Quantcast

കലാപഭൂമിയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി, മഹാരാഷ്ട്രയില്‍ ബാഹുബലി മോഡല്‍ പോസ്റ്റര്‍; പ്രധാന ട്വിറ്റര്‍ വാര്‍ത്തകള്‍

ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍ ഇവയാണ്

MediaOne Logo

Web Desk

  • Updated:

    2023-07-06 14:47:22.0

Published:

6 July 2023 2:45 PM GMT

These are the news stories that got Twitter buzzing today
X

'വിദ്യാർത്ഥികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതം ചൊല്ലിച്ചു'; സ്കൂള്‍ പ്രിൻസിപ്പലിന് ഹിന്ദുത്വ സംഘത്തിന്റെ ക്രൂരമർദനം

മുംബൈ: മഹാരാഷ്ട്രയിൽ സ്‌കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ച് ഹിന്ദുത്വ സംഘം. പൂനെയിലെ ഒരു സ്‌കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം. ബജ്രങ്ദൾ സംഘമാണ് അധ്യാപകനെ വളഞ്ഞിട്ടു തല്ലിയത്.പൂനെയിലെ തലേഗാവ് ധബാഡെയിലുള്ള ഡി.വൈ പാട്ടീൽ ഹൈസ്‌കൂൾ പ്രിൻസിപ്പൽ അലെക്സാണ്ടർ കോട്ട്സ് റീഡ് ആണ് ആക്രമണത്തിനിരയായത്. നൂറോളം പേർ വരുന്ന സംഖം സ്‌കൂളിലേക്ക് ഇരച്ചെത്തുകയായിരുന്നു. 'ഹർ ഹർ മഹാദേവ്' മുഴക്കി പ്രിൻസിപ്പലിനു പിന്നാലെ കൂടിയ ഇവർ സ്‌കൂളിന്റെ ബാത്റൂമിന്റെ ഭാഗത്തുവച്ച് അദ്ദേഹത്തെ കൈയേറ്റം ചെയ്തു. വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു.

ആര് പ്രധാനമന്ത്രിയാകും? ആരായാലും പെണ്ണുകെട്ടിയ ആളാകണമെന്ന് ലാലു

പട്‌ന: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി വിഭാര്യനാകില്ലെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി മുഖം ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലാലു.'ആര് പ്രധാനമന്ത്രിയായാലും അത് ഭാര്യയില്ലാത്ത ആളാകരുത്. ഒരു ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുന്നത് ശരിയല്ല. അത് ഒഴിവാക്കപ്പെടണം.' - അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ വിശാലസഖ്യം മുന്നൂറ് സീറ്റു നേടുമെന്നും ലാലു പ്രത്യാശ പ്രകടിപ്പിച്ചു.

ശരത് പവാറിനെ പിന്നില്‍ നിന്നും കുത്തുന്ന അജിത് പവാര്‍; മഹാരാഷ്ട്രയില്‍ ബാഹുബലി മോഡല്‍ പോസ്റ്റര്‍

മുംബൈ: പാര്‍ട്ടി പിളര്‍പ്പിന്‍റെ പശ്ചാത്തലത്തില്‍ എന്‍.സി.പിയുടെ അടിയന്തര വര്‍ക്കിംഗ് കമ്മറ്റി യോഗം ശരത് പവാറിന്‍റെ വസതിയില്‍ ചേരാനിരിക്കെ അജിത് പവാറിനെതിരെ മഹാരാഷ്ട്രയില്‍ പോസ്റ്ററുകള്‍. ബാഹുബലി മോഡലില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ ശരത് പവാറിനെ പിന്നില്‍ നിന്നും കുത്തുന്ന അജിത് പവാറിനെയാണ് കാണിക്കുന്നത്. രാജ്യദ്രോഹി എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.എന്‍.സി.പിയുടെ വിദ്യാര്‍ഥി വിഭാഗമായ രാഷ്ട്രവാദി വിദ്യാർഥി കോൺഗ്രസാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

അജിത് പവാറിനെ കട്ടപ്പയായും ശരത് പവാറിനെ ബാഹുബലിയായും ചിത്രീകരിച്ചിരിക്കുന്നു. സ്വന്തം കൂട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന രാജ്യദ്രോഹികളെ രാജ്യം മുഴുവൻ വീക്ഷിക്കുകയാണെന്നും ഇത്തരക്കാരോട് പൊതുസമൂഹം പൊറുക്കില്ലെന്നും പോസ്റ്ററിൽ പറയുന്നു. എന്നാല്‍ പോസ്റ്ററില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.


മണിപ്പൂര്‍ സുഖം പ്രാപിക്കാന്‍ സമാധാനം വേണം; കലാപഭൂമിയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി

ഇംഫാല്‍: മണിപ്പൂരിലെ ദ്വിദിന സന്ദര്‍ശനത്തിന്‍റെ വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കുകിഴക്കൻ സംസ്ഥാനം സുഖം പ്രാപിക്കാൻ സമാധാനം ആവശ്യമാണെന്ന് വീഡിയോ പങ്കുവച്ചു കൊണ്ട് രാഹുല്‍ കുറിച്ചു.''മണിപ്പൂര്‍ സുഖം പ്രാപിക്കാൻ സമാധാനം ആവശ്യമാണ്. രണ്ടു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനിടയില്‍, നമ്മുടെ സഹോദരീസഹോദരന്മാർ വേദനിക്കുന്നത് കണ്ട് എന്‍റെ ഹൃദയം തകർന്നു.സമാധാനമാണ് മുന്നിലുള്ള ഏക വഴി, നാമെല്ലാവരും അതിനായി പ്രവർത്തിക്കണം'' രാഹുല്‍ ട്വീറ്റ് ചെയ്തു.

വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം കാരണം ഉയർന്നുവന്ന മതിലുകളുടെ ഉത്തരവാദികൾ മണിപ്പൂരിലെ ജനങ്ങളല്ല, സംസ്ഥാന പോലീസും ഭരണകൂടവുമാണ്" എന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു."മണിപ്പൂരിന് സമാധാനം ആവശ്യമാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് രോഗശാന്തി സ്പർശം ആവശ്യമാണ്. വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്‍റെ മതിലുകൾ തകർക്കേണ്ടതുണ്ട്, അതിന് മുഖ്യമന്ത്രി രാജിവയ്ക്കണം ,പ്രധാനമന്ത്രി ഉണരണം.'' ജയറാം രമേശ് കുറിച്ചു.


'ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല കളി, ലോകകപ്പാണ് കളിക്കുന്നത്'; പ്രതികരിച്ച് ബാബർ അസം

ഹോർ: ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല പാകിസ്താൻ കളിക്കുന്നതെന്നും ലോകകപ്പാണ് കളിക്കുന്നതെന്നും നായകൻ ബാബർ അസം. ഒരു ടീമിനെ മാത്രം ലക്ഷ്യമിടുന്നില്ലെന്നും ടൂർണമെൻറിലെ പത്തു ടീമുകളെയും ലക്ഷ്യമിടുന്നുവെന്നും എല്ലാവർക്കെതിരെയും നന്നായി കളിച്ച് ജയിച്ചാൽ മാത്രമേ ഫൈനലിലെത്താനാകൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2023ലെ ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്. ഒക്‌ടോബർ അഞ്ച് മുതൽ നവംബർ 19വരെയാണ് ടൂർണമെൻറ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വെച്ച് നവംബർ 19നാണ് ഫൈനൽ.


'നിങ്ങളുടെ സമയം ഉടൻ വരും': 'തഴഞ്ഞതിൽ' റിങ്കുവിന് സന്ദേശവുമായി ഇർഫാൻ പത്താൻ

മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 ടീമിൽ ഉൾപ്പെടും എന്ന് ക്രിക്കറ്റ് പ്രേമികൾ എല്ലാവരും കരുതിയ താരമായിരുന്നു റിങ്കു സിങ്. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തക്കായി തകർപ്പൻ പ്രകടനമാണ് റിങ്കു പുറത്തെടുത്തത്. മികച്ച ഫോമിൽ നിൽക്കെ റിങ്കുവിനെ തഴയാൻ കാരണങ്ങൾ ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.എന്നാൽ മുൻഇന്ത്യൻ താരം അജിത് അഗാർക്കറിന്റെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി പുതിയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ റിങ്കുവിന് അവസരം ഇല്ല.

ഇതോടെ നിരവധി പേർ നിരാശ പ്രകടമാക്കി സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തി. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും അക്കൂട്ടത്തിലുണ്ടായിരുന്നു. റിങ്കുവിന്റെ സമയം ഉടൻ വരും എന്നാണ് പത്താൻ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഐപിഎല്ലിൽ പതിനാല് മത്സരങ്ങളിൽ നിന്നായി 474 റൺസാണ് റിങ്കു അടിച്ചെടുത്തത്. 59.25 ആയിരുന്നു ആവറേജ്. 149.53 ആയിരുന്നു സ്ട്രക്ക് റേറ്റ്.

പുതിയ താരങ്ങളുമായി കരാർ: എഫ്‌സി അരീക്കോടിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ വിലക്ക്

പുതിയ താരങ്ങളുമായി കരാറിലേർപ്പെടുന്നതിന് എഫ്‌സി അരീക്കോടിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ പ്ലഴേ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ വിലക്ക്. കേരള ഫുട്‌ബോൾ അസോസിയേഷന് കീഴിൽ രജിസ്റ്റർ ചെയ്ത ക്ലബാണ് ഫുട്‌ബോൾ ക്ലബ് അരീക്കോട്.

ടൈംസ് ഓഫ് ഇന്ത്യ സ്‌പോർട്‌സ് എഡിറ്ററായ മാർക്കസ് മെർഗുൽഹാബാണ് ഈ വിവരം പങ്കുവെച്ചത്. എന്നാൽ ട്വിറ്ററിലെ കുറിപ്പിൽ വിലക്കിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ പാർട്ടി വിടുന്നു; കോൺഗ്രസിലേക്കെന്ന് സൂചന

ന്യൂഡൽഹി: മഹാരാഷ്ട്രയിൽനിന്നുള്ള മുതിർന്ന നേതാവും ബിജെപി ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെ കോൺഗ്രസിലേക്കെന്ന് സൂചന. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പങ്കജ കണ്ടതായി ലോക്മത് ന്യൂസ് റിപ്പോർട്ടു ചെയ്തു.

പങ്കജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡണ്ട് നാനാ പടോളെ അറിയിച്ചു.തൊണ്ണൂറുകളിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ വനിതാ ശിശു വികസന മന്ത്രിയായിരുന്നു. മഹാരാഷ്ട്ര ബിജെപിയിലെ തീപ്പൊരി നേതാവു കൂടിയാണ്.

ഞാന്‍ മാപ്പ് പറയുന്നു; ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച് അപമാനിച്ച ആദിവാസി യുവാവിന്‍റെ കാൽ കഴുകി ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: സിദ്ധിയില്‍ ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച് ആദിവാസി യുവാവിന്‍റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയില്‍ വച്ചാണ് അധിക്ഷേപത്തിനിരയായ ദശരഥ് റാവത്ത് എന്ന യുവാവിന്‍റെ കാല്‍ കഴുകിയത്.വീഡിയോ കണ്ട് തനിക്ക് വേദന തോന്നിയെന്നും സംഭവത്തില്‍ മാപ്പ് പറയുന്നതായും ശിവരാജ് സിങ് റാവത്തിനോട് പറഞ്ഞു.ശിവരാജ് സിങ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. "ആ വീഡിയോ കണ്ട് ഞാൻ വേദനിച്ചു, ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു, ആളുകൾ എനിക്ക് ദൈവത്തെ പോലെയാണ്," സിങ് പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കസേരയില്‍ ഇരുത്തുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് നിലത്ത് ചെറിയൊരു സ്റ്റൂളില്‍ ഇരുന്നുകൊണ്ട് അദ്ദേഹം യുവാവിന്‍റെ കാല്‍ കഴുകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റാവത്ത് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇരുപാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം റാവത്തിന്‍റെ കഴുത്തിലിട്ട ശേഷം ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വര്‍ണനിറത്തിലുള്ള ഗണപതി വിഗ്രഹമടക്കമുള്ള സമ്മാനങ്ങളും നല്‍കി. മധുരം റാവത്തിന്‍റെ വായില്‍ വച്ചു നല്‍കിയ ശേഷം കുറച്ചു സമയം റാവത്തുമായി സിങ് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

TAGS :

Next Story