Quantcast

ബ്രിട്ടീഷുകാർ 200 വർഷക്കാലം ഇന്ത്യയെ കൊള്ളയടിച്ചു; ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിയെക്കാൾ ധനികനായ ഇന്ത്യക്കാരനെക്കുറിച്ചറിയാം

ഗോപിചന്ദ് ഹിന്ദുജയും കുടുംബവുമാണ് 33.67 ലക്ഷം കോടിയുടെ ആസ്തിയുമായി ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ വംശജർ.

MediaOne Logo

Web Desk

  • Published:

    21 May 2025 4:25 PM IST

ബ്രിട്ടീഷുകാർ 200 വർഷക്കാലം ഇന്ത്യയെ കൊള്ളയടിച്ചു; ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിയെക്കാൾ ധനികനായ ഇന്ത്യക്കാരനെക്കുറിച്ചറിയാം
X

ന്യൂഡൽഹി: ഏകദേശം 200ലധികം വർഷക്കാലം ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചു. ഇക്കാലയളവിൽ ഇന്ത്യയിലെ ഒരുപാട് വിലകൂടിയ വസ്തുക്കൾ ബ്രിട്ടീഷ് ഭരണകൂടം സ്വന്തം രാജ്യത്തെത്തിക്കുകയും ചെയ്തു. ഇന്ത്യയിൽ വലിയ കൊള്ള നടത്തി വർഷങ്ങൾക്ക് ശേഷം 2025ൽ ടൈംസ് മാഗസിൻ പ്രസിദ്ധീകരിച്ച ബ്രിട്ടനിലെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാരന്.

ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബത്തിന് ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പത്തുണ്ടെന്നാണ് ടൈംസ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാവുന്നത്. ബ്രിട്ടനിലുടനീളം സ്വാധീനമുള്ള ഈ ഇന്ത്യക്കാരനാണ് ടൈംസ് മാഗസിൻ തെരഞ്ഞെടുത്ത 2025ലെ ഏറ്റവും ധനികനായ വ്യക്തി.

ഗോപിചന്ദ് ഹിന്ദുജയും കുടുംബവുമാണ് 33.67 ലക്ഷം കോടിയുടെ ആസ്തിയുമായി ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ വംശജർ. 8000 കോടി രൂപയുടെ വ്യത്യാസത്തിലാണ് ഡേവിഡ്, സൈമൺ റൂപൻ കുടുംബത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗോപിചന്ദ് ഒന്നാമതെത്തിയത്. ട്രക്കിങ്, ലൂബ്രിക്കന്റ്, ബാങ്കിങ്, കേബിൾ ടെലിവിഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഹിന്ദുജ ഗ്രൂപ്പ്.

ഗോപിചന്ദ് ഹിന്ദുജ

ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനാണ് ഗോപിചന്ദ് ഹിന്ദുജ. മൂത്ത സഹോദരൻ ശ്രീചന്ദ് ഹിന്ദുജയുടെ മരണത്തെത്തുടർന്ന് 2023 ലാണ് ഗോപിചന്ദ് പദവിയേറ്റെടുത്തത്. ലണ്ടനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ സ്വാധീനമുള്ള കുടുംബമാണ് ഗോപിചന്ദിന്റേത്. വൈറ്റ് ഹാളിലെ പ്രശസ്തമായ ഓൾഡ് വാർ ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന റാഫ്ൾസ് ലണ്ടൻ ഹോട്ടലാണ് ഇതിൽ പ്രധാനപ്പെട്ടത്.

1958 ൽ മുംബൈയിലെ ജയ്ഹിന്ദ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് നേടി. ഇത് കൂടാതെ ലണ്ടനിലെ റിച്ച്മണ്ട് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. അതിന് പിന്നാലെയാണ് സ്വന്തമായി ബിസിനസെന്ന ആഗ്രഹപൂർത്തീകരണത്തിനിറങ്ങിയത്.

ഗോപീചന്ദിന്റെ നേതൃത്വത്തിൽ 1984 ൽ ഹിന്ദുജ ഗ്രൂപ്പ് ഗൾഫ് ഓയിൽ ഏറ്റെടുത്തു. തുടർന്ന് മൂന്നു വർഷത്തിനുള്ളിൽ അശോക് ലെയ്ലാൻഡും ഏറ്റെടുത്തു. ഗോപീചന്ദിന്റെ ബിസിനസ് സാമ്രാജ്യം പ്രധാനമായും ലണ്ടനിലാണ്.സഹോദരങ്ങളായ പ്രകാശ് മൊണാക്കോയിലും അശോക് മുംബൈയിലെ ബിസിനസും നോക്കിനടത്തുന്നു.

ഹിന്ദുജ സഹോദരങ്ങൾക്കിടയിൽ സ്വത്തുതർക്കമുണ്ടായതിനെ തുടർന്ന് കുറച്ചുകാലം കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. പിന്നീട് 2022 നവംബറിൽ പരാതികൾ പിൻവലിച്ച് ഒന്നിച്ച് പ്രവർത്തിക്കാൻ സഹോദരങ്ങൾ തീരുമാനിക്കുകയായിരുന്നു.

TAGS :

Next Story