Quantcast

മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നു; സ്വകാര്യത ലംഘിച്ച ഹോട്ടലിന് 10 ലക്ഷം പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

ചെന്നൈ (നോർത്ത്) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയത്

MediaOne Logo
മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നു; സ്വകാര്യത ലംഘിച്ച ഹോട്ടലിന് 10 ലക്ഷം പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ
X

ചെന്നൈ: ഹോട്ടലിൽ താമസിച്ച അതിഥികളുടെ സ്വകാര്യത ലംഘിച്ചതിന് ഉദയ്പൂരിലെ പ്രശസ്ത ആഡംബര ഹോട്ടലായ ദി ലീലാ പാലസിന് 10 ലക്ഷം രൂപ പിഴയിട്ടു. ചെന്നൈ സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിലാണ് ചെന്നൈ (നോർത്ത്) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.

കഴിഞ്ഞ വർഷം ജനുവരി 26-ാണ് ഒരു ദിവസത്തെ താമസത്തിനായി ചെന്നൈ സ്വദേശിയായ അഭിഭാഷകനും ഭാര്യയും ഹോട്ടലിൽ മുറിയെടുത്തത്. 55,500 രൂപയായിരുന്നു ഒരു ദിവസത്തെ വാടക. ദമ്പതികൾ വാഷ്റൂമിലായിരുന്ന സമയത്ത് ഹൗസ് കീപ്പിംഗ് ജീവനക്കാരൻ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്ന് അകത്തുകയറി എന്നാണ് പരാതി. 'സർവീസ് വേണ്ട' എന്ന് ദമ്പതികൾ വിളിച്ചു പറഞ്ഞിട്ടും അത് അവഗണിച്ച് അകത്തുകയറിയ ജീവനക്കാരൻ വാഷ്റൂമിന്റെ തകരാറുള്ള വാതിലിലൂടെ അകത്തേക്ക് എത്തിനോക്കിയതായും പരാതിയിൽ പറയുന്നു.

മുറിയിൽ അതിഥികൾ ഉള്ളപ്പോൾ ജീവനക്കാരൻ മാസ്റ്റർ കീ ഉപയോഗിച്ച് അകത്തുകയറുന്നത് ഗുരുതരമായ വീഴ്ചയും സ്വകാര്യതാ ലംഘനവുമാണെന്ന് കമ്മീഷൻ പറഞ്ഞു. ബെല്ലടിച്ച് ഒരു മിനിറ്റ് തികയുന്നതിന് മുൻപ് തന്നെ അകത്തുകയറുന്നത് അംഗീകരിക്കാനാവില്ല. ഹോട്ടലിന്റെ നടപടിക്രമങ്ങൾ അതിഥികളുടെ അടിസ്ഥാനപരമായ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുകളിലല്ലെന്നും കോടതി വ്യക്തമാക്കി.

ദമ്പതികൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. മുറി വാടകയായി നൽകിയ 55,500 രൂപ ഒൻപത് ശതമാനം പലിശയോടെ തിരികെ നൽകണം. കോടതി ചെലവുകൾക്കായി 10,000 രൂപയും നൽകണമെന്ന് ഉപഭോക്തൃ കമീഷൻ പറഞ്ഞു. മുറിയിൽ 'ഡു നോട്ട് ഡിസ്റ്റർബ്' ബോർഡ് ഉണ്ടായിരുന്നില്ലെന്നും ബെല്ലടിച്ച ശേഷമാണ് കത്തുകയറിയതെന്നുമാണ് ഹോട്ടൽ അധികൃതർ കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി.

TAGS :

Next Story