'ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്നത് വെറും നുണ; ലക്ഷ്യം സാംസ്‌കാരിക അധിനിവേശം'; കേന്ദ്രത്തിനെതിരെ തോൽ തിരുമാവളവൻ
'ഹിന്ദി സംസാരിക്കുന്ന ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് യുവാക്കൾ ജോലി തേടി തമിഴ്നാട്ടിലേക്ക് വരികയാണ്'

- Published:
28 Jan 2026 6:02 PM IST

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വിസികെ നേതാവ് തോൽ തിരുമാവളവൻ. ഹിന്ദി അടിച്ചേൽപ്പിക്കപ്പെട്ടിരുന്നെങ്കിൽ തമിഴ് ഭാഷയുടെ പൈതൃകം എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ സമരകാലത്ത് ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ രക്തസാക്ഷികൾ ഉള്ളതുകൊണ്ടാണ് തമിഴ് ഇന്നും സജീവമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി പഠിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന വാദത്തെ അദ്ദേഹം തള്ളി. 'ഹിന്ദി സംസാരിക്കുന്ന ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് യുവാക്കൾ ജോലി തേടി തമിഴ്നാട്ടിലേക്ക് വരികയാണ്. ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെങ്കിൽ അവർ എന്തിനാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്?' അദ്ദേഹം ചോദിച്ചു.
ഭാഷയെ വെറുമൊരു ആശയവിനിമയ ഉപാധിയായല്ല, മറിച്ച് ജനങ്ങളുടെ മേൽ ഒരു പ്രത്യേക സംസ്‌കാരവും ചരിത്രവും അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഭരണം പിടിച്ചെടുക്കാനും വടക്കേന്ത്യൻ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനുമാണ് ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി വിരുദ്ധ പോരാട്ടങ്ങൾ നടന്നതുകൊണ്ടാണ് തമിഴ്നാട്ടിൽ ആർഎസ്എസ് രാഷ്ട്രീയത്തിന് വേരുപിടിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഹിന്ദി പഠിച്ചിരുന്നെങ്കിൽ തമിഴ്‌നാട്ടിലെ ജനങ്ങളും 'മോദി തരംഗത്തിൽ' വീണുപോകുമായിരുന്നുവെന്നും അംബേദ്കറുടെയും പെരിയാറിന്റെയും ആശയങ്ങൾ ഇവിടെ ഇല്ലാതാകുമായിരുന്നുവെന്നും തിരുമാവളവൻ പറഞ്ഞു.
തമിഴ് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയും എന്നാൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ ശക്തികൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാതി നിർമ്മാർജനത്തെക്കുറിച്ച് സംസാരിക്കാതെ ജാതിയെ മഹത്വവൽക്കരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
