Quantcast

'നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല'; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുണ്ടെങ്കിലും അവരുടെ എണ്ണം ക്രമേണ കുറയുകയാണെന്നും ഗഡ്കരി

MediaOne Logo

Web Desk

  • Published:

    7 Feb 2024 7:18 AM GMT

Union minister Nitin Gadkari,നിതിൻ ഗഡ്കരി,BJP
X

മുംബൈ: നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ലെന്നും മോശം പ്രവൃത്തി ചെയ്യുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 'ഞാൻ തമാശയായി പലപ്പോഴും പറയാറുണ്ട്. ഏത് പാർട്ടിയുടെ സർക്കാർ ഭരിച്ചാലും നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും പരിഗണന ലഭിക്കുന്നില്ല. എന്നാൽ മോശമായി ജോലി ചെയ്യുന്നവർ ശിക്ഷക്കപ്പെടാറുമില്ല..'. അദ്ദേഹം പറഞ്ഞു. മുംബൈയിൽ പാർലമെന്റംഗങ്ങളുടെ മാതൃകാപരമായ സംഭാവനകൾക്കുള്ള പുരസ്‌കാരങ്ങൾ നൽകുന്നതിനായി ലോക്മത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണപക്ഷത്തോടൊപ്പം നിൽക്കാൻ ചില അവസരവാദ രാഷ്ട്രീയ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രത്യയശാസ്ത്രത്തിലെ അപചയം ജനാധിപത്യത്തിന് നല്ലതല്ല. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുണ്ടെങ്കിലും അവരുടെ എണ്ണം ക്രമേണ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരെയും പേരെടുത്ത് പറയാതെയായിരുന്നു ഗഡ്കരിയുടെ വാക്കുകൾ.

ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. പബ്ലിസിറ്റിയും ജനപ്രീതിയും ആവശ്യമാണ്. എന്നാൽ പാർലമെന്റിലെത്തി വെറുതെ സംസാരിച്ച് ആളാകാൻ നോക്കുന്നതിന് പകരം സ്വന്തം മണ്ഡലത്തിലെ വികസനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിൻ്റെ വാക്ചാതുര്യത്തെ പ്രശംസിച്ച ഗഡ്കരി, മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിൻ്റെ പെരുമാറ്റം, ലാളിത്യം, വ്യക്തിത്വം എന്നിവയിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിക്ക് ശേഷം എന്നെ വളരെയധികം ആകർഷിച്ച വ്യക്തി ജോർജ് ഫെർണാണ്ടസാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story