ഇന്ത്യയിൽ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യം ഈ ദക്ഷിണേന്ത്യൻ നഗരം; ആദ്യ പത്തിൽ കേരളത്തിലെ നഗരവും
നഗരങ്ങളിലെ സാമൂഹിക സുരക്ഷ, തൊഴിലവസരങ്ങൾ എന്നിവ മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയത്

- Published:
8 Jan 2026 5:32 PM IST

ബംഗളൂരു: പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ നഗരമായി ബംഗളുരുവിനെ തെരഞ്ഞെടുത്തു. ചെന്നൈ ആസ്ഥാനമായുള്ള 'അവതാർ' എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് 125 നഗരങ്ങളെ പിന്നിലാക്കി ബംഗളുരു ഒന്നാമതായത്. പട്ടികയിലെ ആദ്യ പത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നഗരങ്ങളാണ് കൂടുതൽ എന്നതും ശ്രദ്ധേയമാണ്. ആദ്യ പത്തിൽ കേരളത്തിൽ നിന്നുള്ള തിരുവനന്തപുരം ഇടം പിടിച്ചു.
നഗരങ്ങളിലെ സാമൂഹിക സുരക്ഷ, തൊഴിലവസരങ്ങൾ എന്നിവ മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയത്. 53.29 സ്‌കോർ നേടിയാണ് ബംഗളൂരു ഒന്നാമതെത്തിയത്. ചെന്നൈ (49.86), പൂനെ (46.27) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സാമൂഹിക സുരക്ഷയിൽ സുരക്ഷിതത്വം, ആരോഗ്യം, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നീ ഘടകങ്ങൾ പരിഗണിച്ചു. ജോലി സാധ്യതകൾ, കമ്പനികളിലെ സ്ത്രീ പങ്കാളിത്തം, നൈപുണ്യ വികസനം എന്നിവയാണ് തൊഴിൽ സാഹചര്യത്തിൽ പരിഗണിച്ചത്.
സുരക്ഷയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ ചെന്നൈയാണ് മുന്നിൽ. എന്നാൽ മികച്ച തൊഴിലവസരങ്ങളും കോർപ്പറേറ്റ് സൗകര്യങ്ങളും ബംഗളൂരുവിനെ ഒന്നാമതെത്താൻ സഹായിച്ചു. സ്ത്രീകൾക്ക് ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച സാഹചര്യം ദക്ഷിണേന്ത്യൻ നഗരങ്ങളിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൈദരാബാദ്, കോയമ്പത്തൂർ എന്നീ നഗരങ്ങളും ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയുടെ ആദ്യ പത്തിൽ ഉൾപ്പെട്ട നഗരങ്ങൾ ഇവയാണ്. ബംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം, കൊൽക്കത്ത, അഹമ്മദാബാദ്, തിരുവനന്തപുരം, കോയമ്പത്തൂർ.
Adjust Story Font
16
