Quantcast

ഗുഹയിൽ തങ്ങിയത് രണ്ടാഴ്ച; എട്ട് വർഷത്തോളം അനധികൃതമായി ഇന്ത്യയിൽ തുടർന്ന റഷ്യൻ വനിതയെയും കുട്ടികളെയും കണ്ടെത്തിയത് ഗോകർണ വനത്തിൽ

ആത്മീയമായ ഏകാന്തത തേടിയാണ് ഗോവയിൽ നിന്നും മോഹി ഗോകർണയിലെത്തിയതെന്ന്‌ പൊലീസ് പറയുന്നു

MediaOne Logo

Web Desk

  • Published:

    12 July 2025 7:31 PM IST

ഗുഹയിൽ തങ്ങിയത് രണ്ടാഴ്ച; എട്ട് വർഷത്തോളം അനധികൃതമായി ഇന്ത്യയിൽ തുടർന്ന റഷ്യൻ വനിതയെയും കുട്ടികളെയും കണ്ടെത്തിയത് ഗോകർണ വനത്തിൽ
X

ഗോകർണ: ഗോകർണയിലെ രാമതീർഥ കുന്നിൻ മുകളിലെ ഗുഹയിൽ നിന്നും റഷ്യൻ പൗരയായ യുവതിയെയും രണ്ട് പെൺകുട്ടികളെയും രക്ഷപ്പെടുത്തി. വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തങ്ങിയ നിന കുറ്റിന എന്ന മോഹിയെയും കുട്ടികളെയുമാണ് പൊലീസ് രക്ഷപ്പെടുത്തിയത്. രണ്ട് ആഴ്ചയോളമാണ് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഇവർ ഗുഹയിൽ കഴിഞ്ഞത്.

ജൂലൈ ഒൻപതിന് വൈകുന്നേരം നടത്തിയ പൊലീസിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ഗുഹയിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തിയത്. ആത്മീയമായ ഏകാന്തത തേടിയാണ് ഗോവയിൽ നിന്നും മോഹി ഗോകർണയിലെത്തുന്നത്. തുടർന്ന് ഗുഹയിലെ താമസത്തിനിടയിൽ മതപരമായ ആചാരകർമ്മങ്ങളും ധ്യാനവും ചെയ്തുവരികയായിരുന്നു.

ഗുഹ സ്ഥിതി ചെയ്യുന്നത് അപകടസാധ്യത ഒരുപാടുള്ള പ്രദേശത്താണെന്നും നേരത്തെ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം ഈ പ്രദേശത്തുണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെയുണ്ടായ മണ്ണിടിച്ചിലിന്റെ ഭാഗമായാണ് പൊലീസ് പ്രദേശത്ത് പട്രോളിങ്ങിന് എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്ത് വിരിച്ചിട്ടിരിക്കുന്ന സാരി ശ്രദ്ധയിൽ പെട്ട പൊലീസിന്റെ തിരച്ചിലിലാണ് ഗുഹയിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തുന്നത്. ആറും, നാലും വയസ്സുള്ള കുട്ടികളാണ് മോഹിയുടേത്. വന്യജീവികളും ഒരുപാടുള്ള പ്രദേശത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. കാട്ടിൽ് കഴിഞ്ഞ സമയത്ത് ഇവർക്ക് എവിടെ നിന്നാണ് ഭക്ഷണമടക്കമുള്ളവ ലഭിച്ചതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ബിസിനസ് വിസയിലാണ് മോഹി ഇന്ത്യയിലെത്തുന്നത്. 2017ൽ വിസ കാലാവധി അവസാനിച്ചു. എന്നാൽ തുടർന്നും അനധികൃതമായി ഇന്ത്യയിൽ തങ്ങുകയായിരുന്നു. നിലവിൽ കുടുംബത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. റഷ്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story