'ഈ റോഡ് മുസ്‌ലിംകൾക്ക് വേണ്ടിയുള്ളതല്ല '; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയിൽ വിദ്വേഷ ചുവരെഴുത്തുകൾ
തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ വനിതാ പ്രവർത്തകരാണ് ഇത് ചെയ്തതെന്ന് ഹിന്ദു രക്ഷാദൾ പറഞ്ഞു

- Published:
28 Feb 2026 11:41 AM IST

ഡെറാഡൂൺ: പുതിയതായി നിർമിച്ച ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയിൽ മുസ്‌ലിം വിരുദ്ധ ചുവരെഴുത്തുകൾ. 'ഈ റോഡ് മുസ് ലിംകൾക്ക് വേണ്ടിയുള്ളതല്ല' എന്ന വിദ്വേഷ വാചകങ്ങളാണ് ചുവരുകളിൽ എഴുതിയിരിക്കുന്നത്. എക്‌സ്പ്രസ് വേയുടെ തൂണുകളിലും മതിലുകളിലും സ്‌പ്രേ പെയിൻ്റ് ഉപയോഗിച്ച് ഇത്തരത്തിൽ എഴുതിയിട്ടുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദൾ ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ വനിതാ പ്രവർത്തകരാണ് ഇത് ചെയ്തതെന്ന് ഹിന്ദു രക്ഷാദൾ പറഞ്ഞു.
ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ വന്യജീവി ഇടനാഴിയായി അറിയപ്പെടുന്ന രാജാജി ടൈഗർ റിസർവിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് സ്‌ട്രെച്ചിലാണ് ഈ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞ എത്തിയ പൊലീസ് ചുവരെഴുത്തുകൾ മായ്ച്ചു കളഞ്ഞെങ്കിലും കോൺക്രീറ്റ് ഉപരിതലത്തിൽ മങ്ങിയ നിലയിൽ ഇപ്പോളും വിദ്വേഷ വാചകങ്ങൾ കാണാൻ സാധിക്കും.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഉത്തരാഖണ്ഡിൻ്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോട്ട് ചെയ്തിട്ടുണ്ട്. ഹരിദ്വാറിലെ ഹർ കി പൗരിയിലും ഗംഗാതീരത്തെ വിവിധ ഘാട്ടുകളിലും 'ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനമില്ല' എന്ന ബോർഡുകൾ അടുത്തിടെ സ്ഥാപിച്ചിരുന്നു. 1916-ലെ മുൻസിപ്പൽ ബൈലോ പ്രകാരം തീർത്ഥാടന കേന്ദ്രത്തിന്റെ വിശുദ്ധി സംരക്ഷിക്കാനാണ് ഈ നടപടിയെന്നാണ് ശ്രീ ഗംഗാ സഭയുടെ വിശദീകരണം.
പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ആത്മീയ അന്തരീക്ഷവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനം നിരോധിച്ചതായി ക്ഷേത്ര കമ്മിറ്റികൾ പ്രഖ്യാപിക്കുകയായിരുന്നു.
Adjust Story Font
16
