Quantcast

'കോളനികളുടെ' പേരുമാറ്റം ജാതീയ അവഹേളനങ്ങൾ അവസാനിപ്പിക്കാനുള്ള ചരിത്രപരമായ നീക്കം; തമിഴ് എഴുത്തുകാരൻ ഇമായം

13 നൂറ്റാണ്ടിലേറെയായി തുടരുന്ന സാമൂഹിക കളങ്കത്തെ മായ്ക്കാൻ വഴിയൊരുക്കിയെന്ന പേരിൽ ഈ തീരുമാനം ചരിത്രത്തിൽ ഓർമിക്കപ്പെടുമെന്നും ഇമായം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    1 Jun 2025 3:19 PM IST

കോളനികളുടെ പേരുമാറ്റം ജാതീയ അവഹേളനങ്ങൾ അവസാനിപ്പിക്കാനുള്ള ചരിത്രപരമായ നീക്കം; തമിഴ് എഴുത്തുകാരൻ ഇമായം
X

ചെന്നൈ: പട്ടികജാതി മേഖലയെ സൂചിപ്പിക്കാൻ വളരെക്കാലമായി ഉപയോഗത്തിലുള്ള 'കോളനികൾ' എന്ന പദം മാറ്റാനുള്ള തീരുമാനം വിപ്ലവകരമായതാണെന്ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവും തമിഴ്‌നാട് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ വൈസ് ചെയർപേഴ്‌സണുമായ ഇമായം പറഞ്ഞു. 13 നൂറ്റാണ്ടിലേറെയായി തുടരുന്ന സാമൂഹിക കളങ്കത്തെ മായ്ക്കാൻ വഴിയൊരുക്കിയെന്ന പേരിൽ ഈ തീരുമാനം ചരിത്രത്തിൽ ഓർമിക്കപ്പെടുമെന്നും ഇമായം വ്യക്തമാക്കി.

'ഒരു വ്യക്തി ബാങ്കിൽ ലോണിനപേക്ഷിക്കുകയോ ജോലിക്ക് അപേക്ഷിക്കുകയോ ചെയ്യുന്ന സന്ദർഭം ഓർക്കുക. ജാതി കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ് ഉന്നതസ്ഥാനത്തെങ്കിൽ അഡ്രസ്സിലെ കോളനിയെന്ന പദം കാണുന്നതോടെ അർഹതപ്പെട്ടതെന്തോ അത് നൽകാതിരിക്കുകയോ മനപൂർവ്വം വൈകിപ്പിക്കുകയോ ചെയ്‌തേക്കാം.' ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസുമായി നടത്തിയ സംഭാഷണത്തിൽ ഇമായം അഭിപ്രായപ്പെട്ടു.

ഔദോഗിക രേഖകളിലെ അത്തരം വാക്കുകൾ വ്യക്തിയുടെ ജാതി വെളിപ്പെടുത്തുകയും വിവേചനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിച്ചമർത്തപ്പെട്ട സമൂഹത്തിന് നേരെയുള്ള മാനസികമായ ആക്രമണമാണ് ഇതെന്നും അതുകൊണ്ടാണ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതെന്നും ഇമായം വ്യക്തമാക്കി.

പുരാതന തമിഴ് വ്യാകരണ ഗ്രന്ഥമായ തോൽക്കാപ്പിയത്തിലും അകനാനൂറ്, കുറുന്തോഗൈ, നട്ട്രിണൈ തുടങ്ങിയ കൃതികളിലും ചേരി എന്ന പദം ഉപയോഗിച്ചതായി കാണാം. എന്നാൽ ഇവയിലൊന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വാസസ്ഥലത്തെ സൂചിപ്പിക്കാനല്ല ഈ പദം ഉപയോഗിച്ചിരിക്കുന്നത്. മറിച്ച്, എല്ലാവരും താമസിച്ചിരുന്ന പൊതുവായ താമസസ്ഥലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആവാസ വ്യവസ്ഥയുടെ ആന്തരികവും ബാഹ്യവുമായ ഭാഗങ്ങളെ സൂചിപ്പിക്കാൻ 'ചേരി' 'പുറഞ്ചേരി' എന്നീ പദങ്ങൾ ചിലപ്പതികാരത്തിലും ഉപയോഗിച്ചിരുന്നതായി ഇമായം വ്യക്തമാക്കുന്നു.

ഒൻപതാം നൂറ്റാണ്ട് മുതലാണ് വാസസ്ഥലങ്ങളുടെ പേരിലുള്ള വേർതിരിവ് ആരംഭിച്ചതെന്നും ഈ കാലഘട്ടത്തിലാണ് തമിഴ് സാഹിത്യത്തിൽ 'തീണ്ടച്ചേരി' എന്ന പദം ഉണ്ടായതെന്നും എഴുത്തുകാരൻ അഭിപ്രായപ്പെട്ടു കാലക്രമേണ 'ചേരി' എന്ന പദം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മാത്രം ഗ്രാമങ്ങളുടേതാവുകയായിരുന്നു. പിന്നീട് ഔദ്യോഗിക രേഖകളിലും പൊതു ഉപയോഗത്തിനുമായി ചേരിയെന്ന പദം മാറ്റി കോളനികളാക്കുകയായിരുന്നുവെന്നും ഇമായം വിശദീകരിച്ചു. ഈ പദങ്ങൾ പൂർണമായും മാറ്റുന്നത് സമത്വത്തിലേക്കും അന്തസിന്റെ സംരക്ഷണത്തിനുമുള്ള അർഥവത്തായ ശ്രമമാണെന്നും ഇമായം പറഞ്ഞു.

TAGS :

Next Story