Quantcast

ഗ്യാനേഷ് കുമാറിന് രാമജന്മഭൂമി ട്രസ്റ്റിൽ നിർണായക പങ്ക്; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

സെർച്ച് കമ്മിറ്റിക്ക് മുമ്പാകെ വന്ന 200-ലധികം ഉദ്യോഗസ്ഥരിൽനിന്ന് ആറ് പേരുകൾ ഷോർട്ട്ലിസ്റ്റ് ചെയ്തതിനെക്കുറിച്ച് വ്യക്തതയില്ലെന്നു അധീർ രഞ്ജൻ ചൗധരി

MediaOne Logo

Web Desk

  • Updated:

    2024-03-14 11:40:07.0

Published:

14 March 2024 11:01 AM GMT

Things to know about New Election Commissioners -Sukhbir Sandhu and Gyanesh Kumar
X

ന്യൂഡൽഹി: രാജ്യത്തെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും നിയമിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ജമ്മു കശ്മീർ ഡെസ്‌ക്കിനെ നയിച്ചതും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതും കമ്മീഷണർമാരിലൊരാളായ ഗ്യാനേഷ് കുമാറാണ്. ഇദ്ദേഹത്തിന്റെയും സന്ധുവിന്റെയും പേരുകൾ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അംഗവുമായ അധീർ രഞ്ജൻ ചൗധരിയാണ് ഇന്ന് പ്രഖ്യാപിച്ചത്. അനുപ് ചന്ദ്ര പാണ്ഡെ സ്ഥാനത്ത് നിന്ന് വിരമിക്കുകയും അരുൺ ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവെക്കുകയും ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.

രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നതിന് പാനലിന് മുന്നിൽ ആറ് പേരുകളുള്ള ഷോർട്ട്ലിസ്റ്റുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാനൽ സന്ധുവിന്റെയും കുമാറിന്റെയും പേരുകൾ അന്തിമമാക്കിയായിരുന്നുവെന്നും യോഗം അവസാനിച്ച് മിനിറ്റുകൾക്ക് ശേഷം ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയായ ലോക് കല്യാൺ മാർഗ് ഏഴിലാ (7LKM)യിരുന്നു കൂടിക്കാഴ്ച.

തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ചൗധരി പൂർണ തൃപ്തനല്ല. ചീഫ് ജസ്റ്റിസ് സെലക്ഷൻ പാനലിന്റെ ഭാഗമാകണമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ നേതൃത്വത്തിലുള്ള സെർച്ച് കമ്മിറ്റിക്ക് മുമ്പാകെ വന്ന 200-ലധികം ഉദ്യോഗസ്ഥരിൽനിന്ന് ആറ് പേരുകൾ ഷോർട്ട്ലിസ്റ്റ് ചെയ്തതിനെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഉദ്യോഗസ്ഥന്മാരായ ഉത്പൽ കുമാർ സിംഗ്, പ്രദീപ് കുമാർ ത്രിപാഠി, ഗ്യാനേഷ് കുമാർ, ഇന്ദേവർ പാണ്ഡെ, സുഖ്ബീർ സിംഗ് സന്ധു, സുധീർ കുമാർ ഗംഗാധർ രഹതെ എന്നിവരാണ് ഷോർട്ട്ലിസ്റ്റിലുണ്ടായിരുന്നത്.

മാർച്ച് എട്ടിനാണ് അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവച്ചത്. ഫെബ്രുവരി 14 ന് അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ചെയ്തു. ഇങ്ങനെ ഒഴിവ് വന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലേക്കാണ് പുതിയ ഉദ്യോഗസ്ഥരെത്തുന്നത്.

ആരാണ് ഗ്യാനേഷ് കുമാർ?

  • കേരള കേഡറിലെ 1998 ബാച്ചിൽ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ പാർലമെന്ററി കാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.
  • 2022 മെയ് മാസത്തിൽ സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിതനായി. ഈ നിയമനത്തെത്തുടർന്ന്, പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി പദവിയും അധിക ചുമതലയായി വഹിച്ചു.
  • പാർലമെന്ററി കാര്യ മന്ത്രാലയത്തിൽ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു.
  • സർവീസ് കാലാവധി പൂർത്തിയാക്കിയ കുമാർ, 2024 ജനുവരി 31-ന് സൂപ്പർആനുവേഷനിലെത്തിയ ശേഷം വിരമിച്ചു.
  • ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് 2019-ൽ ആഭ്യന്തര മന്ത്രാലയത്തിലെ ജമ്മു കശ്മീർ ഡെസ്‌ക്കിനെ കുമാറാണ് നയിച്ചത്. ഇതിനുപുറമെ, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

ആരാണ് സുഖ്ഭിർ സന്ധു?

  • പഞ്ചാബിൽ നിന്നുള്ള സന്ധു, ഉത്തരാഖണ്ഡ് കേഡറിൽ നിന്നുള്ള 1988 ബാച്ചിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്.
  • അമൃത്സറിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടി. ഗുരു നാനാക്ക് ദേവ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും സന്ധുവിനുണ്ട്.
  • 'നഗരപരിഷ്‌കാരങ്ങൾ', 'മുനിസിപ്പൽ മാനേജ്മെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ്' എന്നീ വിഷയങ്ങളിലും സന്ധു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.
  • 2021-ൽ പുഷ്‌കർ സിംഗ് ധാമി മുഖ്യമന്ത്രിയായി നിയമിക്കപ്പെടുന്ന സമയത്ത് അദ്ദേഹം ഉത്തരാഖണ്ഡിന്റെ ചീഫ് സെക്രട്ടറിയുടെ റോൾ ഏറ്റെടുത്തു. ഇതിന് മുമ്പ് അദ്ദേഹം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചു.
  • ലുധിയാന മുനിസിപ്പൽ കോർപ്പറേഷന്റെ കമ്മീഷണറായിരുന്ന കാലത്ത് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

Things to know about New Election Commissioners -Sukhbir Sandhu and Gyanesh Kumar

TAGS :

Next Story