'കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്';വസതിക്ക് മുന്നിൽ നിതീഷിനെ പുകഴ്ത്തി പോസ്റ്ററുകൾ
പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി

പട്‌ന: ബിഹാറിൽ എൻഡിഎയുടെ മികച്ച പ്രകടനത്തിന് പിന്നാലെ നിതീഷ് കുമാറിനെ പുകഴ്ത്തി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പോസ്റ്റർ. ടൈഗർ അഭി സിന്ദ ഹേ ( കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ) എന്ന തലക്കെട്ടിൽ കടുവയുടേയും നിതീഷിന്റെയും ഫോട്ടോയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന് തുടങ്ങിയതോടെ ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ തന്നെയാണ് യഥാർത്ഥ കടുവയെന്ന് തെളിഞ്ഞുവെന്ന് പോസ്റ്റർ സ്ഥാപിച്ച ജനതാദൾ യുനൈറ്റഡ് പ്രവർത്തകർ പറഞ്ഞു.
243 അംഗ നിയമസഭയിൽ മികച്ച പ്രകടനമാണ് എൻഡിഎ പുറത്തെടുത്തത്. പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നിതീഷിന്റെ വീടിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന് എൻഡിഎ നേതാക്കൾക്കുള്ള സന്ദേശവും ഉണ്ടെന്നാണ് വിലയിരുത്തുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മറ്റ് അവകാശവാദങ്ങൾക്ക് പ്രസക്തിയില്ലെന്ന സന്ദേശമാണ് ജെഡിയു നൽകുന്നത്.
സീറ്റെണ്ണത്തിൽ ബിജെപിയാണ് രണ്ടാമത്. ആർജെഡി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. മഹാസഖ്യത്തിലെ മറ്റ് പാർട്ടികളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലീഡ് നിലയിൽ രണ്ടക്കം മുട്ടിക്കാൻ പോലും കോൺഗ്രസിന് സാധിച്ചില്ല. വലിയ മുന്നേറ്റം അവകാശപ്പെട്ട് 243 മണ്ഡലങ്ങളിലും മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി രണ്ട് സീറ്റിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്.
Adjust Story Font
16

