്രസ് എംപി കൂട്ടിച്ചേർത്തു.

ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽപെടുത്തുകയും ചെയ്ത ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകമാണ് ഇന്ത്യ– കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്. ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജർ കൊല്ലപ്പെട്ടത്.

കാനഡ– യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് അജ്ഞാതരാണ് വെടിവച്ചതെന്നും ഹർദീപ് തൽക്ഷണം മരിച്ചെന്നുമാണ് റിപ്പോർട്ട്.

ഹർദീപ് സിങ്ങിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ പേരിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയിരുന്നു. ഇതിൽ തിരിച്ചടിച്ച് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കയിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം നടപടി അറിയിച്ചത്.



TAGS :

Next Story