തിരുപ്പറകുണ്‍റത്തെ കാര്‍ത്തിക ദീപം തെളിയിക്കല്‍; സുപ്രിംകോടതി അനുമതിക്കെതിരെ പുനഃപരിശോധന ഹരജിയുമായി ടിവികെ സര്‍ക്കാര്‍
തർക്ക സ്ഥലത്ത് വിളക്ക് കത്തിക്കുന്നത് ക്രമസമാധാനത്തെയും സാമുദായിക ഐക്യത്തെയും ബാധിക്കുമെന്ന് സർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്

ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പറകുണ്‍റം കുന്നിലെ തര്‍ക്കവിഷയമായ കല്‍ത്തൂണില്‍ ഈ വര്‍ഷം കാര്‍ത്തിക ദീപം തെളിയിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയതിനെതിരെ പുനഃപരിശോധന ഹരജി നല്‍കി ടിവികെ സര്‍ക്കാര്‍. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് കമ്മീഷണറാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി പുനഃപരിശോധന ഹരജി നല്‍കിയത്. തര്‍ക്കത്തിലുള്ള കല്‍ത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കുന്ന ഒരു പാരമ്പര്യവുമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. തർക്ക സ്ഥലത്ത് വിളക്ക് കത്തിക്കുന്നത് ക്രമസമാധാനത്തെയും സാമുദായിക ഐക്യത്തെയും ബാധിക്കുമെന്ന് സർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
തര്‍ക്കത്തിലുള്ള കല്‍ത്തൂണില്‍ ഈ വര്‍ഷം ഒറ്റത്തവണത്തേക്ക് മാത്രം കാര്‍ത്തിക ദീപം തെളിയിക്കാനാണ് നവംബര്‍ 20ലെ വിധിയില്‍ സുപ്രിംകോടതി അനുമതി നല്‍കിയത്. അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനും സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കും സമീപമുള്ള കല്‍ത്തൂണില്‍ ദീപം തെളിയിക്കാനാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല അനുമതി നല്‍കിയത്.
നിലവില്‍ ആചാരപരമായി ദീപം തെളിയിക്കുന്ന ഇടങ്ങളിലെ പൂജകളും ദര്‍ഗയിലേക്കും പള്ളിയിലേക്കുമുള്ള നിയമാനുസൃതമായ പ്രവേശനവും തടസമില്ലാതെ തുടരണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ ചെറിയൊരു സംഘത്തിന് മാത്രമാണ് തൂണില്‍ ദീപം തെളിയിക്കാന്‍ അനുമതിയുള്ളത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, പൊലീസ് കമ്മീഷണര്‍ എന്നിവരുമായി കൂടിയാലോചിച്ച് മധുര ജില്ലാ കലക്ടറാണ് ഈ സംഘത്തിന്റെ എണ്ണവും അംഗങ്ങളെയും തീരുമാനിക്കേണ്ടത്.
കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി
ചടങ്ങുകളുടെ മേല്‍നോട്ടം ജില്ലാ കലക്ടര്‍ വഹിക്കണമെന്നും പൊലീസ് സുരക്ഷയൊരുക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ സിആര്‍പിഎഫ് സഹായവും തേടാവുന്നതാണ്. ദീപം തെളിയിക്കുന്നതിനുള്ള സമയം, വഴി, ദൈര്‍ഘ്യം എന്നിവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ചടങ്ങിന് ശേഷം സംഘം ഉടന്‍ മടങ്ങണമെന്നും ഒരു സാധനസാമഗ്രികളും അവിടെ അവശേഷിപ്പിക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തര്‍ക്കസ്ഥലത്ത് പൊതുസമ്മേളനങ്ങള്‍, ഘോഷയാത്രകള്‍, പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍ തുടങ്ങിയവ പാടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അംഗീകൃത സംഘത്തിനും മേല്‍നോട്ടത്തിനും സുരക്ഷയ്ക്കും ആവശ്യമായ ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും ഇവിടേക്ക് പ്രവേശനം. തര്‍ക്കസ്ഥലത്ത് ഖനനമോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ ഘടനാപരമായ മാറ്റങ്ങളോ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
ഈ അനുമതിയോ ചടങ്ങോ ഒരു ആചാരത്തിന്റെയോ പ്രവേശന അവകാശത്തിന്റെയോ തെളിവായോ, വരും വര്‍ഷങ്ങളില്‍ അനുമതി തേടുന്നതിനുള്ള അടിസ്ഥാനമായോ കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
തര്‍ക്കസ്ഥലത്ത് ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയത്. തിരുപ്പറകുണ്‍റം കുന്നിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുവദിക്കണമെന്ന ഭക്തനായ രാമ രവികുമാറിന്റെ അപേക്ഷ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിരസിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് രവികുമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2025 ഡിസംബര്‍ ഒന്നിന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍, തര്‍ക്കത്തിലുള്ള തൂണ്‍ 'ദീപത്തൂണ്‍' ആണെന്ന് വിധിക്കുകയും ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്തിന് പുറമെ ഇവിടെയും ദീപം തെളിയിക്കാന്‍ ക്ഷേത്രത്തോട് നിര്‍ദേശിക്കുകയും ചെയ്തു. ഡിസംബര്‍ മൂന്നിന് ക്ഷേത്രം അധികൃതര്‍ ഇത് നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന്, സിഐഎസ്എഫ് സുരക്ഷയോടെ രവികുമാറിനും മറ്റ് 10 പേര്‍ക്കും ദീപം തെളിയിക്കാന്‍ ജഡ്ജി അനുമതി നല്‍കി. എന്നാല്‍ ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞതിനാല്‍ കഴിഞ്ഞ വര്‍ഷം ഇവിടെ ദീപം തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.
2026 ജനുവരി ആറിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെക്കുകയും തൂണ്‍ ക്ഷേത്രഭൂമിയിലാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. എഎസ്‌ഐയുമായും പൊലീസുമായും ആലോചിച്ച് തീരുമാനിക്കുന്ന ക്ഷേത്ര സംഘത്തിന് മാത്രമായിരിക്കണം ദീപം തെളിയിക്കാന്‍ അനുമതിയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ആഗസ്റ്റ് മൂന്നിന് അപ്പീലില്‍ നോട്ടീസ് അയച്ചെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. ഈ ആഴ്ച നടന്ന വാദത്തിനിടെ, 1923-ലെ ഒരു കോടതി വിധി ഹൈക്കോടതി ഇടുങ്ങിയ രീതിയിലാണ് വ്യാഖ്യാനിച്ചതെന്നും ദര്‍ഗയെ അറിയിക്കാതെയാണ് ജസ്റ്റിസ് സ്വാമിനാഥന്‍ സ്ഥലം സന്ദര്‍ശിച്ചതെന്നും ദര്‍ഗ കമ്മിറ്റി വാദിച്ചു. ചരിത്രപരമായ സര്‍വേ രേഖകള്‍ ഉദ്ധരിച്ച് ഇതൊരു സര്‍വേ അടയാളമാണെന്നായിരുന്നു മധുര ജില്ലാ കലക്ടറുടെ വാദം. എന്നാല്‍ തൂണിന്റെ മുകളിലെ കുഴിയും തമിഴ്നാട്ടിലെ മറ്റ് ക്ഷേത്രങ്ങളിലെ സമാനമായ തൂണുകളുടെ ചിത്രങ്ങളും ചൂണ്ടിക്കാട്ടിയാണ് രവികുമാറിന്റെ അഭിഭാഷകര്‍ വാദിച്ചത്. കേസില്‍ 2027 ജനുവരിയില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കും.
Adjust Story Font
16

