Quantcast

'ഇത് എനിക്കു പറഞ്ഞ പണിയല്ല'; മിമി ചക്രവർത്തി ലോക്‌സഭാ അംഗത്വം രാജിവച്ചു

ബംഗാളിലെ ജാദവ്പൂരിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പിയാണ് നടി കൂടിയായ മിമി ചക്രവർത്തി

MediaOne Logo

Web Desk

  • Updated:

    2024-02-15 12:40:41.0

Published:

15 Feb 2024 12:36 PM GMT

TMC MP Mimi Chakraborty resigns from Lok Sabha, Actress Mimi Chakraborty, Trinamool Congress
X

മിമി ചക്രവര്‍ത്തി

കൊൽക്കത്ത: ലോക്‌സഭാ അംഗത്വം രാജിവച്ച് നടിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മിമി ചക്രവർത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപിച്ചത്. രാഷ്ട്രീയം തനിക്കു പറഞ്ഞ പണിയല്ലെന്ന് രാജിക്കു പിന്നാലെ അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജാദവ്പൂരിൽനിന്നുള്ള ലോക്‌സഭാ അംഗമാണ് മിമി. 2022ലും എം.പി സ്ഥാനത്തുനിന്നു രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും മമത അംഗീകരിച്ചില്ലെന്ന് അവർ വെളിപ്പെടുത്തി. ഇത്തവണയും രാജി തൃണമൂൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടില്ല. രാജി സ്വീകരിച്ചിട്ടില്ലെങ്കിലും എല്ലാ കാര്യവും നോക്കിക്കൊള്ളാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മിമി പറഞ്ഞു.

രാഷ്ട്രീയക്കാരി എന്നതിനൊപ്പം നടി കൂടിയാണ് താനെന്നും രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാലും ഇല്ലെങ്കിലും വിമർശനം ഏറ്റുവാങ്ങേണ്ടിവരുമെന്നും മിമി ചക്രവർത്തി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയം എനിക്കു പറഞ്ഞ പണിയല്ല. സിനിമാ മേഖലയിൽനിന്നുള്ള ഒരാളെ ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞ് അപകീർത്തിപ്പെടുത്താൻ എളുപ്പമാണ്. രാഷ്ട്രീയത്തിന്റെ ബാലപാഠം എനിക്ക് അറിയില്ല. വിഷയങ്ങളെല്ലാം മമത ബാനർജിയുമായി സംസാരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

അടുത്തിടെ പാർലമെന്റിന്റെ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റിയിൽനിന്നും മിമി രാജിവച്ചിരുന്നു. വ്യവസായ സ്റ്റാൻഡിങ് കമ്മിറ്റിയിലും കേന്ദ്ര ഊർജ-പുനരുപയോഗ ഊർജ സംയുക്ത സമിതിയിലും അംഗമായിരുന്നു അവർ. ജാദവ്പൂർ മണ്ഡലത്തിനു കീഴിലുള്ള നാൽമുറി-ജിരാഗച്ഛ ബ്ലോക്ക് പ്രൈമറി ഹെൽത്ത് സെന്റർ പേഷ്യന്റ് വെൽഫെയർ അസോസിയേഷനിൽനിന്നും അവർ രാജി പ്രഖ്യാപിച്ചിരുന്നു.

Summary: TMC MP Mimi Chakraborty resigns from Lok Sabha

TAGS :

Next Story