ഇതൊരു യുദ്ധഭൂമി പോലിരിക്കുന്നു.., വഴിയാധാരമായി ആയിരങ്ങൾ; അസമിലെ ഗോൾപാറയിൽ വീണ്ടും കുടിയൊഴിപ്പിക്കൽ
മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന കുടിയൊഴിപ്പിക്കലിൽ 1000 കുടുംബങ്ങളുടെ കുടിലുകൾ ഇടിച്ചുനിരത്തി

ഗോൾപാറ: അസമിലെ ഗോൾപാറയിൽ വീണ്ടും വ്യാപക കുടിയൊഴിപ്പിക്കൽ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന കുടിയൊഴിപ്പിക്കലിൽ 1000 കുടുംബങ്ങളുടെ കുടിലുകൾ ഇടിച്ചുനിരത്തി. കൃഷ്ണായ് വനമേഖലയിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്.
വനമേഖല തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. കുറച്ച് കാലമായി പ്രദേശത്ത് ആനയിറങ്ങുന്നത് പതിവായിരുന്നു. ശനിയാഴ്ച രാവിലെ ബുൾഡോസറുകളുമായെത്തിയ സംഘം വീടുകൾ പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെ താമസക്കാർ പരിഭ്രാന്തരായി. 2000ത്തോളം കുടുംബങ്ങൾക്ക് വീടു നഷ്ടപ്പെടുന്നതാണ് അധികൃതരുടെ നടപടി.
വീടുകൾ ഇടിച്ചുനിരത്തുന്നതിനിടയിൽ പലർക്കും കാലങ്ങളായുള്ള തങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്നും യാതൊന്നും സംരക്ഷിക്കാനായില്ല. പലരും കരഞ്ഞും തകർന്നും പലഭാഗങ്ങളിലായി കൂടിയിരുന്നു. 'ഈ ഭൂമി ഒരിക്കും പൈക്കാൻ വനത്തിന്റെ ഭാഗമായിരുന്നില്ല. കഴിഞ്ഞ വർഷമാണ് വനമേഖലയായി സർക്കാർ ഈ ഭൂമിയെ മാറ്റുന്നത്. ഒരു വിഭാഗത്തിനെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന നീക്കമാണിത്. വീടുകൾ പൊളിച്ചുമാറ്റുന്നതിന് മുമ്പ് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കണമായിരുന്നു' എന്ന് പ്രദേശവാസി പറഞ്ഞു.
വീട് തകർത്ത മനോവിഷമത്തിൽ പ്രദേശവാസികളിലൊരാൾ ജീവനൊടുക്കാൻ ശ്രമിക്കുകയും മറ്റൊരാൾ കുഴഞ്ഞ് വീണ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. തങ്ങൾ ഏകാധിപതിയുടെ കീഴിലാണെന്ന് മറ്റൊരു പ്രദേശവാസി ആരോപിച്ചു. കുടിയൊഴിപ്പിക്കലിനെ എതിർക്കുന്നില്ല, പക്ഷേ ആയിരക്കണക്കിന് വരുന്ന ആളുകൾ എങ്ങോട്ട് പോകുമെന്നത് കൂടി അധികൃതർ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടതായി ആളുകൾ കുറ്റപ്പെടുത്തി. തകർത്ത വീടിന് അടുത്തുപോലും പോകാനോ ബാക്കിയായിട്ടുള്ളതിൽ നിന്ന് എന്തെങ്കിലും എടുക്കാനോ അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.
'ഇതൊരു യുദ്ധഭൂമി പോലെയിരിക്കുന്നു, അത്രയധികം സേനയും യന്ത്രങ്ങളും ഇവിടെയുണ്ട്. 2000ത്തോളം വരുന്ന ആളുകൾ ഇത്ര ചെറിയ സമയത്തിനുള്ളിൽ എങ്ങോട്ട് പോകാനാണ്? എന്നും പ്രദേശവാസികളിലൊരാൾ ചോദിക്കുന്നു. ഭൂമി കഴിഞ്ഞവർഷം മാത്രമാണ് വനഭൂമിയായി പ്രഖ്യാപിച്ചതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികൾ. മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങളെങ്കിലും ഒരുക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 23 ദിവസം മുമ്പ് നോട്ടീസ് ലഭിച്ചിരുന്നെന്നും എന്നാൽ മാറിത്താമസിക്കാനിടം കണ്ടെത്താൻ സാധിക്കാത്തതാണെന്നും അവർ വ്യക്തമാക്കി.
എന്നാൽ ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇന്ത്യയിൽ ആന ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ഗോൾപാറയെന്നും അധികൃതർ വ്യക്തമാക്കുന്നു. വനമേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങൾ ഒഴിപ്പിച്ച് മുളകൾ വെച്ചുപിടിപ്പിക്കാനും കാടാക്കി മാറ്റാനുമാണ് സർക്കാർ തീരുമാനം.
Adjust Story Font
16

